പാകിസ്താനില്‍ തീര്‍ത്ഥാടനത്തിന് പോയ 100 സിഖുകാര്‍ക്ക് കൊവിഡ്, ടെസ്റ്റ് നിര്‍ബന്ധമാക്കി പഞ്ചാബ്
അമ്യത്സര്‍: പാകിസ്താനില്‍ ബൈശാഖി ഉത്സവാഘോഷങ്ങള്‍ക്ക് പോയി തിരിച്ചെത്തിയ സിഖ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നൂറോളം തീര്‍ത്ഥാടകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പാകിസ്താനിലേക്കുള്ള ആഘോഷങ്ങളുടെ ഭാഗമായുള്ള ജാഥയില്‍ പങ്കെടുത്തിരുന്നു. അതേസമയം പഞ്ചാബില്‍ അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇവര്‍ കൂട്ടത്തോടെ പാകിസ്താനില്‍ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയെത്തുന്നുണ്ട്. അതുകൊണ്ട് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സംസ്ഥാനം. കൂടുതല്‍ പേര്‍ തിരിച്ചെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്.

പഞ്ചാബില്‍ കൊവിഡ് കേസുകള്‍ നേരത്തെ തന്നെ കൂടുന്നുണ്ട്. അതിന് പുറമേയാണ് തീര്‍ത്ഥാടകര്‍ കൂടി തിരിച്ചെത്തുന്നത്. ഇവര്‍ക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അട്ടാരി-വാഗ ചെക്ക് പോസ്റ്റിലാണ് പരിശോധന നടത്തുക. 98 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. പരിശോധന തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം മൂന്നുറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അതിര്‍ത്തിയില്‍ നിന്നുള്ള അനൗദ്യോഗിക റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ചവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
ഇവരെ കൊവിഡ് ആശുപത്രികളിലേക്കോ ഹോം ക്വാറന്‍ീനിലേക്കോ മാറ്റുമെന്നാണ് സൂചന. ബൈശാഖി ആഘോഷങ്ങള്‍ക്കായി 800ലധികം തീര്‍ത്ഥാടകരാണ് പാകിസ്താനിലേക്ക് ഏപ്രില്‍ 12ന് പോയത്. ഇവരുടെ ജാഥയില്‍ നിരവധി സിഖ് സംഘടനകളും ഉണ്ടായിരുന്നു. ഇവര്‍ അതിര്‍ത്തിയിലേക്ക് പോകും മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. അതിന് ശേഷമാണ് പാകിസ്താനിലേക്ക് പ്രവേശിക്കാന്‍ സാധിച്ചത്. എസ്ജിപിസി എന്ന സിഖ് സംഘടന രണ്ട് ദിവസത്തെ ക്യാമ്പ് വരെ നടത്തിയാണ് അനുമതി നേടിയത്. എന്നാല്‍ ഇത് വലിയ തോതില്‍ രോഗവ്യാപനത്തിലേക്ക് നയിക്കുമെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം
പത്ത് ദിവസത്തെ വിസയാണ് തീര്‍ത്ഥാടകര്‍ക്ക് പാകിസ്താന്‍ ഹൈക്കമ്മീഷന്‍ അനുവദിച്ചത്. ഇവര്‍ക്ക് വിവിധ സിഖ് ഗുരുദ്വാരകള്‍ സന്ദര്‍ശിക്കാനും അനുമതിയുണ്ടായിരുന്നു. ഏപ്രില്‍ 14ന് ഗുരുദ്വാര പഞ്ജാ സാഹിബില്‍ നടക്കുന്ന ചടങ്ങായിരുന്നു ഇതില്‍ പ്രധാനം. ഇവര്‍ പലയിടത്തും തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പോയതിനാല്‍ രോഗവ്യാപനം ഉണ്ടായോ എന്ന് പറയാനായിട്ടില്ല. ഇന്ത്യയില്‍ നിന്ന് വരുന്ന യാത്രക്കാരെ പാകിസ്താന്‍ തല്‍ക്കാലം വിലക്കിയിട്ടുണ്ട്. രണ്ട് ആഴ്ച്ചത്തെ വിലക്കാണ് ഉള്ളത്.












Click it and Unblock the Notifications