കൊച്ചിയില്‍ താരങ്ങള്‍ ഇറങ്ങിയിട്ടും സ്റ്റീഫന്‍ തോറ്റു, ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ തോല്‍വി 7 വോട്ടിന്
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ താരപ്രചാരകര്‍ എത്തി ഏറെ ചര്‍ച്ചയായ സ്ഥാനാര്‍ത്ഥിത്വമായിരുന്നു സ്റ്റീവന്‍ റോബര്‍ട്ടിന്റേത്. എന്നാല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സ്റ്റീവന്‍ പരാജയപ്പെട്ടു. കൊച്ചി നഗരസഭയിലെ ഒന്നാം ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സ്റ്റീവന്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഏഴ് വോട്ടിനാണ് പരാജയപ്പെട്ടത്. സ്റ്റീവന്‍ റോബര്‍ട്ട് 1422 വോട്ട് നേടിയപ്പോള്‍ യുഡിഎഫിന്റെ ആന്റണി കൂരിത്തറ 1429 വോട്ടുകളാണ് നേടിയാണ് വിജയം സ്വന്തമാക്കിയത്. കൊച്ചിയില്‍ ഏറ്റവും ഗംഭീരമായ താരപ്രചാരണം നടന്നത് സ്റ്റീഫന് വേണ്ടിയായിരുന്നു.

തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കൊച്ചിക്കാരന്‍ സ്റ്റീഫനായി സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. സ്റ്റീഫന്‍ തോറ്റാല്‍ കൊച്ചി തോറ്റു എന്ന ക്യാമ്പയിന്‍ വരെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. രാജീവ് രവിയും, ആഷിഖ് അബുവും വിനയ് ഫോര്‍ട്ടുമെല്ലാം സ്റ്റീഫന് വേണ്ടി പ്രചാരണ രംഗത്ത് സജീവമായി ഉണ്ടായിരുന്നു. മഹാരാജാസിലെ സ്റ്റീഫനൊപ്പമുണ്ടായിരുന്ന സഹപാഠികളും നാട്ടുകാരുമൊക്കെ അദ്ദേഹത്തെ വെച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ കൊച്ചിയില്‍ വിജയിക്കുമെന്ന പ്രതീതി സ്റ്റീഫനുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷ അസ്ഥാനത്തായി.
മനുഷ്യമൂല്യങ്ങളെ അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിത്വമാണ് സ്റ്റീഫനുള്ളതെന്ന് സംവിധായന്‍ രാജീവ് രവി നേരത്തെ പറഞ്ഞിരുന്നു. എന്ത് പ്രശ്‌നം വന്നാലും സ്റ്റീഫനെ കണ്ട് പറഞ്ഞാല്‍ അതോടെ പരിഹാരം കണ്ടെത്തുമെന്നും തിരക്കഥാകൃത്തായ ഗോപന്‍ ചിദംബരം പ്രചാരണ സമയത്ത് പറഞ്ഞിരുന്നു. നടി അനുമോളും വിനായകനും സ്റ്റീഫനെ പിന്തുണച്ചിരുന്നു. സ്റ്റീഫന്‍ അറിഞ്ഞിരിക്കേണ്ട വ്യക്തിയാണെന്നും, ഇത്തരം മനുഷ്യരാണ് വിജയിക്കേണ്ടതെന്നും അനുമോള്‍ പറഞ്ഞിരുന്നു. അതേസമയം മൂവായിരം രൂപയാണ് സ്റ്റീഫന്റെ സമ്പത്തെന്ന പ്രചാരണവും വലിയ ശ്രദ്ധ നേടിയിരുന്നു.
അതേസമയം സ്റ്റീഫന്‍ പരാജയപ്പെട്ടെങ്കിലും എല്‍ഡിഎഫ് കൊച്ചി കോര്‍പ്പറേഷനില്‍ വലിയ മുന്നേറ്റം തന്നെ നടത്തി. 34 സീറ്റ് നേടി ഏറ്റവും വലിയ മുന്നണിയായി എല്‍ഡിഎഫ് മാറിയിരിക്കുകയാണ്. അതേസമയം ഇടത് സ്വതന്ത്രന്റെ പിന്തുണ കൂടിയാവുമ്പോള്‍ ഭരിക്കാമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്. എന്നാല്‍ കൊച്ചി കോര്‍പ്പറേഷന്‍ ഭരിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ച് പറയുന്നു. ഇപ്പോഴും അവിടെ വലിയ സസ്‌പെന്‍സ് തുടരുകയാണ്.












Click it and Unblock the Notifications