കേരള സ്‌റ്റോറി വേണ്ട; മണിപ്പൂര്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളി
കൊച്ചി: ദ കേരള സ്‌റ്റോറി പ്രദര്‍ശന വിവാദത്തിനിടെ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളി. സാന്‍ജോപുരം സെന്റ് ജോസഫ് പള്ളിയില്‍ ബൈബിള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രാവിലെ 9.30നായിരുന്നു പ്രദര്‍ശനം. അതേസമയം കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് പള്ളി വികാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്രെസ്ഡ് എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിച്ചത്. മണിപ്പൂര്‍ കലാപത്തെ കുറിച്ചും കുട്ടികള്‍ അറിഞ്ഞിരിക്കണം. 'കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. ഏതെങ്കിലും സഭയും രൂപതയും സിനിമയെ കുറിച്ച് നല്ലത് പറഞ്ഞത് കൊണ്ട് അതില്‍ മാറ്റം വരില്ലെന്നും' പള്ളി വികാരി വ്യക്തമാക്കി.

'അവധിക്കാലത്ത് കുട്ടികള്‍ക്ക് നല്‍കി വരുന്ന ബൈബിള്‍ കോഴ്‌സിന്റെ ഭാഗമായിട്ടാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ ഇടവക കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
മണിപ്പൂര്‍ മനപ്പൂര്‍വമാണെന്ന പേരില്‍ കേരളത്തില്‍ ആദ്യമായി തെരുവുനാടകം ചെയ്തത് ഞങ്ങളാണ്. അതിന്റെ തുടര്‍ച്ചയാണ് പ്രദര്‍ശനമെന്നും' വികാരി ചൂണ്ടിക്കാണിച്ചു. ലൗ ജിഹാദ് പ്രമേയമായ ദ കേരള സ്റ്റോറി ഇടുക്കി അതിരൂപതയ്ക്ക് കീഴിലെ പള്ളിയില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ ശക്തമായത്.
ഏപ്രില്‍ നാലിന് വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. അതിരൂപതയുടെ നടപടിയെ നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. കെസിവൈഎം സംസ്ഥാന സമിതി രൂപതയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. താമരശ്ശേരി അതിരൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന അറിയിപ്പ് വന്നിരുന്നു.
അതേസമയം കേരള സ്റ്റോറി പള്ളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെസിവൈഎമ്മിന്റേതായി വന്ന നിര്‍ദേശം രൂപത പുറപ്പെടുവിച്ചതല്ലെന്നും കെസിവൈഎം ചൂണ്ടിക്കാണിച്ചു. ഏപ്രില്‍ ഒന്‍പതിന് കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു നേരത്തെ വന്ന അറിയിപ്പ്.
അതേസമയം കേരള സ്‌റ്റോറി സിനിമയ്‌ക്കെതിരെ കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂരും രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ തയ്യാറാക്കിയതാണ് കേരള സ്റ്റോറി. ഈ സിനിമ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല. കേരളത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. കേരളത്തിന്റെ ചരിത്രവും പാരമ്പര്യവുമെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കോഴിക്കോട്ടെ ഈദ് ഗാഹില്‍ വെച്ചായിരുന്നു ഈ പരാമര്‍ശം.












Click it and Unblock the Notifications