യുപിയിൽ സബർമതി എക്‌സ്പ്രസിന്റെ 20 കോച്ചുകൾ പാളം തെറ്റി; ആർക്കും പരിക്കില്ല, എഞ്ചിനിൽ കല്ലിടിച്ചു
കാൺപൂർ: ഉത്തർപ്രദേശിൽ സബർമതി എക്‌സ്പ്രസിന്റെ 20 കോച്ചുകൾ പാളംതെറ്റി. ശനിയാഴ്‌ച പുലർച്ചെയാണ് സംഭവം നടന്നത്. യുപിയിലെ കാൺപൂരിനും ഭീംസെൻ സ്‌റ്റേഷനും ഇടയിലുള്ള ബ്ലോക്ക് സെക്ഷനിലാണ് കോച്ചുകൾ പാളം തെറ്റിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭ്യമായ വിവരം. വൻ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്.
അടുത്ത സ്‌റ്റേഷനായ കാൺപൂരിലേക്ക് ട്രെയിൻ യാത്രക്കാരെ എത്തിക്കാൻ ബസുകൾ സ്ഥലത്തെത്തിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. പ്രാഥമിക വിവരം അനുസരിച്ച് ഡ്രൈവർ വ്യക്തമാക്കുന്നതിന് അനുസരിച്ച് പാറക്കല്ല് എഞ്ചിനിൽ തട്ടിയതിനാൽ എഞ്ചിന്റെ മുൻപിലുള്ള ഗാർഡിന് സാരമായി കേടുപാടുകൾ സംഭവിച്ചു.

അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും മേഖലയിലെ റെയിൽവേ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ് എന്നാണ് സൂചന. നോർത്ത് സെൻട്രൽ റെയിൽവേ പറയുന്നതനുസരിച്ച്, വാരണാസി ജംഗ്ഷനും അഹമ്മദാബാദിനും ഇടയിൽ സർവീസ് നടത്തുന്ന സബർമതി എക്‌സ്പ്രസ് 19168 ട്രെയിനാണ് ഒരു പാറയിൽ ഇടിച്ചതിനെ തുടർന്ന് പാളം തെറ്റിയത്.
അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് പോലീസ് തന്നെയാണ് അറിയിച്ചത്. അഗ്നിശമന സേനയുടെ വാഹനങ്ങളും ആംബുലൻസുകളും സംഭവ സ്ഥലത്തേക്ക് അയച്ചു. തുടർന്ന് ട്രെയിനിൽ നടത്തിയ സമഗ്രമായ പരിശോധനയിൽ ആർക്കും പരിക്കില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആശ്വാസമാവുകയായിരുന്നു.
യാത്രക്കാരെ ഇവിടെ നിന്നും കാൺപൂർ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാൻ റെയിൽവേ തന്നെയാണ് ബസ് ഏർപ്പാടാക്കിയത്. അവിടെ നിന്ന് അവരെ പ്രത്യേക ട്രെയിനിൽ അവരെ അയയ്ക്കും എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. സംഭവത്തിന് പിന്നാലെ ഇന്ത്യൻ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.
ജൂലൈയിൽ ഉത്തർപ്രദേശിലെ ഗോണ്ടയിൽ ദിബ്രുഗഡ് എക്‌സ്പ്രസിന്റെ നിരവധി ബോഗികൾ പാളം തെറ്റിയതിനെ തുടർന്ന് നാല് പേർ മരിക്കുകയും 30ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അപകടത്തിന് പിന്നാലെ ആംബുലൻസുകളും രക്ഷാപ്രവർത്തകരും അവിടേക്ക് പെട്ടെന്ന് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സംസ്ഥാനത്ത് ട്രെയിൻ അപകടം.
15904 നമ്പർ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രയിലായിരുന്ന ട്രെയിൻ മോട്ടിഗഞ്ച്- ജിലാഹി സ്‌റ്റേഷനുകൾക്കിടയിൽ പിക്കൗരയിലാണ് പാളംതെറ്റിയത്. നാല് എസി കോച്ചുകൾ ഉൾപ്പടെ പത്തിലധികം കോച്ചുകൾ അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് നിരവധി ട്രെയിനുകൾ വഴി തിരിച്ചുവിടേണ്ടി വന്നിരുന്നു.












Click it and Unblock the Notifications