ജോജുവിന്റെ സ്റ്റാര്‍ പ്രദര്‍ശനം നിര്‍ത്തിയിട്ട് ഒരാഴ്ച്ച, ഷേണായീസില്‍ യൂത്ത് കോണ്‍ഗ്രസിന് അബദ്ധം
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ജോജുവിനെതിരെയുള്ള പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. മലയാള സിനിമയ്ക്ക് നേരെയും പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. ജോജുവിനെതിരെ പരസ്യമായ വെല്ലുവിളിയാണ് ഇന്ന് നേതാക്കള്‍ ഉന്നയിച്ചത്. സാംസ്‌കാരിക മേഖലയിലെ ചില പ്രമുഖരെയും ഇക്കാര്യത്തിനായി കോണ്‍ഗ്രസ് കൂട്ടുപിടിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന് വന്‍ അബദ്ധമാണ് സംഭവിച്ചിരിക്കുന്നത്. ജോജുവിന്റെ സിനിമ തടയാനായി തിയേറ്ററിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തിയത് പടം മാറിയത് പോലും അറിയാതെയാണ്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറണാകുളം ഷേണായീസ് തിയേറ്ററിന് മുന്നില്‍ ജോജുവിന്റെ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധ സമരം നടത്തായിരുന്നു. എന്നാല്‍ സ്റ്റാറിന്റെ പ്രദര്‍ശനം ഒരാഴ്ച്ച മുമ്പേ തന്നെ അവസാനിപ്പിച്ചിരുന്നു. തിയേറ്റര്‍ തുറന്നപ്പോഴുള്ള ആദ്യ മലയാളം സിനിമാ റിലീസായിരുന്നു ഇത്. എന്നാല്‍ മറ്റ് സിനിമകള്‍ പിന്നാലെ വന്നതോടെ ഇത് തിയേറ്ററില്‍ നിന്ന് മാറിയിരുന്നു. ഇത് അറിയാതെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിയേറ്ററിന് മുന്നിലെത്തിയത്. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.

തിയേറ്ററില്‍ എത്തിയപ്പോഴാണ് ഇവര്‍ക്ക് അബദ്ധം മനസ്സിലായത്. ഒടുവില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ തിയേറ്റരിന് മുന്നിലുണ്ട്, അത് മാറ്റണമെന്നായിരുന്നു ആവശ്യം. ജോജുവിന്റെ ചിത്രമുള്ള റീത്ത് വെച്ചായിരുന്നു പ്രതിഷേധം. ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ നേതാക്കള്‍ ജയിലിലായതോടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൊലവിളി പരാമര്‍ശങ്ങള്‍ ആരംഭിച്ചത്. ചുണയുണ്ടെങ്കില്‍ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളൂ, നിന്റെ നാളുകള്‍ എണ്ണപ്പെട്ടു തുടങ്ങിയ പരാമര്‍ശങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ബി ഉണ്ണികൃഷ്ണന് നേരെയും ഇവരുടെ കൊലവിളി പരാമര്‍ശങ്ങള്‍ ഉയര്‍ന്നു.

അതേസമയം ജോജുവിന്റെ കേസില്‍ നേതൃത്വം കീഴടങ്ങണമെന്നാണ് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാന്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവര്‍ മുങ്ങിയിരിക്കുകയാണ്. ഇവര്‍ ഫോണും ഓഫ് ചെയ്ത് ഒളിവിലാണ്. കോണ്‍ഗ്രസില്‍ തന്നെ തീരുമാനത്തോട് യോജിക്കാത്തവര്‍ ഉണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കേസിലെ ഒന്നാം പ്രതി ടോണി ചമ്മണിയും മറ്റ് പ്രതികളും കീഴടങ്ങാന്‍ തീരുമാനിച്ച ശേഷം ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവരുടെ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. ഇരുവരും എറണാകുളം ജില്ലയ്ക്ക് പുറത്താണെന്ന് റിപ്പോര്‍ട്ടുണ്ട്.

പോലീസ് ഈ രണ്ട് പേരെയും ബന്ധപ്പെടാന്‍ സാധ്യതയുള്ളവരെ നിരീക്ഷിക്കുന്നുണ്ട്. ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കീഴടങ്ങിയവരുടെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച്ച കേള്‍ക്കും. അതേസമയം കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവും വിഷയത്തില്‍ നടക്കുന്നുണ്ട്. സംവിധായകന്‍ ആഷിക്ക് അബു ജോജുവിന് പിന്തുണയറിയിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം എന്ന ക്യാപ്ഷനോടെ ജോജുവിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍. എന്നാല്‍ സിപിഎം അടക്കമുള്ളവര്‍ ജോജുവിന് പിന്തുണയറിയിച്ച് രംഗത്ത് വന്നിരുന്നു. നേരത്തെ പൃഥ്വിരാജിന്റെ കടുവയുടെ ഷൂട്ടിംഗ് അടക്കം യൂത്ത് കോണ്‍ഗ്രസ് തടഞ്ഞിരുന്നു.

യൂത്ത് കോണ്‍ഗ്രസിനെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാനും രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് കലാമേഖലയോടും കലാരൂപത്തോടും കലാപ പ്രഖ്യാപനമാണ് നടത്തുന്നതെന്ന് മന്ത്രി ആരോപിച്ചു. നില തെറ്റിയ അവസ്ഥയിലാണ് കോണ്‍ഗ്രസുള്ളത്. സിനിമാ കലാകാരന്മാരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. അതേസമയം ചിത്രീകരണം തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തള്ളി. കെപിസിസി നേതൃയോഗത്തിലും ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്്. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടര്‍ത്തരുതെന്ന് സുധാകരന്‍ പറഞ്ഞു. സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണ്. അതിനെ തടയുന്ന രീതി ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications