ശശി തരൂര്‍ കഴുതയാണ്, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ട സമയമായി, അമ്പരപ്പിച്ച് രേവന്ത്
ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ ഞെട്ടിച്ച പ്രസ്താവനയുമായി തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി. ഹൈദരാബാദില്‍ തരൂര്‍ കഴിഞ്ഞ ദിവസം നടത്തിയ സന്ദര്‍ശനമാണ് രേവന്തിനെ ചൊടിപ്പിച്ചത്. തെലങ്കാന നേതൃത്വത്തെ തരൂര്‍ സന്ദര്‍ശനത്തെ കുറിച്ച് അറിയിക്കുക പോലും ചെയ്തിരുന്നില്ല.
തരൂര്‍ ശരിക്കുമൊരു കഴുതയാണെന്ന് രേവന്ത് തുറന്നടിച്ചു. അദ്ദേഹത്തെ എത്രയും പെട്ടെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തെ മുഴുവന്‍ അമ്പരപ്പിച്ചിരിക്കുകയാണ് ഈ പ്രസ്താവനയിലൂടെ അദ്ദേഹം. കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാവാണ് ശശി തരൂര്‍. ഈ പരാമര്‍ശം അതികടന്നതാണെന്ന കാര്യത്തില്‍ സംശയമില്ല.

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് രേവന്ത്. സംസ്ഥാന അധ്യക്ഷനായി രേവന്ത് വരുന്നത് തന്നെ രാഹുലിന്റെ പിന്തുണയോടെയാണ്. ഈ സാഹചര്യത്തില്‍ പ്രസ്താവനയുടെ ധാര്‍മിക ഉത്തരവാദിത്തം രാഹുലിനും കൂടിയുള്ളതാണ്. ജി23യിലെ നേതാവാണ് തരൂര്‍ എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്. കുറച്ച് നാളായി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല തരൂര്‍ എന്നും സൂചനയുണ്ട്. ബുധനാഴ്ച്ച ഹൈദരാബാദിലെത്തിയ തരൂര്‍ മാധ്യമങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഐടി മന്ത്രി കെടി രാമറാവുവിനെ സന്ദര്‍ശനത്തില്‍ തരൂര്‍ പ്രശംസിച്ചിരുന്നു. ഇതാണ് രേവന്തിനെ കൂടുതല്‍ ചൊടിപ്പിച്ചത്. കെസിആറിന്റെ മകന്‍ കൂടിയാണ് കെടിആര്‍.

തെലങ്കാനയില്‍ കെസിആറിന്റെയും മകന്റെയും കടുത്ത രാഷ്ട്രീയ എതിരാളിയാണ് രേവന്ത് റെഡ്ഡി. കെസിആര്‍ കുടുംബത്തിന്റെ എല്ലാ അഴിമതി കഥകളും താന്‍ പുറത്തുകൊണ്ടുവരുമെന്ന വാശിയിലാണ് രേവന്ത്. തുടര്‍ച്ചയായ ആരോപണങ്ങളുമായി തെലങ്കാന ഭരണകൂടത്തെ സമ്മര്‍ദത്തിലാക്കുന്ന സമയത്താണ് കെടിആറിനെ തരൂര്‍ പ്രശംസിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസിനെ തന്നെ തകര്‍ക്കുന്നതാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കരുതുന്നുണ്ട്. ശശി തരൂരും കെടിആറും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് രേവന്ത് ആരോപിച്ചു. ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഇംഗ്ലീഷ് നന്നായി അറിയാം. പക്ഷേ ഇവര്‍ക്ക് നല്ല അറിവുണ്ടെന്ന് അതുകൊണ്ട് അര്‍ത്ഥമില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

തരൂരിന് ഒന്നും അറിയില്ല. ശരിക്കുമൊരു കഴുതയാണ്. കോണ്‍ഗ്രസിന് ബാധ്യതയാണ് അയാള്‍. എത്രയും പെട്ടെന്ന് പുറത്താക്കണം. അങ്ങനെയൊരു പാര്‍ലമെന്റ് അംഗത്തെ നമുക്ക് വേണ്ടതില്ല. ഈ കഴുതയ്ക്ക് കെടിആര്‍ സൈദാപേട്ട് കേസില്‍ നടത്തിയ ട്വീറ്റിനെ കുറിച്ച് ഒന്നുമറിയില്ലേയെന്ന് രേവന്ത് ചോദിക്കുന്നു. സൈദാപേട്ടില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടിച്ചെന്നായിരുന്നു കെടിആര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ആ സമയം പോലീസ് പ്രതികളെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. ദിവസങ്ങള്‍ കഴിഞ്ഞ് പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചതോടെയാണ് കെടിആറിന്റെ ട്വീറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്.

തെലങ്കാനയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാതെ ഇവിടെയുള്ള കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ നില്‍ക്കുന്നത്. കെടിആറും തരൂരും ഇംഗ്ലീഷില്‍ പരസ്പരം സംസാരിച്ചാല്‍, തെലങ്കാനയില്‍ മാറ്റങ്ങളൊന്നും വരാന്‍ പോകുന്നില്ലെന്നും രേവന്ത് റെഡ്ഡി തുറന്നടിച്ചു. അതേസമയം ഇതുവരെ തരൂര്‍ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പ് മറ്റൊരു വിവാദം രേവന്തില്‍ നിന്ന് ഉണ്ടായിരുന്നു. അതിന്റെ ചൂടാറും മുമ്പാണ് തരൂരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കൊല്ലപ്പെട്ട ആറ് വയസ്സുകാരിയുടെ വീട് നേരത്തെ രേവന്ത് സന്ദര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തുന്നവരെ കൊന്നുകളയണമെന്നാണ് രേവന്തിന്റെ പ്രഖ്യാപനം. ദിഷയെ പോലെ ഈ കുട്ടിക്കും നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദിഷ കേസില്‍ ആരോപണവിധേയരായ നാല് പേരെ ഏറ്റമുട്ടലില്‍ പോലീസ് കൊലപ്പെടുത്തുകയായിരുന്നു. കഞ്ചാവ് അടിച്ച ഉന്മാദത്തിലാണ് നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ചെയ്തവനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തണം. യുവാക്കള്‍ സംസ്ഥാനത്ത് വഴിതെറ്റുകയാണ്. മദ്യവും മയക്കുമരുന്നും യഥേഷ്ടം തെലങ്കാനയില്‍ ലഭിക്കുന്നു. കഞ്ചാവ് സുലഭമാണ്. ഇതുവരെ ഇരയുടെ വീട് സന്ദര്‍ശിക്കാന്‍ പോലീസ് കമ്മീഷണര്‍ക്ക് സാധിച്ചോ. കെസിആര്‍ ആദ്യം ഈ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തയ്യാറാവണം. ആദിവാസി-ദളിത് കുടുംബങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തെലങ്കാനയില്‍ വര്‍ധിക്കുകയാണെന്നും രേവന്ത് പറഞ്ഞു.












Click it and Unblock the Notifications