ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി; ഒരാള്‍ക്ക് നീന്തലറിയില്ലെന്ന് നാട്ടുകാര്‍
ഇടുക്കി: വളളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ ആണ് സംഭവം. 301 കോളനിയിലെ താമസക്കാരായ ഗോപിനാഥന്‍, സജീവന്‍ എന്നിവരെയാണ് വള്ളം മറിഞ്ഞ് കാണാതായത്. ആനയിറങ്കല്‍ ഭാഗത്ത് നിന്ന് 301 കോളനിയിലേക്ക് വരുന്നതിനിടെ ആണ് അപകടമുണ്ടായത്. സജീവന്‍ അല്‍പദൂരം നീന്തിയെങ്കിലും പിന്നീട് മുങ്ങിപ്പോകുകയായിരുന്നു.
അതേസമയം ഗോപിക്ക് നീന്തല്‍ അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ നിന്നും അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാര്‍ സ്വന്തം വള്ളങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്. ഇരുവരെയും കാണാതായ സ്ഥലം ചതുപ്പ് പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ശ്രമകരമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രദേശത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നതിനാല്‍ ആളുകള്‍ ബഹളം വെച്ചപ്പോള്‍ ആനകളെ ഓടിക്കുന്നതിനാണെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീടാണ് വള്ളം മറിഞ്ഞതാണ് എന്ന് നാട്ടുകാര്‍ക്ക് മനസിലാകുന്നത്. മുമ്പ് അരികൊമ്പന്റെ സാന്നിധ്യമുണ്ടായിരുന്ന പ്രദേശമാണ് ആനയിറങ്കല്‍ ഡാമും 301 കോളനിയും.
പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മുങ്ങല്‍വിദഗ്ധരെയടക്കം സ്ഥലത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് ശ്രമം. സാധനങ്ങള്‍ വാങ്ങാനായി രാവിലെ 10 മണിയോടെ ഇരുവരും ആനയിറങ്കലിലേക്ക് ഇറങ്ങിയതായിരുന്നു എന്നാണ് വിവരം. കോളനിക്കാര്‍ക്ക് സഞ്ചരിക്കാനുളള വള്ളത്തിലായിരുന്നു ഇവര്‍ ആനയിറങ്കല്‍ ഡാം കടന്നത്. സാധനങ്ങള്‍ വാങ്ങി കോളനിയിലേക്ക് മടങ്ങുമ്പോഴാണ് അപകടം.












Click it and Unblock the Notifications