എറണാകുളത്ത് വെള്ളമിറങ്ങി തുടങ്ങി; മഴയും കുറഞ്ഞു, ഓണവിപണി ലക്ഷ്യമിട്ട കൃഷികള്‍ക്ക് വ്യാപക നഷ്ടം
കൊച്ചി: എറണാകുളത്ത് തകര്‍ത്ത് പെയ്ത മഴയ്ക്ക് താല്‍ക്കാലികാശ്വാസം. മഴ കുറഞ്ഞിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നെല്ലാം വെള്ളിക്കെട്ട് ഒഴിവായി തുടങ്ങിയിരിക്കുകയാണ്. പുഴയിലും കൈവഴികളായ ഉഴവൂര്‍ തോട്ടിലും കാരൂര്‍ തോട്ടിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്നതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ ഇടയാക്കിയത്. മഴ കുറഞ്ഞ് ജലനിരപ്പ് താഴ്ന്നതോടെ പെരുവംമൂഴി റോഡില്‍ കുഴുമുറിയിലും ഊരമനയിലം മണീട് കാരൂര്‍ കാവിലും ബ്ലായിപ്പടിയിലുമെല്ലാം ഗതാഗതം സാധാരണ നിലയിലായി.

ഒരാഴ്ച്ചയോളം ഈ മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. അതിശക്തമായ മഴയെ തുടര്‍ന്ന് ഊരമനയിലും കോരങ്കടവിലുമെല്ലാം വീടുകളുടെ മുറ്റത്ത് വെള്ളം എത്തിയിരുന്നു. വളര്‍ത്തുമൃഗങ്ങളെ അടക്കം ഇവിടെയുള്ളവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. വാഹനങ്ങളും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ നേരത്തെ തയ്യാറെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്നാണ് ഇത് തുടങ്ങിയത്. ഓണവിപണി ലക്ഷ്യമിട്ട് പച്ചക്കറി വളര്‍ത്തിയവര്‍ക്കെല്ലാം വലിയ നഷ്ടമായിരിക്കുകയാണ്.
പറവൂരില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് താലൂക്കില്‍ ആരംഭിച്ച ക്യാമ്പുകളില്‍ രണ്ടെണ്ണം ഒഴിച്ച് ബാക്കിയെല്ലാം പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. കുത്തിയതോട് ഇരുപതും ചാലാക്കയില്‍ 62 കുടുംബങ്ങളുമുണ്ട്.
പുത്തന്‍വേലിക്കരയിലെ തെനപ്പുറം, കോഴിത്തുരുത്ത് തുടങ്ങിയ നിവാസികളാണ് ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ഏറെയുമുള്ളത്. മറ്റെല്ലാവരും വീടുകളിലേക്ക് മടങ്ങി. രണ്ടിടത്തുമായി ഇനിയും കുറച്ച് വെള്ളം കൂടി ഇറങ്ങാനുണ്ട്. വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
അതേസമയം വീടുകളുടെ ശുചീകരണം പൂര്‍ത്തിയാകാത്തത് കൊണ്ടാണ് ചിലര്‍ ക്യാമ്പുകളില്‍ ഇപ്പോഴും തുടരുന്നത്. താലൂക്കില്‍ 16 ക്യാമ്പുകള്‍ വരെ തുറന്നിരുന്നു. പിറവത്ത് കളമ്പൂര്‍, മത്സ്യക്കോളനി അടക്കമുള്ള സ്ഥലത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടായിരുന്നു. ഇവിടങ്ങളില്‍ നിരവധി വീടുകളുടെ വരാന്തയില്‍ വരെ വെള്ളമെത്തിയിരുന്നു.
വീട്ടുമുറ്റത്തും പരിസരത്തുമെല്ലാം ചെളി അടിഞ്ഞിരിക്കുകയാണ്. ഇത് നീക്കം ചെയ്യേണ്ടതുണ്ട്. അത് വളരെ കഠിനമേറിയ കാര്യമാണ്. കളമ്പൂരിലും പാഴൂരിലുമായി ഹെക്ടറുകളോളം പാടശേഖരങ്ങളാണ് വെള്ളത്തില്‍ മൂടിയത്.












Click it and Unblock the Notifications