പുലിയെ പേടിച്ച് നില്‍ക്കാനും ഇരിക്കാനും വയ്യ, ഓപ്പറേഷന്‍ ലെപ്പേര്‍ഡുമായി വേങ്ങൂര്‍
പെരുമ്പാവൂര്‍: പുലിയെ പേടിച്ച് ഇരിക്കാനും നില്‍ക്കാനും പറ്റാത്ത അവസ്ഥ. പറഞ്ഞ് വരുന്നത് വേങ്ങൂരിന്റെ കാര്യമാണ്. എപ്പോള്‍ ചാടി വീഴുമെന്ന് അറിയാത്ത അവസ്ഥയില്‍ നെഞ്ചിടിപ്പിലാണ് നാട്ടുകാര്‍. ഇതിനൊരു അവസാനം കാണാനുള്ള ഒരുക്കത്തിലാണ് വേങ്ങൂരിലുള്ളവര്‍. നാട്ടുകാരുടെ പേടിസ്വപ്‌നമായ പുലിയെ പിടിക്കാന്‍ പുതിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുകയാണ് നാട്ടുകാര്‍. ഓപ്പറേഷന്‍ ലെപ്പേര്‍ഡ് എന്ന പേരിലാണ് ടാസ്‌ക് ഫോഴ്‌സ്. വേങ്ങൂരില്‍ മാത്രമല്ല ഇടുക്കിയിലും പത്തനംതിട്ടയിലും വയനാട്ടിലുമെല്ലാം പുലിയുടെയും കടുവയുടെയും ആനയുടെയുമെല്ലാം ശല്യം സഹിക്കാനാവാത്ത അവസ്ഥയിലാണ് ജനങ്ങള്‍.

കൃഷി നാശം മാത്രമല്ല ആളപായവും ഉണ്ടാവുന്നുണ്ട്. ഏത് നിമിഷമാണ് ഇവ ആക്രമിക്കുകയെന്ന ഭയം വേറെയും. സമാന അവസ്ഥയാണ് വേങ്ങൂരിലുമുള്ളത്. പുലിയെ പിടിക്കുന്നതിനാല്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒപ്പം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും ഡ്രോണ്‍ നിരീക്ഷണം തുടരാനും കൂവപ്പടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനിച്ചത്. എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയാണ് ഉദ്ഘാടനം ചെയ്തത്. ജനവാസ മേഖലയായതിനാല്‍ ജനങ്ങലുടെ ഭീതി ന്യായമാണെന്ന തോന്നല്‍ പഞ്ചായത്ത് ഭരണസമിതിക്ക് അടക്കമുണ്ട്.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ജനവാസ കേന്ദ്രത്തിന് നിന്ന് പുലിയെ ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ടാസ്‌ക് ഫോഴ്‌സ് നടത്തുന്നത്. പുലി വളര്‍ത്തുമൃഗങ്ങള്‍ക്കെതിരെ അടക്കം ആക്രമണം നടത്തുന്നുണ്ട്. പാണിയേലി മേഖലയില്‍ ഇതുവരെ അഞ്ച് തവണയാണ് പുലിയുടെ സാന്നിധ്യമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച്ച തിങ്കളാഴ്ച്ച പുലര്‍ച്ചെയുമായിമൂന്ന് തവണയാണ് പുലിയെ കണ്ടത്. ഇവിടെ താമസിക്കുന്ന സുബിയുടെ മൂന്ന് വളര്‍ത്തുനായ്ക്കളില്‍ ഒന്നിനെ പുലി കടിച്ച് കൊന്നു. ഇതോടെ നാട്ടുകാര്‍ ആകെ ഭീതിയിലാണ്. ഏത് നിമിഷവും പുലി തങ്ങളെയും ആക്രമിക്കാമെന്ന് ഇവര്‍ കരുതുന്നുണ്ട്.
വളര്‍ത്തുനായയെ കൊന്ന ശേഷം പുലിയെ ആരും കണ്ടിട്ടില്ല. ഈ മാസം ഏഴാം തിയതി രാത്രിയാണ് വേങ്ങൂരില്‍ പുലിയെ ആദ്യമായി കണ്ടത്. കനക ലൈബ്രറിക്ക് സമീപം പുത്തന്‍കുടി മറിയാമമ്മയുടെ വളര്‍ത്തുനായ പുലിയുടെ ആക്രമണത്തില്‍ ചത്തു. പിറ്റേന്ന് പുലര്‍ച്ചെ കുത്തുങ്കലില്‍ സോജിയുടെ വളര്‍ത്തുനായയെയും പുലി കടിച്ച് കൊന്നു. ഇതോടെ എങ്ങനെയെങ്കിലും പുലിയെ പിടിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യം പുലിയെ കണ്ട കോട്ടപ്പടി പ്ലാമുടി മേഖലയില്‍ നിന്ന് വനത്തിലൂടെ മൂന്ന് കിലോമീറ്റര്‍ അകലെയാണ് പാണിയേലി. ഇവിടെയാണ് പുലിക്ക് വേണ്ടിയുള്ള തിരച്ചില്‍ വനംവകുപ്പും നാട്ടുകാരും ശക്തമാക്കിയിരിക്കുന്നത്.
പാണിയേലി മേഖലയില്‍ പതിനഞ്ച് പേര്‍ അടങ്ങുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം നാട്ടുകാരുടെ സഹകരണത്തോടെ പുലിയുടെ സാന്നിധ്യം അനുഭവപ്പെട്ട പാണിയേലി പോര്, കനക ലൈബ്രറി പരിസരം, മേയ്ക്കപ്പാല, കുളകുന്നേല്‍ അമ്പലം പരിസരം എന്നിവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരിച്ചിലും നടത്തും. ഇവിടെ കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം പുലി നാട്ടുകാരുടെ സജീവ സാന്നിധ്യത്തെ തുടര്‍ന്ന് കാടുകയറിയോ എന്ന് സംശയമുണ്ട്. നേരത്തെ വയനാട്ടില്‍ ദിവസങ്ങളോളമാണ് നരഭോജി കടുവയ്ക്കായി ദ്രുതകര്‍മ സേന മേഖലയില്‍ ക്യാമ്പ് ചെയ്തിരുന്നത്. എന്നാല്‍ ഇത് മറ്റിടങ്ങളിലേക്ക് പോവുകയായിരുന്നു.
അതുപോലെ പാണിയേലിയിലെ പുലിക്കും സംഭവിച്ചോ എന്നാണ് വനംവകുപ്പ് കരുതുന്നത്. അതേസമയം വന്യജീവികളുടെ വിളയാട്ടം മൂലം വേങ്ങൂര്‍ മേഖലയില്‍ 40 ലക്ഷം രൂപയുടെ കൃഷി നാശമാണ് ഉണ്ടായത്. ഇക്കാര്യം എംഎല്‍എ സ്ഥിരീകരിച്ചു. ഇതുവരെ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ല. കാട്ടുപന്നിയുടെ ആക്രമണം മൂലം കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് പന്നിയെ വെടിവെച്ച് കൊല്ലാന്‍ അപേക്ഷ നല്‍കുന്ന ദിവസം തന്നെ അനുമതി നല്‍കാന്‍ ധാരണയായി. ആനകളുടെയും വന്യജീവികളുടെയും ആക്രമണം തടയാന്‍ കൂടുതല്‍ അതിര്‍ത്തികളില്‍ വേലി സ്ഥാപിക്കും.












Click it and Unblock the Notifications