ഭക്ഷ്യയോഗ്യമല്ലാത്ത കൂണുകള്‍ തിരിച്ചറിയാനായില്ല; വിഷ കൂണ്‍ കഴിച്ച് 13 മരണം, നിരവധി പേര്‍ ആശുപത്രിയില്‍
ഗുവാഹത്തി: അസമില്‍ 6 വയസ്സുള്ള കുട്ടിയും തേയിലത്തോട്ടത്തിലെ തൊഴിലാളികളും ഉള്‍പ്പെടെ 13 പേര്‍ കാട്ടുവിഷമുള്ള കൂണ്‍ കഴിച്ച് മരിച്ചു. ചികിത്സയിലിരിക്കെയാണ് ഭൂരിഭാഗം പേരും മരിച്ചതെന്നും നിരവധി പേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ദിബ്രുഗഡിലെ അസം മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ (എ എം സി എച്ച്) സൂപ്രണ്ട് പ്രശാന്ത ദിഹിന്‍ഗിയ പറഞ്ഞു.
കിഴക്കന്‍ അസമിലെ ചറൈഡിയോ, ദിബ്രുഗഡ്, ശിവസാഗര്‍, ടിന്‍സുകിയ ജില്ലകളില്‍ നിന്നുള്ള തേയില ത്തോട്ട തൊഴിലാളി സമൂഹത്തില്‍പ്പെട്ട 35 പേരെ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കൂണ്‍ കഴിച്ചതിനെത്തുടര്‍ന്ന് അസുഖം ബാധിച്ച് എ എം സി എച്ചില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസിനെ ഉദ്ധരിച്ച് ദിഹിന്‍ഗിയ പറഞ്ഞു. ഈ 35 പേരിലെ 13 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.

ഏപ്രില്‍ 6 ന് തേയില തോട്ടത്തിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്ത്രീകള്‍ കൂണുകള്‍ പെറുക്കി എടുക്കുകയും വീട്ടിലെത്തി തങ്ങള്‍ക്കും കുട്ടികള്‍ക്കുമായി കൂണ്‍ പാകം ചെയ്യുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. കൂണ്‍ ഭക്ഷിച്ച് മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദ്ദിയും കഠിനമായ വയറുവേദനയുമായി പലരും ആശുപത്രിയിലെത്തി. എല്ലാവരെയും ആദ്യം ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് അവരുടെ നില വഷളായതിനെ തുടര്‍ന്ന് എ എം സി എച്ചിലേക്ക് മാറ്റുകയായിരുന്നു.
ഏപ്രില്‍ 9 ന് ബാബുഡെംഗ ലൈനിലെ സോനാരി നാപുക് ടീ എസ്റ്റേറ്റിലെ നുനു മിര്‍ധ (24), സുമ്ലി മിര്‍ധ (20), സുന്ദര്‍ മിര്‍ധ (20), അജോയ് ബൗരി (22) എന്നിവരെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ നാല് പേരുടെയും നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാട്ടു കൂണ്‍ കഴിച്ച് നിരവധി ആളുകള്‍ എല്ലാ വര്‍ഷവും രോഗികളാകുന്നുണ്ട്.
അവരില്‍ ചിലര്‍ പലപ്പോഴും അസുഖത്തിന് കീഴടങ്ങുന്നു. ദോഷകരവും ഉപഭോഗത്തിന് യോഗ്യമല്ലാത്തതുമായ കാട്ടു കൂണുകള്‍ തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭക്ഷ്യ യോഗ്യമായ കൂണുകള്‍ ആളുകള്‍ പാകം ചെയ്ത് കഴിക്കാറുണ്ട്. എന്നാല്‍ ഭക്ഷ്യ യോഗ്യമല്ലാത്ത കൂണുകള്‍ തിരിച്ചറിയാനാകാതെ പലരും ഇത്തരത്തില്‍ ദുരന്തത്തിനിരയാകാറുണ്ട്.












Click it and Unblock the Notifications