ട്വന്റി 20 ലോക്‌സഭയിലേക്ക് മത്സരിക്കും, ചാലക്കുടിയിലും എറണാകുളത്തും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാന്‍ ട്വന്റി 20. ഇടതു-വലത് മുന്നണികളോട് രണ്ട് മണ്ഡലങ്ങളിലാണ് ട്വന്റി 20 മത്സരിക്കുന്നത്. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലാണ് മത്സരിക്കുകയെന്നാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ചാലക്കുടിയില്‍ ചാര്‍ലി പോളും, എറണാകുളത്ത് അഡ്വ ആന്റണി ജൂഡിയുമാണ് ട്വന്റി 20യുടെ സ്ഥാനാര്‍ത്ഥികള്‍. പാര്‍ട്ടിയുടെ കോട്ടയായ കിഴക്കമ്പലത്ത് നടന്ന ട്വന്റി 20 മഹാസംഗമത്തിലായിരുന്നു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇടത് വലത് മുന്നണികള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സാബു എം ജേക്കബ് ഉന്നയിച്ചത്.

ചാലക്കുടിയിലെ മുന്‍ എംപിമാര്‍ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന രൂക്ഷ വിമര്‍ശനമാണ് സാബു ഉന്നയിച്ചത്. ഹൈമാസ്റ്റ് വിളക്കുകളാണ് മുന്‍ എംപിമാര്‍ മണ്ഡലത്തില്‍ ആകെ സ്ഥാപിച്ചത്. എല്‍ഡിഎഫ്-യുഡിഎഫ് എംപിമാര്‍ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്തെല്ലാം കാര്യങ്ങളാണ് എംപിമാര്‍ക്ക് ചെയ്യാന്‍ പറ്റുകയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും സാബു എം ജേക്കബ് പറഞ്ഞു.
കേരളത്തെ രക്ഷിക്കാന്‍ ജനക്ഷേമവും നാടിന്റെ വികസനവും ലക്ഷ്യം വെക്കുന്ന ട്വന്റി 20 പാര്‍ട്ടിക്ക് മാത്രമേ കഴിയൂവെന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കൊണ്ട് സാബു പറഞ്ഞു. ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയായ ചാര്‍ളി പോള്‍ 2012 മുതല്‍ മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവാണ്. എറണാകുളം എങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എറണാകുളം സ്ഥാനാര്‍ത്ഥി ആന്റണി ജൂഡി ഐസിവൈഎം ദേശീയ പ്രസിഡന്റ്, ഐസിവൈഎം ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗലില്‍ നടന്ന ലോക യുവജനസമ്മേളനത്തില്‍ ഇന്ത്യയുടെ പതാക വാഹകനായിരുന്നു. ചാലക്കുടിയിലും എറണാകുളത്തും ഉറച്ച വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് സാബു എം ജേക്കബ് പറഞ്ഞു.
ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളത്തിലെ മുന്നണികളും,പാര്‍ട്ടികളും പരാജയമാണ്. ഇവിടെയാണ് ട്വന്റി 20ക്ക് പ്രസക്തിയുള്ളതെന്നും സാബു പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ സാബു വെല്ലുവിളിക്കുകയും ചെയ്തു.
തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ച്ചയ്ക്കകം ജയിലിലാക്കുമെന്ന് സാബു വെല്ലുവിളിച്ചു. അതിനുള്ള ആറ്റം ബോംബ് തന്റെ കൈയ്യിലുണ്ടെന്നും സാബു എം ജേക്കബ് മുന്നറിയിപ്പ് നല്‍കി.
അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ല. രാജ്യസഭാ സീറ്റ് വാഗ്ദാനം തനിക്ക് വന്നിട്ടുണ്ട്. ബിജെപി ബന്ധത്തിലും സാബു മറുപടി നല്‍കി. കെ സുരേന്ദ്രനെ താന്‍ കണ്ടിട്ട് തന്നെയില്ല. തന്നെ സംഘിയും കമ്മിയുമൊക്കെ ആക്കുന്നത് ജനപിന്തുണ കണ്ട് ഭയന്നിട്ടാണെന്നും സാബു ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications