എറണാകുളത്ത് ഒരാഴ്ച്ച കടുത്ത നിയന്ത്രണം, തിയേറ്ററുകള്‍ അടക്കം പ്രവര്‍ത്തിക്കില്ല, കടകള്‍ 5 വരെ മാത്രം
കൊച്ചി: എറണാകുളത്ത് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. തുടര്‍ച്ചയായ ദിവസങ്ങളില്‍ കേസുകള്‍ ജില്ലയില്‍ കൂടി വരികയാണ്. നാളെ മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ജില്ലയിലുണ്ടാവും, ജിമ്മും സിനിമാ തിയേറ്ററുകളും അടക്കം ഈ കാലയളവില്‍ പ്രവര്‍ത്തിക്കില്ല. കടകള്‍ അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. അടുത്ത ഞായറാഴ്ച്ച വരെ ഈ നിയന്ത്രണങ്ങളും തുടരും.

ഹോട്ടലുകള്‍ ബിവറേജസുകള്‍ തുടങ്ങിയവയ്ക്ക് വൈകീട്ട് അഞ്ച് മണിക്ക് ശേഷം പാഴ്‌സല്‍ നല്‍കാം. എറണാകുളത്ത് കൊവിഡ് ബാധിച്ച് 35614 പേരാണ് ചികിത്സയിലുള്ളത്. തീവ്രവ്യാപനമാണ് ജില്ലയിലുള്ളത്. മാര്‍ക്കറ്റുകളിലും തീരദേശ മേഖലയിലും ആശങ്കയുടെ സാഹചര്യം ശക്തമാണ്. കാര്യങ്ങള്‍ കൈവിടുമെന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം കൊണ്ടുവന്നിരിക്കുന്നത്. അതേസമയം കുടുംബ യോഗങ്ങള്‍ അടക്കമുള്ള ഒത്തുചേരലുകളൊന്നും അനുവദിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കള്ളുഷാപ്പുകള്‍ക്കും ബാറുകള്‍ക്കും നിയന്ത്രണമുണ്ട്.
അതേസമയം വിവാഹങ്ങള്‍ക്ക് മുപ്പത് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. പങ്കെടുക്കുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. മരണാനന്തര ചടങ്ങില്‍ 20 പേര്‍ക്ക് വരെ പരമാവധി പങ്കെടുക്കാം. അടുത്ത ഞായറാഴ്ച്ച വരെ തിയറ്ററുകള്‍ അടച്ചിടാനാണ് തീരുമാനം. സിനിമ ചിത്രീകരണവും അതോടൊപ്പം നിര്‍ത്തിവെക്കും. മെഡിക്കല്‍ സ്റ്റോറുകളെയും പെട്രോള്‍ പമ്പുകളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു ഗതാഗത്തിനും തടസ്സങ്ങളില്ല. നിലവില്‍ ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്.
സര്‍ക്കാര്‍ വകുപ്പുകള്‍, സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ യോഗങ്ങളും പരിശീലന പരിപാടികളും ഓണ്‍ലൈനായി മാത്രം നടത്തണമെന്നാണ് നിര്‍ദേശം. അതേസമയം ആലുവ താലൂക്ക് ആശുപത്രിയിലും ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ രോഗികള്‍ക്കായി സജ്ജമാക്കും. രോഗികള്‍ കൂടുന്നത് ആരോഗ്യ മേഖലയെ ബാധിക്കുമോയെന്നും ജില്ലാ ഭരണകൂടത്തിന് ആശങ്കയുണ്ട്.












Click it and Unblock the Notifications