ഒടുവിൽ ആശ്വാസം; കോതമംഗലത്ത് കാണാതായ 12കാരിയെ കണ്ടെത്തി, തട്ടികൊണ്ട് പോയതല്ലെന്ന് നിഗമനം
എറണാകുളം: കോതമംഗലം വാരപ്പെട്ടിയിൽ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി സ്‌റ്റാന്റിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. കുട്ടിയെ ചങ്ങനാശേരി പോലീസെത്തി ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയി. വൈകാതെ തന്നെ കുട്ടിയെ കോതമംഗലത്ത് നിന്നെത്തിയ ബന്ധുക്കളെ ഏൽപ്പിക്കും.
കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പ്രാഥമിക വിവരം. വീടിനടുത്തുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടി കാണാനായി പോയ പെൺകുട്ടിയെ വൈകീട്ടോടെയാണ് കാണാതായത്. വാരപ്പെട്ടി ഇഞ്ചൂരിൽ പ്രേമകുമാറിന്റെ മകൾ അളകനന്ദ പ്രേംകുമാറിനെ കാണാതായതിന് പിന്നാലെ പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.

വീടിനടുത്തുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷം കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇതിന് ശേഷം മടങ്ങി വരാതായതോടെ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. വാരപ്പെട്ടിയിലെ വീട്ടിൽ ആറ് വയസുകാരനായ അനുജനെ തനിച്ചാക്കിയാണ് പെൺകുട്ടി വീട്ടിൽ നിന്ന് പോയത്.
തോളത്ത് ഒരു ബാഗും തൂക്കി റോഡരികിലൂടെ കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പോലീസിന് ലഭിച്ചിരുന്നു. കുട്ടിയെ കാണാതായെന്ന് ബന്ധുക്കൾ പോലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ നാടൊട്ടാകെ തിരച്ചിലും ആരംഭിച്ചിരുന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം കുട്ടിയെ ചങ്ങനാശ്ശേരിയിൽ കണ്ടെത്തിയത്.
വീട്ടിൽ നിന്ന് പോകുമ്പോൾ കുട്ടിയുടെ പക്കൽ കുടുക്ക പൊട്ടിച്ച പണമുണ്ടായിരുന്നുവെന്നാണ് സൂചന. ക്രിസ്മസ് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിന്റെ പേരിൽ കുട്ടിയെ വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്നുവെന്നാണ് വിവരം. ഇതിന്റെ വിഷമത്തിലാവും കുട്ടി നാടുവിട്ടതെന്നാണ് പ്രാഥമിക നിഗമനം. കാണാതായതുമായി ബന്ധപ്പെട്ട് കുട്ടിയോട് കൂടുതൽ വിവരങ്ങൾ പോലീസ് ചോദിച്ചറിയും.












Click it and Unblock the Notifications