കെസിആറിന് മോദിയുമായി നേരിട്ടുള്ള ലൈനെന്ന് രാഹുല്‍, അമേഠി ജയിച്ചിട്ട് വരൂ എന്ന് ടിആര്‍എസ്
ഹൈദരാബാദ്: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തെലങ്കാനയിലെത്തി. ഹൈദരാബാദിന്റെ തെരുവുകളില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ ആഞ്ഞടിച്ചിട്ടായിരുന്നു രാഹുലിന്റെ യാത്ര. ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നവരാണ് തെലങ്കാന രാഷ്ട്ര സമിതി. അവരുടെ മുഖ്യമന്ത്രി കെസിആര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചയാളാണ്.ഇപ്പോഴും അവര്‍ ബന്ധപ്പെടുന്നു.
ജനങ്ങളുടെ താല്‍പര്യത്തിനെതിരെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. ബിജെപി പാര്‍ലമെന്റില്‍ എന്ത് ബില്ല് കൊണ്ടുവന്നാലും അത് പാസാക്കാന്‍ ടിആര്‍എസ്സിന്റെ പിന്തുണയുണ്ടാവും. കര്‍ഷക വിരുദ്ധമായ കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കാന്‍ പോലും ടിആര്‍എസ് ഉണ്ടായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

രാഹുലിനായി പ്രത്യേക റാലിയും കോണ്‍ഗ്രസ് നേതൃത്വം സംഘടിപ്പിച്ചിരുന്നു. ജനങ്ങള്‍ ഇവരുടെ മായാജാലത്തില്‍ വീണ് പോകരുത്. ബിജെപിയും കോണ്‍ഗ്രസും എപ്പോഴും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. തിരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളുടെ മുഖ്യമന്ത്രി നാടകം കളിക്കും. എന്നാല്‍ അദ്ദേഹത്തിന് നരേന്ദ്ര മോദിയുമായി നേരിട്ടുള്ള ബന്ധമാണ് ഉള്ളതെന്നും രാഹുല്‍ ആരോപിച്ചു.
ചാര്‍മിനാറിന് സമീപം ഇന്ന് ദേശീയ പതാക ഉയര്‍ത്തിയിരുന്നു രാഹുല്‍. 1990ല്‍ രാഹുലിന്റെ പിതാവായ രാജീവ് ഗാന്ധി തന്റെ സദ്ഭാവന യാത്ര ആരംഭിച്ചത് ഇവിടെ വെച്ചാണ്. കൊല്ലപ്പെടുന്നതിന് ഏഴ് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്.
അതേസമയം കഴിഞ്ഞ ദിവസം ടിആര്‍എസ്സുമായി സഖ്യമുണ്ടാവില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. കെസിആറിന്റെ മോഹങ്ങളെയും രാഹുല്‍ പരിഹസിച്ചു. കെസിആറിന് അദ്ദേഹമൊരു ദേശീയ പാര്‍ട്ടിയെയോ അതല്ലെങ്കില്‍ അന്താരാഷ്ട്ര പാര്‍ട്ടിയെയോ നയിക്കുമെന്ന കാര്യം ഭാവനാത്മകമായി കാണാനുള്ള സ്വാതന്ത്ര്യമുണ്ട്.
വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്‌ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍
അദ്ദേഹത്തിന് യുഎസ്സിലോ ചൈനയിലോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും രാഹുല്‍ പരിഹസിച്ചു. ഇതിന് മറുപടിയുമായി ടിആര്‍എസ്സ് രംഗത്തെത്തി. പ്രധാനമന്ത്രിയാവാന്‍ നടക്കുന്നയാളാണ് തങ്ങളെ പരിഹസിക്കുന്നതെന്ന് കെസിആറിന്റെ മകന്‍ കെടിആര്‍ തുറന്നടിച്ചു.
രാഹുല്‍ ഗാന്ധി ആദ്യം ലോക്‌സഭാ മണ്ഡലമായ അമേഠിയില്‍ വിജയിക്കാന്‍ നോക്കട്ടെയെന്ന് കെടിആര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി അന്താരാഷ്ട്ര നേതാവാണ്. പക്ഷേ സ്വന്തം മണ്ഡലം പോലും ജയിക്കാന്‍ കെല്‍പ്പില്ലാത്ത നേതാവാണ്. അദ്ദേഹമാണ് കെസിആറിന്റെ ദേശീയ പാര്‍ട്ടിയെന്ന ആഗ്രഹങ്ങളെ പരിഹസിക്കുന്നത്.
പ്രധാനമന്ത്രിയാവാന്‍ മോഹിച്ച് നടക്കുന്ന ആ നേതാവ് ആദ്യം ജനങ്ങളെ എംപിയാവാന്‍ കെല്‍പ്പുണ്ടെന്ന് ബോധ്യപ്പെടുത്തട്ടെയെന്നും കെടി രാമറാവു പരിഹസിച്ചു. ടിആര്‍എസ് ഭാരത് രാഷ്ട്ര സമിതിയെന്ന പേരു മാറ്റിയതിനാണ് രാഹുല്‍ പരിഹസിച്ചു. ഹൈദരാബാദില്‍ എട്ട് നൈസാമുകള്‍ ഉണ്ടെന്നും കെസിആറിന്റെ ഭരണത്തെ സൂചിപ്പിച്ച് ജയറാം രമേശ് വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications