ജാതി സെന്‍സസില്‍ മോദിയെ കണ്ട് ബീഹാറിലെ 10 പാര്‍ട്ടികള്‍, നിതീഷും തേജസ്വിയും ഒരു കുടക്കീഴില്‍
ദില്ലി: ജാതി സെന്‍സസ് വാദത്തിന് ചുക്കാന്‍ പിടിച്ച് ബീഹാറിലെ പത്ത് പാര്‍ട്ടികള്‍. പ്രതിപക്ഷ-ഭരണപക്ഷ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരിക്കുകയാണ്. ബീഹാറിലെ എതിരാളികളായ ആര്‍ജെഡിയുടെ തേജസ്വി യാദവും മുഖ്യമന്ത്രി നിതീഷ് കുമാറും ഈ വിഷയത്തില്‍ ഒന്നിച്ചിരിക്കുകയാണ്. ഒപ്പം ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി, വിഐപിയുടെ മുകേഷ് സഹാനി, എന്നിവരും ഉണ്ട്. തങ്ങള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി കേട്ടു. നല്ലൊരു തീരുമാനം എടുക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ബീഹാര്‍ നിയമസഭയില്‍ ജാതി സെന്‍സസ് നടത്താന്‍ രണ്ട് തവണ പ്രമേയം പാസാക്കിയ കാര്യവും മോദിയെ അറിയിച്ചെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

പുത്തന്‍ മേക്കോവറില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
അതേസമയം നിതീഷ് നടത്തുന്ന നീക്കങ്ങളില്‍ ബിജെപി ആശങ്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കിടയില്‍ തന്നെ ജാതി സെന്‍സസ് വിഷത്തില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഇതും പരസ്യമായി വരുന്നുണ്ട്. ബിജെപിയുടെ ആശങ്കയ്ക്ക് വേറെയും കാരണമുണ്ട്. ഹിന്ദു വോട്ടിലെ വിള്ളലിന് ഈ സെന്‍സസ് കാരണമാകുമെന്നാണ് ആശങ്ക. മണ്ഡല്‍ രാഷ്ട്രീയ കാലത്തെ പോലെ മുന്നോക്ക-പിന്നോക്ക ധ്രുവീകരണത്തിന് ഇത് ഇടയാക്കിയേക്കാമെന്ന് ബിജെപി നേതാക്കള്‍ കരുതുന്നു. മോദിയെ കണ്ട സംഘത്തില്‍ ബിജെപിയുടെ പ്രതിനിധിയായി മന്ത്രി ജനക് റാമും ഉണ്ടായിരുന്നു. പ്രധാനമന്ത്രിക്ക് ഇവരെ പിണക്കാനും പിന്തുണയ്ക്കാനും പറ്റാത്ത അവസ്ഥയാണ് ഉള്ളത്.
ബീഹാറിലെയും രാജ്യത്തെ എല്ലാ ജനങ്ങളുടെയും അഭിപ്രായം ഈ വിഷയത്തില്‍ ഒന്നാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബീഹാറില്‍ മാത്രമല്ല, രാജ്യത്താകെ ജാതി സെന്‍സസ് നടത്തുന്നതിന് വേണ്ടിയാണ് മോദിയെ കണ്ടതെന്ന് തേജസ്വി പറഞ്ഞു. തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബീഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവിയെ പോലുള്ളവര്‍ ഈ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനമല്ല ഇതുവരെ എടുത്തിരിക്കുന്നത്. മൃഗങ്ങളുടെ മരണ നിരക്ക് വരെ എടുക്കാമെങ്കില്‍ ആളുകളുടെയും എടുക്കാമെന്നും തേജസ്വി പറഞ്ഞു.
ജാതി സെന്‍സസ് നടത്തുകയാണെങ്കില്‍ അത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വളരെ പ്രയോജനകരവുമായ തീരുമാനമായിരിക്കും. ജാതി സെന്‍സസ് ഒഴിവാക്കിയാല്‍ മതം രേഖപ്പെടുത്തുന്നതും ഒഴിവാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി തേജസ്വി യാദവ് വ്യക്തമാക്കി. 2021ലെ സെന്‍സസില്‍ ജാതി അടിസ്ഥാനമാക്കി ജനസംഖ്യാ കണക്കെടുപ്പ് ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതാണ് ബീഹാറിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിച്ചത്. ജാതി സെന്‍സസ് എന്ന ആവശ്യം ബിജെപി പ്രതീക്ഷിച്ചതിലും അപ്പുറം പോവുകയായിരുന്നു. ഇതിനെ തള്ളിയാലും രാഷ്ട്രീയപരമായ തിരിച്ചടി പാര്‍ട്ടിക്കുണ്ടാവും.
എന്‍ഡിഎ സഖ്യകക്ഷികളായ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച്, വിഐപി എന്നിവര്‍ പ്രതിനിധി സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു. ഇതോടെ ബിജെപിയും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. ഇവര്‍ വിവിധ വിഭാഗങ്ങളെ പിന്തുണയ്ക്കുന്നവരാണ്. അതുകൊണ്ട് വിട്ടുനിന്നാല്‍ അത് ബീഹാറില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കും. പ്രധാനമന്ത്രി ജാതി സെന്‍സസ് ആവശ്യം പരിഗണിക്കാമെന്ന് മാത്രമുള്ള ഉറപ്പാണ് നല്‍കിയത്. എന്നാല്‍ ഇത് നടപ്പാക്കുന്നതിന് മുമ്പ് ബിജെപി വലിയ തോതില്‍ കൂടിയാലോചന നടത്തുമെന്ന് ഉറപ്പാണ്. കേന്ദ്രം നടത്തിയില്ലെങ്കില്‍ ബീഹാറില്‍ മാത്രമായി ജാതി സെന്‍സസ് നടപ്പാക്കണമെന്ന് നിതീഷ് പറയുന്നു. ഇത് നിതീഷ് ബിജെപി ഇല്ലെങ്കിലും നടപ്പാക്കുമെന്ന വാശിയിലാണ്.
ജാതി സെന്‍സസിനോട് മുന്നോക്ക സമുദായങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ഇവരെ പിണക്കാന്‍ ബിജെപിക്കാവില്ല. ബിജെപിയുടെ പ്രധാന വോട്ടുബാങ്കും മുന്നോക്ക വിഭാഗമാണ്. ബ്രാഹ്മണരൊക്കെ കൈവിട്ടാല്‍ അത് വലിയ തിരിച്ചടിയാവും. സാമൂഹി സംഘര്‍ഷമുണ്ടാക്കുമെന്നാണ് ബീഹാര്‍ സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ തന്നെ പറയുന്നു. സുശീല്‍ കുമാര്‍ മോദി പക്ഷേ ജാതി സെന്‍സസിന് പാര്‍ട്ടി എതിരല്ലെന്ന് പറഞ്ഞിരിക്കുകയാണ്. ബിജെപി എംഎല്‍എമാരില്‍ ചിലര്‍ തന്നെ ഇതിനെ എതിര്‍ക്കുന്നുണ്ട്. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് സജീവ ചര്‍ച്ചയായാല്‍ അത് ബിജെപിക്ക് വലിയ വെല്ലുവിളിയാവും. ഇതിനെ എതിര്‍ത്താന്‍ യാദവര്‍ക്ക് പുറത്തുള്ള പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ പാര്‍ട്ടിക്ക് നഷ്ടമാകും.












Click it and Unblock the Notifications