നൽകിയത് തെറ്റായ വിവരങ്ങൾ, പക്ഷേ ഒടിപി കുടുക്കി; വയോധികയെ കൊന്ന പ്രതികളെ പിടിച്ചത് ഇങ്ങനെ
പാലക്കാട്: ഇടുക്കി അടിമാലിയിൽ വയോധികയുടെ കഴുത്തറുത്ത് കൊന്ന പ്രതികളെ വലയിലാക്കിയത് അവരുടെ അതിബുദ്ധി. മോഷണമുതൽ പണയം വയ്ക്കാനായി ഇവർ എത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നൽകിയ വിവരങ്ങൾ മുഴുവൻ തെറ്റായിരുന്നെങ്കിലും അവിടെ പണം കിട്ടാൻ ഒടിപി വേണ്ടി വന്നതോടെ പ്രതികൾ ആപ്പിലായി. തുടന്ന് പോലീസ് ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇവർ പിടിയിലായത്.
അടിമാലി നെടുവേലി കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമയാണ് (70) കൊല്ലപ്പെട്ടത്. കേസിൽ രണ്ട് പേരാണ് പിടിയിലായത്. കൊല്ലം കിളികൊല്ലൂർ സ്വദേശി അലക്‌സ്, കവിത എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷണത്തിന് ശേഷം അവിടെ നിന്ന് കടന്നുകളഞ്ഞ ഇവരെ പാലക്കാട് നിന്നാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസമായിരുന്നു ഫാത്തിമയെ ഇവർ കൊലപ്പെടുത്തിയത്. വീട് വാടകയ്ക്ക് എടുക്കാനെന്ന പേരിലായിരുന്നു അലക്‌സും കവിതയും അടിമാലിയിൽ ചെന്നത്. തുടർന്ന് ഫാത്തിമ കാസിമിന്റെ വീട്ടിലെത്തിയ പ്രതികള്‍ സ്വർണമാല മോഷ്‌ടിക്കാനുള്ള ശ്രമത്തിനിടെ വയോധികയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൂടാതെ കൊലപാതകത്തിന് ശേഷം മുറിക്കുള്ളില്‍ മുളക് പൊടി വിതറി തെളിവുകള്‍ നശിപ്പിക്കാനും ഇവർ ശ്രമിച്ചിരുന്നു. മോഷ്‌ടിച്ച സ്വർണ മാല അടിമാലിയിൽ തന്നെ പണയം വച്ച ശേഷമാണ് ഇവർ പാലക്കാടേക്ക് കടന്നത്. സ്ഥാപനത്തിൽ വിവരങ്ങളെല്ലാം തെറ്റായി നൽകിയെങ്കിലും ഒടിപിക്കായി അവർ അവിടെ കൊടുത്ത മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
പാലക്കാട് നിന്ന് അടിമാലിയിൽ എത്തിച്ച പ്രതികളെ ചോദ്യം ചെയ്‌ത് വരികയാണെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. നേരത്തെ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ പങ്കെടുത്തവരാണോ ഇവർ, സമാനമായ കൃത്യങ്ങൾ ചെയ്‌തിട്ടുണ്ടോ എന്നതുൾപ്പെടെ പോലീസ് പരിശോധിച്ചേക്കും.












Click it and Unblock the Notifications