'മലയിടംതുരുത്ത് സ്കൂൾ നിർമ്മിച്ചത് ട്വന്റി-20 അല്ല';സാബു എം ജേക്കബിനെതിരെ ഡിവൈഎഫ്ഐ
കൊച്ചി; കിഴക്കമ്പലം പഞ്ചായത്തിലെ മലയിടംതുരുത്ത് സ്കൂൾ നിർമ്മിച്ചത് ട്വന്റി-20 അല്ലെന്നും മറിച്ച് സർക്കാർ ഫണ്ട് ഉപയോഗിച്ചാണെന്നും ഡിവൈഎഫ്ഐ. സ്‌കൂളില്‍ സംഘടിപ്പിച്ച പഠനോത്സവുമായി ബന്ധപ്പെട്ട് സാബു എം ജേക്കബ് നടത്തിയ തെറ്റായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സാബു എം ജേക്കബ് പണികഴിപ്പിച്ച സ്‌കൂളിന്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ നിര്‍വഹിച്ചു എന്നായിരുന്നു ട്വന്റി-20 സംസ്ഥാന സമതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത്. എന്നാൽ ഡിവൈഎഫ്ഐ ഒരു സ്‌കൂളിന്റെയും ഉദ്ഘാടനം നടത്തിയിട്ടില്ല. ഡിവൈഎഫ്ഐ സംസ്ഥാനത്തെമ്പാടും സംഘടിപ്പിക്കാന്‍ തീരുമാനിച്ച പഠനോത്സവമാണ് സ്കൂളിൽ നടത്തിയതെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു. പൂർണരൂപം വായിക്കാം

ഡിവൈഎഫ്ഐ കിഴക്കമ്പലം മേഖലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം-
ഇന്ന് സോഷ്യല്‍ മീഡിയയില്‍ കിറ്റെക്സ് എംഡി സാബു എം ജേക്കബ് നടത്തിയ ഒരു പ്രസംഗത്തിന്റെ കുറച്ചു ഭാഗം ശ്രദ്ധയില്‍ പെട്ടു. ഇതില്‍ അദ്ദേഹം ഡിവൈഎഫ്ഐയെക്കുറിച്ച് തെറ്റായ പരാമര്‍ശം നടത്തുന്നുണ്ട്. സാബു എം ജേക്കബ് പണികഴിപ്പിച്ച സ്‌കൂളിന്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ നടത്തി എന്നാണ് ടിയാന്‍ പറയുന്നത്. ഡിവൈഎഫ്ഐ ഒരു സ്‌കൂളിന്റെയും ഉദ്ഘാടനം നടത്തിയിട്ടില്ല. ഡിവൈഎഫ്ഐ സംസ്ഥാനത്തെമ്പാടും സംഘടിപ്പിക്കാന്‍ തീരുമാനിച്ച പഠനോത്സവമാണ് 2022 ജൂണ്‍ 16ന് മലയിടംതുരുത്ത് ഗവ:എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചത്. 2022 ജൂണ്‍ അഞ്ചിന് മലയിടംതുരുത്തില്‍ വെച്ച് ഡിവൈഎഫ്ഐ കിഴക്കമ്പലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചിരുന്നു. ട്വന്റി20 യുടെ കള്ള പ്രചരണം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്ഐ ഈ സമരം നടത്തിയത്. ഇതിനാധാരമായ വിഷയം ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് ട്വന്റി20 സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റര്‍ പ്രചരിപ്പിച്ചിരുന്നതാണ്.
അവര്‍ അതില്‍ പറയുന്നു മലയിടംതുരുത്ത് ഗവ.എല്‍.പി സ്‌കൂള്‍ നിര്‍മ്മിച്ചത് ട്വന്റി20 യാണെന്ന്. കേരളത്തില്‍ അധികാരത്തിലിരുന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നത്. അതിന്റെ ഭാഗമായി കേരളത്തിലെ നിരവധി സ്‌കൂളുകള്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പുതുക്കിപ്പണിതും സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ചും സ്‌കൂളുകളെ സ്മാര്‍ട്ട് ആക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് മലയിടംതുരുത്ത് ഗവ:എല്‍.പി സ്‌കൂളും സ്മാര്‍ട്ട് ആക്കിയത്. കേരളത്തില്‍ അധികാരത്തിലിരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഇതിനായി 98 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് മറച്ചുവെച്ചാണ് ബഷീര്‍ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ട്വന്റി20 ഇത്തരത്തില്‍ ഒരു വ്യാജ പ്രചരണം നടത്തിയത്. ഇതിനെതിരെ ഡിവൈഎഫ്ഐ സമരം സംഘടിപ്പിച്ചപ്പോള്‍ സ്‌കൂള്‍ പൂട്ടിക്കാനാണ് ഡിവൈഎഫ്ഐ ഇത്തരത്തില്‍ സമരം സംഘടിപ്പിക്കുന്നത് എന്ന കള്ള പ്രചരണവും ട്വന്റി20 അഴിച്ചു വിട്ടു. ഇതിന്റെ നിജസ്ഥിതി സ്‌കൂള്‍
അധികൃതരുമായി ചര്‍ച്ച ചെയ്യാന്‍ സ്‌കൂളില്‍ എത്തിയപ്പോളാണ് അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സ്‌കൂളിലെ അദ്ധ്യാപകര്‍ ഡിവൈഎഫ്ഐ ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഉടനെ തന്നെ അത് പരിഹരിക്കാനാണ് ഉത്തരവാദിത്തപ്പെട്ട ഒരു യുവജന സംഘടന എന്ന നിലയില്‍ ഡിവൈഎഫ്ഐ തയ്യാറായത്. മിസ്റ്റര്‍ സാബു എം ജേക്കബിന് ഞങ്ങള്‍ ചെയ്ത പ്രവര്‍ത്തനത്തിന്റെ നന്മ പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിയില്ല. അതിന് നിങ്ങളെ ഞങ്ങള്‍ കുറ്റം പറയുന്നുമില്ല. പക്ഷെ നാല്‍പത് വര്‍ഷത്തിലേറെയായി ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന യുവജന സംഘടന ഏറ്റെടുക്കുന്ന ക്യാമ്പയിനുകളുടെ പ്രസക്തി കൊണ്ട് രാജ്യത്തെ സാധാരണക്കാരുടെ മനസ്സിലാണ് ഈ മഹാ പ്രസ്ഥാനം ജീവിക്കുന്നത്. ഞങ്ങള്‍ കഴിഞ്ഞ 5 വര്‍ഷമായി കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വരുന്ന സാധാരണക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്ന സംഘടനയാണ്.
ഞങ്ങള്‍ കേരളത്തില്‍ ഏറ്റവുമധികം രക്തദാനം ചെയ്യുന്ന സംഘടനയ്ക്കുള്ള അവാര്‍ഡ് വര്‍ഷങ്ങളായി ഏറ്റു വാങ്ങുന്നവരാണ്. ഓഖിയും,പ്രളയവും, നിപ്പയും,കോവിഡും വന്ന് ഈ നാട് ദുരിതത്തിലായപ്പോള്‍ ജീവന്‍ പോലും മറന്ന് ഈ നാടിനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റാന്‍ സദാ സന്നദ്ധമായി രംഗത്തിറങ്ങിയവരാണ് ഞങ്ങള്‍.താങ്കള്‍ക്ക് ഞങ്ങളെ മനസ്സിലാവില്ല കാരണം കോവിഡ് നാട്ടില്‍ പടര്‍ന്ന് പിടിച്ച് മനുഷ്യര്‍ മരിച്ചു വീണപ്പോള്‍ എഫ്എല്‍ടിസിയോ ഡിസിസിയോ ആരംഭിക്കാത്ത കേരളത്തിലെ ഒരേയൊരു പഞ്ചായത്ത് ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലമായിരുന്നില്ലേ.
എഫ്എല്‍ടിസി ഇല്ലാതു് കൊണ്ട് കൃത്യമായ ചികിത്സ സമയത്ത് ലഭിക്കാതെ സാബു എന്ന ഒരു യുവാവിനെ കൊലപ്പെടുത്തിയവരല്ലെ നിങ്ങള്‍. വയറെരിയുന്ന പാവം മനുഷ്യര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സാമൂഹിക അടുക്കള തുടങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്ത ഒരേയൊരു പഞ്ചായത്ത് നിങ്ങള്‍ നേതൃത്വം കൊടുന്ന കിഴക്കമ്പലം ഗ്രാമ പഞ്ചായത്തായിരുന്നില്ലെ. ഇങ്ങനെയുള്ള നിങ്ങള്‍ക്ക് ഞങ്ങളെപ്പറ്റിപ്പറയാന്‍ എന്ത് ധാര്‍മ്മികതയാണുള്ളത്. ഞങ്ങള്‍ നടത്തിയ പഠനോത്സവം നിങ്ങള്‍ക്ക് അസ്വസ്തത ഉണ്ടാക്കും എന്ന് ഞങ്ങള്‍ക്ക് അറിയാം അതിന്റെ പേരില്‍ ഇത്തരം കള്ള പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അങ്ങേയറ്റം മര്യാദകേടാണ്. അതുകൊണ്ട് താങ്കള്‍ നടത്തിയ പ്രസ്താവന പിന്‍ വലിച്ച് ഡിവൈഎഫ്ഐ യോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ കിഴക്കമ്പലം മേഖലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.'












Click it and Unblock the Notifications