തദ്ദേശ തിരഞ്ഞെടുപ്പ്: കൊച്ചിയില്‍ ഇരുമുന്നണികളെയും ഞെട്ടിച്ച് ബിജെപി, നാലിടത്ത് തേരോട്ടം!!
കൊച്ചി: ഇരുമുന്നണികളെയും ഞെട്ടിച്ച് കൊച്ചി കോര്‍പ്പറേഷനില്‍ നാലിടത്ത് ബിജെപിയുടെ മുന്നേറ്റം. എറണാകുളം സൗത്ത്, എറണാകുളം സെന്‍ട്രല്‍, നോര്‍ത്ത് ഐലന്റ്, അമരാവതി എന്നിവിടങ്ങളിലാണ് ബിജെപി ജയം നേടിയത്. അതേസമയം കഴിഞ്ഞ തവണ വെറും രണ്ട് സീറ്റ് മാത്രമാണ് ബിജെപി നേടിയത്. ഇത്തവണ രണ്ട് സീറ്റ് കൂടി നേടി അവര്‍ കരുത്ത് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതില്‍ തന്നെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാലിനെ ഒരു വോട്ടിന് പരാജയപ്പെടുത്തി നോര്‍ത്ത് ഐലന്റില്‍ ബിജെപി തകര്‍പ്പന്‍ ജയം നേടി.

യുഡിഎഫിന്റെ സിറ്റിംഗ് സീറ്റിലാണ് മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റത്. ഗ്രൂപ്പ് വഴക്ക് പ്രചാരണത്തിനിടെ ശക്തമായിരുന്നു എന്ന് വേണുഗോപാല്‍ പരാതിപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലും ഇത് വലിയ ചര്‍ച്ചയാവും. അതേസമയം അങ്കമാലി നഗരസഭയിലെ നിലവിലെ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും പരാജയപ്പെട്ടു. എംഎ ഗ്രേസിയും ഗിരിഷ് കുമാറുമാണ് തോറ്റത്. രണ്ടുപേരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ്. ഇത് എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ്.
Recommended Video
അതേസമയം അങ്കമാലി നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി അവിശ്വാസങ്ങളില്ലാതെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇടതുപക്ഷം. എന്നിട്ടും ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും വിജയിക്കാനായില്ല. ഭരണകക്ഷിയായ എല്‍ഡിഎഫ് കടുത്ത വെല്ലുവിളിയാണ് പ്രതിപക്ഷത്തില്‍ നിന്ന് നേരിട്ടത്. വികസന പദ്ധതികള്‍ ധാരാളം വാഗ്ദാനം ചെയ്‌തെങ്കിലും അതൊന്നും നടപ്പാക്കിയില്ലെന്ന പരാതി ഇടതുപക്ഷത്തിനെതിരെ ശക്തമായിരുന്നു.
കൊച്ചിയില്‍ സ്വതന്ത്രര്‍ ആരെയും പിന്തുണയ്ക്കാതിരുന്നാല്‍ ഭരണത്തിന്റെ ഭാഗമാവാനുള്ള സാധ്യതയും ബിജെപിക്കുണ്ട്. എന്നാല്‍ ഇടതുപക്ഷമോ യുഡിഎഫോ ഇവരെ ഒപ്പം കൂട്ടുമോ എന്ന് വ്യക്തമല്ല. അതേസമയം സാന്നിധ്യം പോലുമില്ലാതിരുന്ന ഇടത്താണ് ബിജെപി കുതിച്ച് കയറിയത്. ക്രിസ്ത്യന്‍ വോട്ടുകളുടെ സഹായം ബിജെപിക്ക് ലഭിച്ചു എന്ന് വ്യക്തമാണ്. ഇനി കോണ്‍ഗ്രസിനും ഇടതിനും മുഖ്യ എതിരാളിയായും ബിജെപി മാറും. കോണ്‍ഗ്രസിന്റെ പല കോട്ടകളിലും വോട്ടുകള്‍ ചോര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു എന്നാണ് വിലയിരുത്തല്‍.
അതേസമയം ഈ നേട്ടം സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ ബിജെപിക്ക് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. തിരുവനന്തപുരത്ത് പ്രതീക്ഷ വെച്ചെങ്കിലും ഭരണം പിടിക്കാനായില്ല. പാലക്കാട് ഭരണം പിടിക്കാനായി എന്നത് ആശ്വാസമാണ്. മൊത്തത്തില്‍ വന്‍ നിരാശയാണ് ബിജെപിക്കുണ്ടായത്. ക്രിസ്ത്യന്‍ വോട്ടുകളും മുന്നോക്ക വിഭാഗം വോട്ടുകളും ബിജെപിക്ക് കിട്ടി എന്നാണ് ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്.












Click it and Unblock the Notifications