പഞ്ചാബ് നിയമസഭയിൽ 13 ഡോക്‌ടർന്മാർ...
ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭയിൽ ആദ്യമായി എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ടവരിൽ 13 ഡോക്‌ടർമാരും. 119 അംഗനിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 92 ആംആദ്‌മി എംഎൽഎമാരിൽ 13 പേർ ഡോക്‌ടർമാരാണെന്ന് ഡൽഹി ആരോഗ്യമന്ത്രിയാണ് വ്യക്തമാക്കിയത്. ജീവൻ രക്ഷിക്കുന്ന ഡോക്‌ടർമാർ ജനപ്രതിനിധികളായിരിക്കുന്നുവെന്നും ഭഗവന്ത് മാനിന് ആശംസകൾ അറിയിക്കുന്നുവെന്നും സത്യേന്ദ്ര ജെയ്‌ൻ ട്വിറ്ററിൽ കുറിച്ചു. അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോക്‌ടർമാരുടെ ലിസ്റ്റും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ട്വീറ്റിലൂടെ ആശംസകൾ അറിയിച്ച് ശശി തരൂർ എംപിയും രംഗത്തെത്തി. ഡോക്‌ടർമാരുടെ പട്ടികയിൽ രണ്ട് പേർ ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റുകളാണ്.
പഞ്ചാബിലെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളുടെ പിന്തുണയോടെയാണ് ആംആദ്‌മി ഭരണത്തിലേറുന്നത്. ആംആദ്‌മി തരംഗത്തിൽ കോൺഗ്രസും ശിരോമണി അകാലിദളും തകർന്ന് അടിയുകയായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ചരൺജീത് സിങ് ചന്നിയുടെ തോൽവി കോൺഗ്രസിനേറ്റ വൻ തിരിച്ചടിയായിരുന്നു. പരമ്പരാഗത വോട്ടുകളിൽ വിള്ളലുകൾ വീഴ്‌ത്താൻ ഈ തെരഞ്ഞെടുപ്പിലൂടെ ആംആദ്‌മിക്ക് സാധിച്ചിട്ടുണ്ട്.

ചാംകൂർ സാഹിബിലും ബദൗറിലും മത്സരിച്ച ഛന്നിയെ പരാജയപ്പെടുത്തിയത് ആംആദ്‌മി സ്ഥാനാർഥികളാണ്. അമൃത്സർ ഈസ്റ്റിൽ നടന്നത് താരപോരാട്ടമായിരുന്നു. എന്നാൽ നവജ്യോത്സിങ്ങ് സിനെയും ബിക്രം മജീതിയയെയും തോൽപിച്ചത് ആംആദ്‌മി സ്ഥാനാർഥി ജീവൻ ജ്യോത് കൗറാണ്. ശിരോമണി അകാലിദൾ നേതാക്കളായ പ്രകാശ് സിങ്ങ് ബാദലും സുഖ്ബീർ സിങ് ബാദലിനും അടപതറിയത് എഎപിയുടെ സാധാരണക്കാരായ സ്ഥാനാർത്ഥികളോടും. കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം മത്സരിച്ച ക്യാപ്റ്റൻ സിങ് പട്യാലയിലും പരാജയപ്പെട്ടു.
ദലിത് വോട്ടുകൾ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ചന്നിയെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയത്. എന്നാൽ പാർട്ടിക്കുള്ളിൽ നടന്ന ഉൾപ്പോരിനെ തുടർന്ന് ജനങ്ങൾ കോൺഗ്രസിനെ കൈവിടുകയായിരുന്നു. മാത്സാ മേഖലയിലെ തോൽവി അകാലിദളിൻ്റെ രാഷ്ട്രീയ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. മത സമുദായിക ഘടകങ്ങൾക്കപ്പുറം പഞ്ചാബ് വോട്ട് നൽകി എന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധയേമാക്കുന്നത്.
കോൺഗ്രസിലെ ഉൾപാർട്ടി പോരാണ് വൻ പരാജയത്തിലേക്ക് വഴിതെളിച്ചതെന്ന് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ജി എസ് ബാലി ആരോപിച്ചിട്ടുണ്ട്. ചന്നിയെ മുന്നിൽവച്ചുള്ള പരീക്ഷണം പരാജയപ്പെട്ടെന്നും ഹൈക്കമാൻഡ് നേരിട്ട് ഇടപ്പെട്ട് പുനസംഘടന നടത്തണമെന്നും ഇതിനകം ജി എസ് ബാലി ആവശ്യപ്പെട്ടു കഴിഞ്ഞു. സംഘടന സംവിധാനത്തിൽ വലിയ പിഴവുണ്ടായി. ഉള്‍പ്പാര്‍ട്ടി പോര് ജനങ്ങൾക്കിടയിൽ ചർച്ചയായി. ഹൈക്കമാൻഡ് നേരിട്ട് ഇടപ്പെട്ട് പുനസംഘടന നടത്തണം ഇല്ലെങ്കിൽ സംസ്ഥാനത്ത് കോൺഗ്രസ് തകരുമെന്നും ജി എസ് ബാലി പറയുന്നു.












Click it and Unblock the Notifications