ഹൈദരാബാദില്‍ ഔദ്യോഗിക പരിപാടിക്കെത്തി മോദി, കെസിആര്‍ പങ്കെടുക്കില്ല, സ്വീകരിക്കാനും വന്നില്ല
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൈദരാബാദ് സന്ദര്‍ശനം രാഷ്ട്രീയ പോരിനുള്ള വേദിയായി മാറുന്നു. നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ഔദ്യോഗിക പരിപാടികള്‍ക്കായിട്ടാണ് പ്രധാനമന്ത്രി ഹൈദരാബാദിലെത്തിയത്. എന്നാല്‍ വിമാനത്താവളത്തിലെത്തിയ മോദിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എത്തിയില്ല. ഇതാണ് രാഷ്ട്രീയ വിവാദത്തിന് കാരണമായിരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലൊന്നിലും കെസിആര്‍ പങ്കെടുക്കുന്നില്ല. ഇത് അമ്പരപ്പിക്കുന്ന തീരുമാനമാണ്. ഇന്റര്‍നാഷണല്‍ ക്രോപ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെമി ആരിഡ് ട്രോപ്പിക്‌സിന്റെ 50ാം വാര്‍ഷികാഘോഷ ചടങ്ങിലാണ് മോദി ആദ്യം പങ്കെടുത്തത്.

216 അടി ഉയരമുള്ള സ്വാമി രാമാനുജാര്യയുടെ പ്രതിമയും പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നുണ്ട്. അതേസമയം നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് കെസിആര്‍ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കെസിആറിന് പനിയായത് കൊണ്ടാണ് ചടങ്ങുകളില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. എന്നാല്‍ ആരോഗ്യ പ്രശ്‌നം മാത്രമല്ല കാരണമെന്ന് ബിജെപി പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് മോദിക്കെതിരെ രൂക്ഷ വിമര്‍ശനം കെസിആര്‍ ഉന്നയിച്ചത്. തിരഞ്ഞെടുപ്പിനായി വസ്ത്രം ധരിച്ച് വരുന്നയാളാണ് മോദി. ഗുജറാത്ത് മോഡല്‍ മികവില്ലാത്ത ഭരണരീതിയാണ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ നുണകള്‍ പ്രചരിപ്പിക്കുകയാണ് മോദി ചെയ്യുന്നതെന്നും കെസിആര്‍ ആരോപിച്ചു.
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വരാതിരുന്ന കെസിആറിന്റെ നടപടി നാണക്കേടാണെന്ന് തെലങ്കാന ബിജെപി കുറ്റപ്പെടുത്തി. കെസിആര്‍ തുടര്‍ച്ചയായി ഭരണഘടനയെ അപമാനിക്കുകയാണെന്നും ബിജെപി പറഞ്ഞു. നേരത്തെ താന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി മോദിയെ സ്വീകരിക്കാനെത്തുമെന്ന് കെസിആര്‍ പറഞ്ഞിരുന്നു. ബിജെപിയെ വിമര്‍ശിക്കുന്നത് എന്റെ രാഷ്ട്രീയമാണ്. എന്നാല്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നത് പ്രോട്ടോക്കോളാണ്. പ്രധാനമന്ത്രിക്കൊപ്പം വിമാനത്തില്‍ സഞ്ചരിക്കാനും താനുണ്ടാവുമെന്നും കെസിആര്‍ നേരത്തെ പറഞ്ഞിരുന്നു. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി, തെലങ്കാന മന്ത്രി ശ്രീനിവാസ് യാദവ് എന്നിവരാണ് മോദിയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയത്.
തെലങ്കാന ബിജെപി അധ്യക്ഷന്‍ ബാന്ദി സഞ്ജയ് കുമാര്‍ രൂക്ഷ വിമര്‍ശനമാണ് കെസിആറിനെതിരെ ഉന്നയിച്ചത്. ചന്ദ്രശേഖര റാവുവിന്റേത് അപലപനീയമായ നടപടിയാണ്. ഇതാണോ കെസിആറിന്റെ സംസ്‌കാരം?80000 പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ പറയുന്നു. അതില്‍ നിന്നെല്ലാം നിങ്ങള്‍ പഠിച്ചത് ഇങ്ങനെ പെരുമാറാനാണോ എന്നും സഞ്ജയ് കുമാര്‍ ചോദിച്ചു. കെസിആര്‍ സ്വന്തം ഫാം ഹൗസിലേക്കാണ് പോയത്. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പരിപാടികള്‍ ഒഴിവാക്കിയത്. പ്രധാനമന്ത്രിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നത് തുല്യമാണ്. ഏത് സമയവും കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നല്‍കിയിരുന്നു മോദി. അദ്ദേഹത്തിന്റെ വിശാല മനസ്സ് കെസിആറിന് ഇല്ലെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications