നീണ്ട 12 വർഷത്തെ കാത്തിരിപ്പ്! തേനിയിൽ വീണ്ടും ട്രെയിൻ; ഹൈറേഞ്ച് നിവാസികളുടെ യാത്രകൾക്ക് തുടക്കം
ഇടുക്കി: 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തേനിയിലേക്ക് വീണ്ടും ട്രെയിൻ എത്തിയത്. ഹൈറേഞ്ച് നിവാസികളെ സംബന്ധിച്ച് ഏറെ സന്തോഷവും ഗുണകരവും ആയ വാർത്തയാണിത്. നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ തേനി - മധുര ബ്രോഡ്ഗേജ് പാതയിലാണ് ട്രെയിൻ വന്നെത്തിയത്.
ഇതോടെ ഉടുമ്പൻചോല, ദേവികുളം, പീരുമേട് എന്നീ താലൂക്കുകളിലെ ജനങ്ങൾക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആയി മാറിയിരിക്കുകയാണ് തേനി. 1928 ബ്രിട്ടീഷുകാർ ഇവിടെ റെയിൽ പാളം പണിതിരുന്നു. പിന്നീട് മീറ്റർ ഗേജ് മാറ്റി ബ്രോഡ് ഗേജാക്കുന്നതിനായി 2010 - ൽ മധുരയിൽ നിന്ന് തേനി വഴി ബോഡിനായ്ക്കന്നൂരിലേക്ക് പോകുന്ന ട്രെയിൻ സർവീസ് നിർത്തി. ഇത് ഏറെ യാത്രാ ദുരിതം സൃഷ്ടിച്ചിരുന്നു.

എന്നാൽ, റെയിൽവേ പാതയുടെ നവീകരണ ജോലികൾ ഏറെ സമയമെടുത്താണ് പൂർത്തീകരിക്കാൻ കഴിഞ്ഞത്. ട്രെയിൻ എത്തിയതോടെ ഹൈറേഞ്ചിലെ ജനങ്ങളുടെ പുതിയ യാത്രക്കൾക്ക് ഇപ്പോൾ തുടക്കം ആയിരിക്കുന്നു എന്ന് പറയാം. ബാക്കി പണികൾ കൂടി അവശേഷിക്കുന്നുണ്ട്. തേനിയിൽ നിന്ന് ബോഡിനായ്ക്കന്നൂരിലേക്ക് ഉളള 17 കിലോമീറ്റർ പാത കൂടി ഇനി പൂർത്തീകരിക്കണം.
ഇത്, മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികൾക്ക് അവരുടെ യാത്ര കൂടുതൽ എളുപ്പമാകാൻ ഉതകും. നിലവിൽ 450 കോടി രൂപ ചെലവഴിച്ചാണ് മധുരയിൽ നിന്ന് തേനി വരെയുള്ള ജോലികൾ പൂർത്തീകരിച്ചിരിക്കുന്നത്. ഹൈറേഞ്ച് നിവാസികളുടെ 12 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ടാണ് ഈ ശുഭ വാർത്ത എത്തിയത്. നിശ്ചിത സമയം ക്രമീകരിച്ച് ട്രെയിനുകൾ സർവീസ് നടത്തും.
അതേസമയം, സർവ്വീസ് ആരംഭിക്കുന്നതിന് മുൻപ് വേഗ പരിശോധന നടത്തിയിരുന്നു. മധുരയിൽ നിന്ന് ആണ്ടിപ്പട്ടി വരെ 56 കിലോ മീറ്റർ 2020 ഡിസംബറിലും ആണ്ടിപ്പട്ടി മുതൽ തേനി വരെയുള്ള 17 കിലോമീറ്റർ ഇക്കഴിഞ്ഞ മാർച്ചിലാണ് വേഗ പരിശോധന നടത്തിയത്. തുടർന്ന് ഇത് യാത്രയ്ക്ക് അനുയോജ്യം ആണെന്ന് ഉറപ്പാക്കിയിരുന്നു.
ട്രെയിൻ സമയ ക്രമം
ആദ്യ ഘട്ടമായി മധുരയിൽ നിന്ന് രാവിലെ 8.30 - ന് പുറപ്പെടുന്ന ട്രെയിൻ 9.35 - ന് തേനിയിൽ എത്തും. തുടർന്ന് ഈ ട്രെയിൻ വൈകിട്ട് 6.15 ന് വീണ്ടും തേനിയിൽ നിന്ന് മധുരയിലേക്ക് തിരിക്കും. തുടർന്ന് 7.35 - ന് മധുരയിൽ എത്തും. പ്രധാനമായും ഈ സമയം ക്രമീകരിച്ചിരിക്കുന്നത്, ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെ പരിഗണിച്ചാണ്. ഈ സർവ്വീസ് അവിടേക്ക് എത്തുന്ന യാത്രക്കാരെ ഏറെ സഹായിക്കും.
അതേസമയം, വൈകിട്ട് 7.35 - ന് മധുരയിൽ എത്തിയാൽ അവിടെ നിന്നു തന്നെ വിവിധ സ്ഥലങ്ങളിലേക്ക് മറ്റ് ട്രെയിനുകളിൽ യാത്ര തുടരാൻ കഴിയും. എന്നാൽ, മധുരയിൽ രാവിലെ ട്രെയിൻ ഇറങ്ങുന്നവർക്ക് തേനിയിലും സുഗമമായി എത്താം എന്നതും മറ്റൊരു പ്രത്യേകതയാണ്.
'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ
പുതിയ സർവ്വീസ് എത്തിയത് ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് നിവാസികൾക്ക് അനുഗ്രഹം ആവുകയാണ്. ഈ പാതവഴി ഏലം, കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധ വ്യജ്ഞനങ്ങളുടെയും മറ്റു ചരക്കുകളുടെയും സുഗമമായ നീക്കം എളുപ്പമാകുമെന്നത് വ്യാപാരികൾക്കും ഏറെ അനുഗ്രഹമാകും.












Click it and Unblock the Notifications