കാലടി പ്ലാന്റേഷനില്‍ കാട്ടാന ആക്രമണം, താല്‍ക്കാലിക അടുക്കള തകര്‍ത്തു
കൊച്ചി: കാലടി പ്ലാന്റേഷനില്‍ തൊഴിലാളി ലയത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ലയത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക ഷെഡ് കാട്ടാന തകര്‍ത്തു. താമസ സ്ഥലത്തിനോട് ചേര്‍ന്ന് തല്‍ക്കാലികമായി നിര്‍മിച്ചതായിരുന്നു ഈ അടുക്കള. തൊഴിലാളിയായ സത്യന്റെ ലയത്തിന് നേരെയായിരുന്നു ആക്രമണം. പത്താം ബ്ലോക്കിലാണ് ഇയാള്‍ താമസിക്കുന്നത്.
മുറിയോട് ചേര്‍ന്നാണ് താല്‍ക്കാലിക അടുക്കള നിര്‍മിച്ചിരുന്നത്. ഇതാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. അടുക്കള തകര്‍ത്ത് അകത്ത് കയറിയ കാട്ടാനക്കൂട്ടം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. പാത്രങ്ങള്‍ അടക്കം നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്. സത്യനും കുടുംബവും അവധി ദിവസമായതിനാല്‍ സ്ഥലത്തലുണ്ടായിരുന്നില്ല.

അതേസമയം കാട്ടാനകളുടെ ശബ്ദം കേട്ട് അയല്‍വാസികളാണ് ഇവിടേക്ക് ഓടിയെത്തിയത്. കുട്ടിയാന അടക്കം ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരാണ് പിന്നീട് കാട്ടാനകളെ തുരത്തിയത്. അടുത്തകാലത്ത് ലയങ്ങളുടെ സമീപം ആനശല്യം ഉണ്ടെന്നും, പ്ലാന്റേഷന്‍ അധികാരികളോ വനംവകുപ്പോ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തി.
ഈ പ്രദേശത്ത് വന്യമൃഗ ശല്യം പെരുകി വരികയാണ്. പുറത്തിറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് താമസക്കാര്‍ പറയുന്നു. പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടങ്ങളില്‍ മാസങ്ങളായി ആനക്കൂട്ടം വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. അധികൃതര്‍ വേണ്ടത്ര സുരക്ഷയൊരുക്കുന്നില്ലെന്നാണ് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നത്.
നേരത്തെ എറണാകുളം ജില്ലയിലെ നീണ്ടപാറ-ചെമ്പന്‍ കുഴി പ്രദേശങ്ങളിലും രൂക്ഷമായ വന്യമൃഗശല്യമുണ്ടായിരുന്നു. ഇവിടെ നാല്‍പ്പത് ലക്ഷം രൂപ ചെലവിട്ട് ഹാഗിംഗ് ഫെന്‍സിംഗ് സ്ഥാപിക്കാന്‍ തീരുമാനമായിരുന്നു.
എംഎല്‍എ ആന്റണി ജോണ്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിരുന്നു. 3.5 മീറ്റര്‍ ഉയരത്തിലും മൂന്ന് മീറ്റര്‍ വീതിയിലും ഇരുവശത്തേക്കും 1.5 മീറ്റര്‍ അകലത്തിലുമാണ് ഹാഗിംഗ് ഫെന്‍സിംഗ് സ്ഥാപിക്കുന്നത്. ഏറ്റവും ആധുനിക രീതിയിലുള്ള ഫെന്‍സിംഗാണ് സ്ഥാപിക്കാന്‍ തീരുമനിച്ചിട്ടുള്ളത്.












Click it and Unblock the Notifications