തട്ടിക്കൊണ്ടുപോയി ഒരു ലക്ഷം ആവശ്യപ്പെട്ടു, ഓടി രക്ഷപ്പെട്ടു, പരാതിയുമായി സൈജു തങ്കച്ചന്‍
കൊച്ചി: നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസിലെയും, കൊച്ചിയിലെ മോഡലുകള്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെയും പ്രതിയായ സൈജു തങ്കച്ചന്‍ പുതിയ പരാതിയുമായി രംഗത്ത്. തന്നെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. കുഴിപ്പള്ളിയിലെ വീട്ടില്‍ വെച്ച് തന്നെ ചിലര്‍ തട്ടിക്കൊണ്ട് പോയെന്നാണ് സൈജു പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. താന്‍ തടവില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് സൈജു പറയുന്നു. തന്നെ വിട്ടയക്കണമെങ്കില്‍ മോചനദ്രവ്യമായി ഒരുലക്ഷം രൂപ തരണമെന്നാണ് ആവശ്യപ്പെട്ടതെന്നും സൈജു പോലീസില്‍ പറഞ്ഞു. അതേസമയം മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന സൈജു നിലവില്‍ ജാമ്യത്തിലിറങ്ങി പുറത്താണ് ഉള്ളത്.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം നടക്കുന്നത്. കുഴിപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ആദ്യം പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് സൈജു തങ്കച്ചന്‍ പറയുന്നു. പിന്നീട് ഒരു ലക്ഷം രൂപ തന്നാല്‍ വിടാമെന്നായി. സെജു മുനമ്പം പോലീസിലാണ് പരാതി നല്‍കിയത്. അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈജുവിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍ വരെയുണ്ട്. ഈ പരാതി സൈജു ഉണ്ടാക്കിയ തട്ടിക്കൂട്ട് കഥയാണോയെന്ന് പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ പരാതിയില്‍ വാസ്തവമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് പോലീസ് കേസെടുക്കാന്‍ തീരുമാനിച്ചത്.
അതേസമയം ലോക്കല്‍ ഗുണ്ടകളാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് അറിയിച്ചു. രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടുതല്‍ ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയവരില്‍ ഒരാളെ പരിചയമുണ്ടെന്ന് സൈജു പോലീസിനോട് പറഞ്ഞു മറ്റേയാളെ അറിയില്ലെന്നാണ് സൈജു പറയുന്നത്. നേരത്തെ കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ പ്രതിയായ സൈജുവിനെതിരെ പോക്‌സോ കേസും രജിസ്റ്റര്‍ എടുത്തിരുന്നു. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് പരാതിക്കാര്‍. റോയ് വയലാട്ട്, അഞ്ജലി, സൈജു എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. അഞ്ജലിക്ക് ഈ കേസില്‍ വലിയ പങ്കുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.
ഹോട്ടലില്‍ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും, ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. പ്രതികള്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാല്‍ ഭീഷണി ഭയന്നാണ് പരാതി പറയാന്‍ കാലതാമസം ഉണ്ടായതെനനും ഇവര്‍ മൊഴി നല്‍കിയിരുന്നു. മൂന്ന് പ്രതികളും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. റോയ് വയലാട്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അതേസമയം പണം തട്ടലാണ് പരാതിക്ക് പിന്നിലെ ലക്ഷ്യമെന്നാണ് പ്രതിഭാഗം അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications