ധീരജിന്റെ കൊല എസ്എഫ്‌ഐയ്ക്ക് പറ്റിയ കൈയ്യബദ്ധം; പ്രസ്താവന വളച്ചൊടിച്ചെന്ന് സിപി മാത്യു
ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. ധീരജിന്റെ കൊലപാതകം എസ്എഫ്‌ഐക്ക് പറ്റിയ കൈയ്യബദ്ധമാണ്. കുത്തിയവന്റെ കൈയ്യില്‍ കത്തിയുണ്ട്. യഥാര്‍ത്ഥ കുറ്റവാളിയെ കത്തി തപ്പിയാല്‍ കിട്ടുമെന്നും സിപി മാത്യു പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത വിഷയത്തില്‍ പ്രകോപന പ്രസംഗവുമായി സിപി മാത്യു രംഗത്തെത്തി. ഇനിയും ഇത്തരം കാര്യങ്ങള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയാല്‍ ധീരജിന്റെ ഗതി വരുമെന്നാണ് മാത്യുവിന്റെ പരാമര്‍ശം.

ധീരജിന്റെ കൊലയ്ക്ക് ഉപയോഗിചത്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണ സംഘത്തിന് കൂച്ചുവിലങ്ങിട്ടത് ആരാണെന്നും മാത്യു ചോദിച്ചു. ധീരജ വധക്കേസില്‍ സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്തംഗമായ സത്യന്‍, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ടോണി കുര്യാക്കോസ്, വിഷ്ണു എന്നിവരുടെ ഇടപെടല്‍ സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണം മാറുമ്പോള്‍ പുതിയ അന്വേഷണം വരും. അപ്പോള്‍ സത്യം പുറത്ത് വരും. അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ പരാമര്‍ശത്തിനെതിരെ എസ്എഫ്‌ഐ രംഗത്ത് വന്നിരുന്നു. ധീരജിന്റെ കൊലപാതകത്തിലെ ഉന്നത തല ഗൂഢാലോചന പുറത്ത് വന്നിരിക്കുകയാണെന്നും എസ്എഫ്‌ഐ പറഞ്ഞു.
ഇതിനിടെ ഇന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവും സ്വര്‍ണക്കടത്ത് കേസും പ്രതിപക്ഷം സഭയില്‍ ചര്‍ച്ചയാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തോട് ചൂടാവുകയും ചെയ്തു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. മാത്യു കുഴല്‍നാടന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കുമ്പോഴായിരുന്നു മുഖ്യമന്ത്രി ക്ഷുഭിതനായത്. എങ്ങനെയും തട്ടിക്കളയാണെന്നാണ് കുഴല്‍നാടന്റെ വിചാരണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. അതിന് വേറെ ആളെ നോക്കണമെന്നും മറുപടിയും അദ്ദേഹത്തില്‍ നിന്നുണ്ടായി.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍ തന്റെ മെന്ററാണെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വിശേഷിപ്പിച്ചതായി മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. ഇത് പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയ്ക്കിടെ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുപാട് പേര്‍ ശ്രമിച്ചിട്ടുണ്ട്. കുഴല്‍നാടനും അതില്‍ വരും. എന്താണ് നിങ്ങള്‍ വിചാരിച്ചത്. മകളെ കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ? അത്തരത്തിലുള്ള ഒരാളെ എന്റെ മകള്‍ മെന്ററായിട്ട് പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുക. എന്തും പറയാമെന്നാണോ? അത്തരം കാര്യങ്ങള്‍ മനസ്സില്‍ വെച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications