മൂവാറ്റുപുഴ പാലത്തിന്റെ കുഴി അടച്ച ഭാഗത്ത് താഴ്ച്ച: നിരീക്ഷണം തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ്
മൂവാറ്റുപുഴ: എംസി റോഡിലെ കച്ചേരിത്താഴം പാലത്തിന് സമീപം രൂപം കൊണ്ട കുഴി വീണ്ടും തലവേദനയാവുന്നു. നേരത്തെ പൊതുമരാമത്ത് വകുപ്പ് ഈ കുഴി അടച്ചിരുന്നു. എന്നാല്‍ പാലത്തിലൂടെയുള്ള ഗതാഗത നിയന്ത്രണം ഒരാഴ്ച്ച കൂടി തുടരാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ഇവര്‍ കുഴി അടച്ച ഭാഗത്ത് ചില ഇടങ്ങളില്‍ താഴ്ന്നത് ഒരു ആശങ്കയാണ്. നിലവില്‍ പാലത്തിന്റെ ഒരു ഭാഗത്ത് കൂടി മാത്രമാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. നേരത്തെ പോലീസ് സ്ഥാപിച്ച നിയന്ത്രണ സംവിധാനങ്ങള്‍ മാറ്റി കുഴി അടച്ച ഭാഗത്ത് കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടത്തോടെയാണ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്.
നേരത്തെ ഗര്‍ത്തം വലുതാകുന്നതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിച്ചിരുന്നു. കച്ചേരിത്താഴത്ത് പുതിയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വ്യാപാര സമുച്ചയത്തിന്റെ മുന്നിലെ പാര്‍ക്കിങ് പ്രദേശത്താണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. അതേസമയം
രണ്ട് ദിവസം കൂടി നിരീക്ഷിച്ച ശേഷം റോഡില്‍ വിദഗ്ധ സംഘമെത്തി പരിശോധന നടത്തുമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നത്. പാലത്തിനോട് ചേര്‍ന്ന് സോയില്‍ പൈപ്പിങ് ഉണ്ടായതായിരിക്കാം കുഴി രൂപപ്പെടാന്‍ കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സ്ഥലത്തെ വ്യാപാരികളാണ് ഈ കുഴി ആദ്യം കണ്ടത്. വളരെ പെട്ടെന്നാണ് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടത്. പാലവും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗമാണിത്. പാലത്തിനും റോഡിനും അടിയിലേക്ക് ഇറങ്ങിപോകാവുന്ന വിധത്തിലുള്ള കുഴിക്ക് പത്തടിയോളം വിസ്തൃതിയുണ്ട്.
അതേസമയം ഭൂമിക്കടിയില്‍ മണ്ണൊലിപ്പ് ഉണ്ടാകുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്. ഭൗമാന്തര ഭാഗത്ത് വെള്ളം പ്രവഹിക്കുകയും ചെറു തുരങ്കകള്‍ രൂപപ്പെടുകയും അതിലൂടെ ദൃഢത കുറഞ്ഞ മണ്ണ് ഒലിച്ച് പോകുകയും ചെയ്യുന്ന പ്രതിഭാസമാണിത്. ഈ ഒരു പ്രതിഭാസത്തിലൂടെ ഒരു പ്രദേശം മുഴുവന്‍ ദുര്‍ബലമായി മണ്ണിടിച്ചിലിനും കാരണമാകും.
ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെയാണ് ഇവിടെ കുഴി രൂപപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. വൈകാതെ തന്നെ ഗര്‍ത്തം രൂപപ്പെട്ട ഭാഗം കൂടുതല്‍ പൊളിച്ച് പരിശോധന നടത്തിയിരുന്നു. ഈ ഗര്‍ത്തം വലുതാകുന്നതായിരുന്നു പ്രധാന ആശങ്ക. നഗരത്തിലും എംസി റോഡിലും വന്‍ ഗതാഗത കുരുക്കിന് സാധ്യത ഉള്ളതിനാല്‍ പോലീസ് സംഘവും കുഴി രൂപപ്പെട്ടതിന് പിന്നാലെ ഇവിടെയെത്തിയിരുന്നു.
അതേസമയം സോയില്‍ പൈപ്പിങ് ആണെങ്കില്‍ മണ്ണ് ആദ്യം ചെറിയ കുഴലിന്റെ വണ്ണത്തിലും പിന്നീട് തുരങ്കത്തിന്റെ വലിപ്പത്തിലും മറ്റൊരിടത്തേക്ക് ഒലിച്ച് നീങ്ങുന്നത് വഴി മേല്‍ മണ്ണ് ഇടിയും. അണക്കെട്ടുകള്‍, വീടുകള്‍, റോഡുകള്‍, എന്നിവയ്ക്ക് അടിയില്‍ ഇത് നടക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വിശദമായ പഠനത്തിന് ശേഷമേ ഇത് സോയില്‍ പൈപ്പിങ് ആണെന്ന് പറയാനാവൂ.












Click it and Unblock the Notifications