ഫുട്ബോൾ മത്സരം കണ്ട് മടങ്ങുമ്പോൾ കാട്ടാനകളുടെ മുന്നിൽപെട്ടു; നടുവിന് ചവിട്ടി, യുവാവ് മരണപ്പെട്ടു!
രാജാക്കാട്: ഇടുക്കിയില്‍ കാട്ടാന അക്രമണത്തില്‍ ഒരു മരണം കൂടി. ചിന്നക്കനാല്‍ 301 കോളനിയിലാണ് അപകടം നടന്നത്. അടിമാലി കല്ലാര്‍ പെട്ടിമുടി ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ തങ്കച്ചനാണ് ആനയുടെ ചവിട്ടേറ്റ് കഴിഞ്ഞ രാത്രിയില്‍ മരിച്ചത്. ചിന്നക്കനാല്‍ 301 കോളനിയില്‍ ഭാര്യയുടെ വിഹിതമായ കൃഷിയിടത്തില്‍ ഷെഡ് കെട്ടി കൃഷി ചെയ്തു വന്നിരുന്ന തങ്കച്ചന്‍ രണ്ട് ദിവസമായി ഇവിടുത്തെ താല്‍ക്കാലിക ഷെഡില്‍ താമസിച്ചു വരികയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ബന്ധുവായ ഗോപിയുടെ വീട്ടില്‍ പോയി ഫുട്‌ബോള്‍ മല്‍സരം കണ്ടുമടങ്ങി വരുന്നതിനിടെ വഴിയില്‍ നില്‍ക്കുകയായിരുന്ന കാട്ടാനകളുടെ മുന്നില്‍ ഇദ്ദേഹം പെടുകയായിരുന്നു. മൂടല്‍ മഞ്ഞ് മൂലം വഴി വ്യക്തമായിരുന്നില്ല. കയ്യിലിരുന്ന ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ആന മുന്നില്‍ നില്‍ക്കുന്നത് തിരിച്ചറിഞ്ഞ് ഇരുവരും ഓടിമാറി. ഒപ്പമുണ്ടായിരുന്ന ഗോപി ചപ്പും മുള്‍പ്പടര്‍പ്പും നിറഞ്ഞ കുഴിയിലേയ്ക്ക് വീണതിനാല്‍ ആക്രമണം ഏല്‍ക്കാതെ രക്ഷപെട്ടു.

എന്നാല്‍ ടോര്‍ച്ച് തെളിയിച്ചു കൊണ്ട് മറ്റൊരു ഭാഗത്തേയ്ക്ക് ഓടിയ തങ്കച്ചനെ ആനകള്‍ പിന്‍തുടര്‍ന്നു. ഓട്ടത്തിനിടെ വഴിയില്‍ തട്ടിവീണ തങ്കച്ചന്റെ നടുവിനു ചവിട്ടിക്കൊണ്ട് ഒരു ആന മറികടന്ന് പോയതാണ് മരണക്കാരണം. സമീപത്ത് വീണു കിടന്ന തങ്കച്ചന്‍ ഒച്ച വച്ച് പരിസരവാസികളെ കൂട്ടുകയും,വനപാലകരെ വിവരം അറിയിക്കുകയും ചെയ്തു.
വനം വകുപ്പ് ചിന്നക്കനാല്‍ സെക്ഷന്‍ ഫോറസ്റ്റര്‍ കെഎം സാബു,ബീറ്റ് ഫോറസ്റ്റര്‍മാര്‍, ബോഡിമെട്ട് സെക്ഷന്‍ ഫോറസ്റ്റര്‍ കെകെ വിനോദ് എന്നിവര്‍ വാഹനവുമായി എത്തി ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും പതിയവഴിയില്‍വെച്ച് തന്നെ മരണം സംഭിക്കുകയായിരുന്നു. കാട്ടാനയാക്രമണത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്.












Click it and Unblock the Notifications