വേങ്ങൂരിലെ മഞ്ഞപ്പിത്ത രോഗ വ്യാപനം; അതീവ ജാഗ്രത, കടകള്‍ പൂട്ടിച്ചു
കൊച്ചി: വേങ്ങൂരിലെ മഞ്ഞപ്പിത്ത രോഗ വ്യാപനത്തെ ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് മജിസ്റ്റീരീയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വെള്ളത്തിലൂടെയാണ് രോഗവ്യാപനമെന്ന് പറയുന്നുണ്ട്.
ഇത് ഗൗരവത്തോടെയാണ് ജില്ലാ ഭരണസമിതി അടക്കം കാണുന്നത്. ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ആര്‍ക്കാണ് വീഴ്ച്ച സംഭവിച്ചതെന്ന് പരിശോധിക്കുന്നുണ്ട്. ജല അതോറിറ്റിക്കാണോ ആരോഗ്യ വകുപ്പിനാണോ വീഴ്ച്ച സംഭവിച്ചതെന്ന കാര്യമെല്ലാം അന്വേഷണ പരിധിയില്‍ ഉണ്ടായിരിക്കും.

അതേസമയം മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ച വേങ്ങൂര്‍ പഞ്ചായത്തില്‍ ജല അതോറിറ്റിയോടുള്ള നാട്ടുകാരുടെ അമര്‍ഷം പുകയുകയാണ്. പഞ്ചായത്തും ജല അതോറിറ്റിക്കെതിരെ രംഗത്ത് വന്നു. രോഗബാധിതര്‍ക്ക് ബില്‍ തുകയില്‍ രണ്ട് മാസത്തെ ഇളവ് അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്ര വലിയ ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ശില്‍പ്പ സുധീഷ് ആവശ്യപ്പെട്ടു.
സാധാരണ ഇവിടെ കനാലില്‍ നിന്ന് വരുന്ന വെള്ളം വക്കുവള്ളിയിലെ ചിറയില്‍ ശേഖരിച്ച് കിണറ്റിലേക്ക് എത്തിച്ച്ശുദ്ധീകരിച്ച് പമ്പ് ചെയ്യുന്നതാണ് പതിവ്. ശുദ്ധീകരിക്കാത്ത വെള്ളം കുടിച്ചതാണ് മഞ്ഞപ്പിത്തബാധയ്ക്ക് കാരണമായതെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ചിറയില്‍ നിന്ന് വെള്ളം ശേഖരിക്കുന്ന ചൂരത്തോട് പമ്പില്‍ നിന്നുള്ള വിതരണത്തിലായിരുന്നു അപാകത.
അതേസമയം എഴുപതോളം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച കളമശ്ശേരി നഗരസഭയില്‍ രോഗവ്യാപനം തടയുന്നതിന് പഴം, ശീതളപാനീയ വില്‍പ്പന കടകളില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം പരിശോധന നടത്തി. നോര്‍ത്തി കളമശ്ശേരിയില്‍ മൂന്ന് കടകളും, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന പാനീയക്കടകളും പൂട്ടിച്ചു. നോര്‍ത്ത് കളമശ്ശേരിയില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ അലക്ഷ്യമായിസൂക്ഷിച്ച സ്ഥാപനത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications