ഈസ്റ്റര്‍ അവധി കഴിഞ്ഞു, എറണാകുളത്ത് സജീവമായി സ്ഥാനാര്‍ത്ഥികള്‍, രമ്യക്കൊപ്പം ഇറങ്ങി ഹൈബി
കൊച്ചി: ഈസ്റ്റര്‍ അവധിക്ക് പിന്നാലെ എറണാകുളം വീണ്ടും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് തിരിച്ചെത്തി. കോണ്‍ഗ്രസിന് ആവേശം പകരാന്‍ ആലത്തൂര്‍ എംപിയും നിലവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രമ്യ ഹരിദായും വോട്ട് ചോദിച്ചെത്തി. എറണാകുളം മാര്‍ക്കറ്റിലെ കുന്നംകുളംകാരുടെ വോട്ടുകള്‍ തേടിയാണ് രമ്യ ഹരിദാസ് എത്തിയത്.
ഇത് ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമാണ്. അതേസമയം ഹൈബി ഈഡനും രമ്യക്കൊപ്പമുണ്ടായിരുന്നു. ഹൈബിക്കും ഇത് മികച്ചൊരു അവസരമായിരുന്നു. കുന്നംകുളം നിയമസഭാ മണ്ഡലം ആലത്തൂരിന്റെ ഭാഗമാണ്.

ഇവിടെ പതിനായിരത്തോളം വോട്ടുകളുമുണ്ട്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു പ്രചാരണം ആരംഭിച്ചത്. പൂക്കാരന്‍മുക്കിലെ ഈ പ്രചാരണത്തിലേക്ക് ടിജെ വിനോദ് എംഎല്‍എയും ഹൈബി ഈഡനും എത്തിച്ചേരുകയായിരുന്നു.
കുന്നംകുളം വോട്ടര്‍മാരുടെ സ്‌നേഹവും പിന്തുണ തേടിയാണ് വന്നതെന്ന് രമ്യ വ്യക്തമാക്കി. മേത്തര്‍ ബസാര്‍ അടക്കമുള്ള കടകളിലും രമ്യയും ഹൈബിയും ചേര്‍ന്ന് വോട്ട് അഭ്യര്‍ഥിച്ചു. എംപിയെന്ന നിലയില്‍ താന്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പിന്തുണ വേണമെന്ന് ഹൈബി ഈഡന്‍ കടമക്കുടി പഞ്ചായത്തിലെ മൂലമ്പിള്ളിയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
തന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി എണ്ണി പറഞ്ഞായിരുന്നു ഹൈബിയുടെ പ്രചാരണം. കണ്ടെയ്‌നര്‍ റോഡില്‍ തെരുവ് വിളിക്കുകള്‍ സ്ഥാപിക്കാനും റോഡും പാലങ്ങളും നവീകരിക്കാനും തുക അനുവദിച്ചതുമെല്ലാം ഹൈബി പ്രചാരണത്തില്‍ ഉന്നയിച്ചു. പിതാവ് ജോര്‍ജ് ഈഡന്റെ ജന്മനാടായ ചേന്നൂരില്‍ വലിയ സ്വീകരണമാണ് ഹൈബിക്ക് ലഭിച്ചത്.
അതേസമയം എല്‍ഡിഎഫിന്റെ പ്രചാരണവും മികച്ച രീതിയില്‍ തന്നെയാണ് ആരംഭിച്ചത്. തൃപ്പൂണിത്തുറ മേഖലയിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെജെ ഷൈനിന്റെ പ്രചാരണം. തൃപ്പൂണിത്തുരയിലെ വിവിധ കുടുംബയോഗങ്ങളില്‍ ഷൈന്‍ പങ്കെടുത്തു. വീട്ടമ്മമാരെയും പുതുമുഖ വോട്ടര്‍മാരെയും കണ്ടാണ് ഷൈന്‍ പിന്തുണ തേടിയത്.
വീട്ടുവിശേഷങ്ങളും അതുപോലെ ദേശീയ വിഷയങ്ങളുമെല്ലാം ഉന്നയിച്ച് കൊണ്ടായിരുന്നു എല്‍ഡിഎഫിന്റെ പ്രചാരണം. വിവിധയിടങ്ങളില്‍ കുടുംബയോഗങ്ങളിലാണ് അവര്‍ പങ്കെടുത്തത്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന്‍ മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ചാണ് സംസാരിച്ചത്.
ഉദ്യോഗമണ്ഡല്‍ എഫ്എസിടിക്ക് മുന്നിലെത്തിയ അദ്ദേഹം അവിടെയുള്ള തൊഴിലാളികളുമായി സംസാരിച്ചു. നഷ്ടംമൂലം അടച്ചുപൂട്ടേണ്ട സ്ഥിതിയില്‍ നിന്ന് എഫ്എസിടിക്കായി 990 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പാക്കിയ കാര്യം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉന്നയിച്ചു.












Click it and Unblock the Notifications