'രാജ്യത്തെ ഇന്റർനെറ്റ് കണക്ഷനുകൾ 107 കോടി, പ്രതിദിനം 75 കോടി യുപിഐ ഇടപാടുകൾ'; റിപ്പോർട്ട്
ന്യൂഡൽഹി: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ ഡിജിറ്റൽ പൊതുഅടിസ്ഥാന സൗകര്യങ്ങൾ വൻ വളർച്ച കൈവരിച്ചതായി കേന്ദ്ര സർക്കാർ. കേന്ദ്ര ഇലക്ട്രോണികസ്-ഐടി സെക്രട്ടറി എസ് കൃഷ്‌ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇന്റർനെറ്റ് കണക്ഷനുകൾ 107 കോടി പിന്നിട്ടതായും, പ്രതിദിനം ഏകദേശം 75 കോടി ഇടപാടുകൾ യുപിഐ വഴി നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 100 കോടിയായി ഉയർന്നതും സർക്കാർ വികസിപ്പിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വ്യാപക ഉപയോഗവും ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റത്തിന് കരുത്തേകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഡിജിറ്റൽ രേഖാ ശേഖരണ സംവിധാനമായ ഡിജിലോക്കർ നിലവിൽ 70 കോടിയിലധികം ഉപയോക്താക്കളുള്ള പ്ലാറ്റ്‌ഫോമായി വളർന്നു.

അതേസമയം, ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച യുപിഐയെ ലോകത്തിലെ ഏറ്റവും വലിയ റിയൽ-ടൈം പേയ്‌മെന്റ് സംവിധാനമായി ഐഎംഎഫ് വിശേഷിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ കണക്കുകൾ പ്രകാരം യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനങ്ങൾ ഇതിനകം ഒമ്പത് രാജ്യങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ രാജ്യങ്ങൾ ഈ ശൃംഖലയിലേക്ക് ചേരുമെന്നാണ് പ്രതീക്ഷ.
ക്ഷേമപദ്ധതികളുടെ വിതരണത്തിലും ഡിജിറ്റൽ സംവിധാനങ്ങൾ വലിയ മാറ്റമുണ്ടാക്കിയതായി എസ് കൃഷ്‌ണൻ പറഞ്ഞു. നിലവിൽ 323 ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ പദ്ധതികളിലൂടെ 51.5 ലക്ഷം കോടി രൂപയിലധികം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ട്. ഇതിലൂടെ ചോർച്ച കുറയുകയും ക്ഷേമപദ്ധതികളുടെ കാര്യക്ഷമത വർധിക്കുകയും ചെയ്‌തുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇലക്ട്രോണിക്‌സ് നിർമ്മാണ മേഖലയിലും ഇന്ത്യ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2014-ൽ രാജ്യത്തെ ഭൂരിഭാഗം സ്‌മാർട്ട്ഫോണുകളും ഇറക്കുമതി ചെയ്‌തിരുന്നപ്പോൾ ഇന്ന് സ്‌മാർട്ട്ഫോണുകൾ ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
ഇലക്ട്രോണിക്‌സ് നിർമ്മാണത്തിലെ ആഭ്യന്തര മൂല്യവർധന ഗണ്യമായി ഉയർന്നതായും സെമികണ്ടക്‌ടർ മേഖലയിലെ സർക്കാർ പദ്ധതികൾ വേഗത്തിലായതായും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്‌ത കൈവരിക്കാനും ആഗോള നിർമ്മാണ-നവീകരണ കേന്ദ്രമായി ഇന്ത്യയെ ഉയർത്തിക്കൊണ്ടുവരാനുമുള്ള സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൃത്രിമ ബുദ്ധി മേഖലയിലെ ആഗോള വികസനങ്ങൾ ഇന്ത്യ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അമേരിക്ക ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ സൈബർ സുരക്ഷയടക്കമുള്ള മേഖലകളിലെ വെല്ലുവിളികൾ കണക്കിലെടുത്ത് അത്യാധുനിക എഐ സാങ്കേതികവിദ്യകൾക്ക് സുരക്ഷാ മാനദണ്ഡങ്ങളും അംഗീകാര സംവിധാനങ്ങളും കൊണ്ടുവരുകയാണെന്നും ഇന്ത്യയും തദ്ദേശീയ മോഡലുകൾ വികസിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിപുലമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യവും മികച്ച മനുഷ്യവിഭവശേഷിയും പരിഗണിക്കുമ്പോൾ നിർണായക സാങ്കേതികവിദ്യകളിൽ ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ സ്വാധീനം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications