നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: അമീറുള്‍ ഇസ്ലാമിന്റെ ഹര്‍ജി തള്ളി; വധശിക്ഷ ശരിവെച്ച് കോടതി
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് കൊണ്ടായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളി.
കോടതി വിധി കേള്‍ക്കാനായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ച് കയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അസം സ്വദേശിയായിരുന്ന അമിറുള്‍ ഇസ്ലാമിനെതിരെ നേരത്തെ വിചാരണ കോടതിയിലെ വാദത്തില്‍ തെളിഞ്ഞത്.

താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പോലീസ് കൃത്രിമമായി നിര്‍മിച്ച തെളിവുകളാണ് വിചാരണ കോടതി പരിഗണിച്ചതെന്നുമായിരുന്നു അമീറുള്‍ ഇസ്ലാം സമര്‍പ്പിച്ച അപ്പീലിലെ വാദം. 2016 ഏപ്രില്‍ 28നായിരുന്നു നിയമവിദ്യാര്‍ത്ഥിനി പെരുമ്പാവൂരിലെ വീട്ടില്‍ കൊല്ലപ്പെട്ടത്.
ജസ്റ്റിസ് വിബി സുരേഷ്‌കുമാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസില്‍ ഡിഎന്‍എയും മറ്റ് ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. ഡിഎന്‍എ സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ വിശ്വസിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വീടിന്റെ വാതില്‍ കട്ടിലയില്‍ നിന്നും പെണ്‍കുട്ടിയുടെ ചുരിദാറില്‍ നിന്നും കണ്ടെത്തിയ രക്തസാമ്പിളുകള്‍ തെളിവായി എടുക്കാമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.












Click it and Unblock the Notifications