മ്യാന്‍മറിലേക്ക് പലായനം ചെയ്ത 212 പേര്‍ മണിപ്പൂരില്‍ തിരിച്ചെത്തി, നന്ദി പറഞ്ഞ് മുഖ്യമന്ത്രി
ഇംഫാല്‍: മണിപ്പൂരിലെ കലാപത്തെ തുടര്‍ന്ന് അയല്‍ രാജ്യമായ മ്യാന്മറിലേക്ക് പലായനം ചെയ്ത 200ല്‍ അധികം ഇന്ത്യക്കാര്‍ തിരിച്ചെത്തി. മണിപ്പൂരിലെ അതിര്‍ത്തി പട്ടണമായ മോറെയില്‍ നിന്നാണ് ഇവര്‍ പലായനം ചെയ്തത്. മെയ് മൂന്നിന് കലാപം ആരംഭിച്ച ശേഷം ഇവര്‍ സുരക്ഷിത കേന്ദ്രം തേടി പോവുകയായിരുന്നു. ഇവര്‍ തിരിച്ചെത്തിയതായി മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം ഇന്ത്യന്‍ സൈന്യത്തിന് ബിരേന്‍ സിംഗ് നന്ദി അറിയിക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ നിന്ന് മണിപ്പൂരില്‍ തിരിച്ചെത്തിയവരെല്ലാം മെയ്തി സമുദായത്തില്‍ വരുന്നവരാണ്. എല്ലാവരും തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും ബിരേന്‍ സിംഗ് പറഞ്ഞു.ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മസമര്‍പ്പണത്തിന് നന്ദി അറിയിക്കുന്നു. പലായനം ചെയ്തവരെ നാട്ടിലെത്തിക്കാന്‍ അവര്‍ ചെയ്ത കാര്യങ്ങളെ അഭിനന്ദിക്കാതെ വയ്യ. ലെഫ് ജനറല്‍ ആര്‍പി കലിത, ലെഫ് ജനറല്‍ എച്ച്എസ് സഹി, കേണല്‍ രാഹുല്‍ ജെയിന്‍, എന്നിവര്‍ക്കെല്ലാം ഈ ഘട്ടത്തില്‍ ഞങ്ങള്‍ നന്ദി അറിയിക്കുന്നുവെന്നും ബിരേന്‍ സിംഗ് പറഞ്ഞു.

കിംഗ് ഓഫ് കൊത്തയില്‍ ദുല്‍ഖറിന്റെ പ്രതിഫലം എത്ര? ഐശ്വര്യ ലക്ഷ്മിക്ക് ലഭിച്ച പ്രതിഫലം ഇങ്ങനെ
തലസ്ഥാന നഗരിയായ ഇംഫാലില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് മോറെ ടൗണ്‍. മണിപ്പൂരില്‍ കലാപത്തെ തുടര്‍ന്ന് ഏറ്റവും രൂക്ഷമായി ബാധിക്കപ്പെട്ട മേഖലയായിരുന്നു ഇത്. ചൂരചന്ദ്രാപൂര്‍ ജില്ലയില്‍ ആരംഭിച്ച അക്രമങ്ങള്‍ ഇവിടേക്ക് പടരുകയായിരുന്നു. മോറെ വിവിധ വിഭാഗങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന മേഖലയാണ്. കുക്കികള്‍, മെയ്തികള്‍, തമിഴര്‍ എന്നിവരെല്ലാം ഇവിടെ താമസിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ വിവിധ ചെറുവിഭാഗങ്ങളും ധാരാളം ഇവിടെയുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ ഇവിടെ താമസമാക്കിയവരാണ് ഇവര്‍. മോറേയില്‍ തിരിച്ചെത്തുന്ന മെയ്തികള്‍ക്ക് അവരുടെ വീടുകളില്‍ താമസിക്കുകയോ, അതല്ലെങ്കില്‍ ഇംഫാലിലേക്ക് മടങ്ങുകയോ ചെയ്യാം. അതേസമയം കലാപത്തില്‍ പലരുടെയും വീടുകള്‍ അക്രമികള്‍ കത്തിച്ചതാണ്. ബാക്കി വരുന്ന സ്ഥലത്ത് ഇവര്‍ തുടര്‍ന്നും താമസിക്കുമോ എന്ന് ഉറപ്പില്ല. കുക്കി ഭൂരിപക്ഷമേഖലയിലുള്ള പലര്‍ക്കും പരസ്പര വിശ്വാസം നഷ്ടപ്പെട്ടതും സമാധാനം പുനസ്ഥാപിക്കുന്നതിന് തടസ്സമാണ്.
അതേസമയം മണിപ്പൂരില്‍ ഇടവേളയ്ക്ക് ശേഷം പിന്നീട് സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. ആയുധമേന്തിയ അക്രമികള്‍ കുക്കി സമുദായത്തിലെ മൂന്ന് പേരെ വെടിവെച്ച് കൊന്നു. ഉക്രുല്‍ ജില്ലയിലാണ് സംഭവം. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുക്കി വിഭാഗക്കാര്‍ കൂടുതലുള്ള തൗവായ് കുക്കി ഗ്രാമത്തിലാണ് സംഭവം നടന്നത്. ജില്ലാ ആസ്ഥാനത്ത് കൂടുതല്‍ ഉള്ളത് നാഗാ വിഭാഗക്കാരായ താങ്ങുല്‍സുകളാണ്. തോക്കുമായി എത്തിയ അക്രമി സംഘം ഗ്രാമത്തില്‍ കാവല്‍ നിന്നിരുന്ന ഗാര്‍ഡുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിലാണ് മൂന്ന് പേര്‍ മരിച്ചത്.












Click it and Unblock the Notifications