ദക്ഷിണേന്ത്യയിൽ നിന്ന് 13 മന്ത്രിമാർ, 5 മന്ത്രിമാർ കർണാടകയിൽ നിന്ന്; മോദിയുടെ കണക്ക് കൂട്ടലെന്ത്?
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ മൂന്നാം വരവിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായതോടെ മന്ത്രിസഭയിലെ പ്രതിനിധ്യത്തെ കുറിച്ചുള്ള ചർച്ചകൾ വിവിധ കോണുകളിൽ സജീവമാണ്. മുൻ സർക്കാരുകളുടെ കാലത്തേതിൽ നിന്ന് വ്യത്യസ്‌തമായി തെക്കൻ ദക്ഷിണേന്ത്യയ്ക്ക് കൂടുതൽ പരിഗണന നൽകിയ സമയം കൂടിയാണ് ഇതെന്ന് വ്യക്തം.
പുതിയ മന്ത്രിസഭയിൽ തെക്കേ ഇന്ത്യയിൽ നിന്നുള്ള 13 മന്ത്രിമാരാണുള്ളത്. 2019ൽ മേഖലയിലെ 129 തെക്കൻ സീറ്റുകളിൽ 29ൽ ബിജെപി പിടിച്ചപ്പോൾ ഇത്തവണയും ഈ കണക്കിൽ യാതൊരു മാറ്റവുമില്ല. ഇതേ എണ്ണം സീറ്റുകൾ തന്നെയാണ് ഇക്കുറിയും ബിജെപി ദക്ഷിണേന്ത്യയിൽ നിന്ന് നേടിയതെങ്കിലും മന്ത്രിമാരുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി കുമാരസ്വാമി ഉൾപ്പെടെ ഈ 13 മന്ത്രിമാരിൽ അഞ്ച് പേരും കർണാടകയിൽ നിന്നുള്ളവരാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഏറ്റവും മികച്ച ഫലം നൽകിയ സംസ്ഥാനമായ കർണാടകയ്ക്ക് അർഹമായ പരിഗണന തന്നെ നൽകാൻ അവർ തയ്യാറായി എന്നതാണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുക.
കർണാടകയിലെ ആകെയുള്ള 28 സീറ്റുകളിൽ 19 എണ്ണവും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയാണ് നേടിയത്. അതിൽ തന്നെ 17 സീറ്റുകൾ ബിജെപി നേടിയപ്പോൾ എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസ് രണ്ടെണ്ണം സ്വന്തമാക്കി ഇത്തവണ ശരിക്കും കിംഗ് മേക്കറായി. കുമാരസ്വാമിയുടെ കൂടി പിന്തുണയാണ് ബിജെപിക്ക് സംസ്ഥാനത്ത് ഇത്രയും മികച്ച ഫലം നൽകിയത്.
കുമാരസ്വാമിയെ കൂടാതെ മുൻ മന്ത്രിസഭയിൽ അംഗമായിരുന്ന നിർമ്മല സീതാരാമനും പ്രഹ്ലാദ് ജോഷിയും ഇത്തവണയും മന്ത്രിസഭയിലുണ്ട്. കഴിഞ്ഞ മോദി സർക്കാരിലെ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെ, സംസ്ഥാന സർക്കാരിലെ മുൻ മന്ത്രി വി സോമണ്ണ എന്നിവരും കർണാടകയിൽ നിന്ന് മന്ത്രിമാരായവരിൽ ഉൾപ്പെടുന്നു.
എൻഡിഎയ്ക്ക് 21 സീറ്റുകൾ നൽകിയ ആന്ധ്രാപ്രദേശിൽ നിന്ന് മൂന്ന് മന്ത്രിമാരും എട്ട് സീറ്റുകൾ നൽകിയ തെലങ്കാനയിൽ നിന്ന് രണ്ട് പേരും ഇത്തവണ ഉൾപ്പെട്ടിടുണ്ട്. കൂടാതെ കേരളത്തിൽ നിന്നുമുണ്ട് രണ്ട് മന്ത്രിമാർ. തമിഴ്‌നാട്ടിൽ നിന്ന് ഇത്തവണ ഒരു മന്ത്രി മാത്രമേയുള്ളൂ. തമിഴ്‌നാട് മാത്രമാണ് ബിജെപിക്ക് ഒരു സീറ്റ് പോലും നേടാൻ കഴിയാതിരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനം.
നിലവിലെ സാഹചര്യത്തിൽ ദക്ഷിണേന്ത്യയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണ് മന്ത്രിമാരുടെ എണ്ണം ഉയർത്തിയുള്ള നീക്കമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ കൂടുതൽ സംസ്ഥാനങ്ങളിൽ ശക്തിയാർജിക്കാൻ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്.












Click it and Unblock the Notifications