ഇടുക്കിയില്‍ കനത്ത മഴ; മലങ്കര ഡാമിലെ ആറ് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു, പല മേഖലകളിലും ജാഗ്രത നിര്‍ദേശം
ഇടുക്കി:ജില്ലയില്‍ കനത്ത മഴ തുടരുന്നു. പല മേഖലകളിലും മണ്ണിടിച്ചില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര ഡാമിലെ ആറ് സ്പില്‍വേ ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 300.03 ഘന അടി ജലാണ് പുറത്തേക്ക് ഒഴുക്കുവിടുന്നത്. തൊടുപുഴ, മൂവാറ്റുപുഴ നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടാകുമെന്നും ജാഗ്രതവേണമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയും നീരൊഴുക്കും തുടരുകയാണ്. ഈ സാഹചര്യത്തില്‍ കുണ്ടള അണക്കെട്ടിലെ അഞ്ച് ഷട്ടറുകള്‍ 50 സെന്റീ മീറ്റര്‍ വീതം ആവശ്യാനുസരണം തുറന്ന് 60 ക്യൂമെക്സ് വരെ കുണ്ടളയാറുവഴി മാട്ടുപ്പെട്ടി സംഭരണിയിലേക്ക് ഒഴുക്കിവിടും.ഘട്ടം ഘട്ടമായാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ബഹിര്‍ഗമന പാതയുടെ സമീപത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശമുണ്ട്.

തിങ്കളാഴ്ച മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ച് ഹൈറേഞ്ചിൽ പല മേഖലകളിലും ഗതാഗതം മുടങ്ങിയിരുന്നു. പീരുമേട് താലൂക്കിൽ ദേശീയപാതയിൽ നാലിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.വണ്ണപ്പുറം- കോട്ടപ്പാറ റോഡിലേക്ക് കൂറ്റൻ കല്ല് വീണ് ഗതാഗതം തടസ്സപ്പെട്ടു. തലക്കോട്- മുള്ളരിങ്ങാട് റോഡിൽ അമേൽതൊട്ടി ഭാഗത്ത് റോഡിന്റെ അരികിടിഞ്ഞു. കുട്ടിക്കാനം പൊലീസ് ക്യാമ്പിന് സമീപം ദേശീയപാതയിൽ ഒരു വശത്ത് സംരക്ഷണഭിത്തിയുടെ കെട്ടിടിഞ്ഞു. പന്നിമറ്റം- കുളമാവ് റോഡിൽ കോഴിപ്പള്ളി ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു.
40.88 മില്ലി മീറ്റർ മഴയാണ് തിങ്കളാഴച്ച ജില്ലയില്‍ രേഖപെടുത്തിയത്. ഇടുക്കി താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്- 89 മില്ലി മീറ്റർ. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊക്കയാർ, വടക്കേമല മേഖലയിൽ മഴ ശക്തമായതോടെ നാല് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. കൊക്കയാർ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മുക്കുളം, പൂവഞ്ചി, കുറ്റിപ്ലങ്ങാട് എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്.
ജില്ലയിൽ റെഡ് അലർട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലതലത്തിൽ ജില്ല അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിലും കൺട്രോൾ റൂമുകൾ തുറന്നു. അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിലെ (ഡി.ഇ.ഒ.സി) 9383463036, 7034447100, 04862 233111, 04862 233130. എന്നി നമ്പറുകളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെട്ടാവുന്നതാണ്.
ഇത് ബാംഗ്ലൂരിലെ അലസമായ ഒരു ശനിയാഴ്ച.. കൂട്ടിന് ആ വൈബും; പുത്തന്‍ ചിത്രങ്ങളില്‍ കിടുക്കി എസ്തർ അനില്‍












Click it and Unblock the Notifications