ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ; സിഎസ്‌ഐ വൈദികര്‍ക്കെതിരെ കേസ്, ശക്തമായ നടപടി
തൊടുപുഴ: മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ ധ്യാനം നടത്തിയ സംഭവത്തില്‍ സിഎസ്‌ഐ വൈദികര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും പകര്‍ച്ച വ്യാധി നിയമം അനുസരിച്ച് കേസെടുക്കാനാണ് കളക്ടറുടെ നിര്‍ദേശം. ധ്യാനത്തിന് അനുമതി ലഭിച്ചിരുന്നു എന്ന സഭയുടെ വിശദീകരണം സംബന്ധിച്ച് ദേവികുളം സബ്കളക്ടറോട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി.

ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് മൂന്നാര്‍ സിഎസ്‌ഐ പള്ളിയില്‍ ധ്യാനം സംഘടിപ്പിച്ചത്. ഏപ്രില്‍ 12 മുതല്‍ കൊറോണ വ്യാപന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്ക് വിലക്കുണ്ടായിരുന്നു. പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ 500ഓളം പേര്‍ പങ്കെടുത്ത് നടത്തിയ ധ്യാനം നിയമ ലംഘനമാണ് എന്നാണ് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ ബിഷപ്പ് റസാലം ഉള്‍പ്പെടെയുള്ളവര്‍ പ്രതിയാകുമെന്നാണ് സൂചന.
അനുമതി തേടി ആരും സമീപിച്ചിരുന്നില്ല എന്നാണ് ദേവികുളം സബ് കളക്ടര്‍ പറയുന്നത്. ധ്യാനത്തില്‍ പങ്കെടുത്തവരില്‍ 80ഓളം പേര്‍ക്ക് കൊറോണ രോഗം ബാധിച്ചുവെന്നും രണ്ടു പേര്‍ മരിച്ചു എന്നും വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ 24 പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന് സഭ പറയുന്നു.
കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ധ്യാനം മാറ്റിവെക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് നിര്‍ദേശം ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചിലര്‍ക്ക് ദേഹാസ്വാസഥ്യമുണ്ടാകുകയും നാട്ടിലെത്തി പരിശോധിച്ചപ്പോള്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. രണ്ടു വൈദികര്‍ മരിക്കുകയും ചെയ്തു.












Click it and Unblock the Notifications