ഭോപ്പാലിലെ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി; കേസെടുത്ത് പോലീസ്
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ അനധികൃതമായി നടത്തി വന്നിരുന്ന അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ചെയർമാൻ പ്രിയങ്ക് കനുങ്കോ ഭോപ്പാലിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന പർവാലിയ ഏരിയയിലെ അഞ്ചൽ ഗേൾസ് ഹോസ്‌റ്റലിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.
കാണാതായ പെൺകുട്ടികളെ കുറിച്ച് ഷെൽട്ടർ ഹോം ഡയറക്‌ടർ അനിൽ മാത്യുവിനോട് ചോദിച്ചപ്പോൾ തൃപ്‌തികരമായ മറുപടിയായിരുന്നില്ല ലഭിച്ചത്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെയാണ് അനാഥാലയത്തിൽ നിന്ന് കാണാതായത്.

മാനേജർ അനിൽ മാത്യുവിനെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ളവർ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തി. നിയമവിരുദ്ധമായി നടത്തിവന്നിരുന്ന അനാഥാലയത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
തെരുവിൽ നിന്നും ഇവർ നിരവധി കുട്ടികളെ രക്ഷപ്പെടുത്തിയെന്നും, ശേഷം ഇവിടെ ലൈസൻസില്ലാതെ പാർപ്പിച്ചിരുന്നുവെന്നും എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനുങ്കോ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി. ഇവരിൽ പലരെയും രഹസ്യമായി ക്രിസ്ത്യൻ മതം പിന്തുടരാൻ പ്രേരിപ്പിക്കുകയായിരുന്നു എന്നുമാണ് ലഭ്യമായ റിപ്പോർട്ടുകൾ.
"6നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. വളരെയധികം തടസങ്ങൾക്ക് ശേഷമാണ് പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്" കനുങ്കോ പറഞ്ഞു. "നിർഭാഗ്യവശാൽ, മധ്യപ്രദേശിലെ വനിതാ ശിശുവികസന വകുപ്പിലെ ഉദ്യോഗസ്ഥർ ഇത്തരം എൻജിഒകളിൽ നിന്നുള്ള കരാറിൽ ചൈൽഡ് ഹെൽപ്പ് ലൈൻ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.
കാണാതായ പെൺകുട്ടികളെല്ലാം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവില്ലാതെയാണ് ഇവിടെ കഴിഞ്ഞിരുന്നത്. എന്നാൽ, കുട്ടികളെ രക്ഷപ്പെടുത്തിയെന്നും പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയെന്നും ചിൽഡ്രൻസ് ഹോം അധികൃതർ അവകാശപ്പെട്ടു. ചിൽഡ്രൻസ് ഹോമിൽ വിവിധ മതങ്ങളിൽപ്പെട്ട പെൺകുട്ടികൾ ഉണ്ടായിരുന്നെങ്കിലും, അവരെ ഒരു മതത്തെ (ക്രിസ്ത്യാനിറ്റി) മാത്രം ആരാധിക്കാൻ പ്രേരിപ്പിച്ചതായും എഫ്‌ഐആറിൽ ചൂണ്ടിക്കാണിക്കുന്നു.
ഈ അനാഥാലയത്തിൽ സിസിടിവി ക്യാമറകൾ ഇല്ലായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെ രാത്രിയിൽ രണ്ട് പുരുഷ ഗാർഡുമാരായിരുന്നു ഇവിടെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. പെൺകുട്ടികളുടെ ഷെൽട്ടർ ഹോമിൽ നിർബന്ധമായും വനിതാ ഗാർഡുകൾ മാത്രം ഉണ്ടായിരിക്കണം എന്ന നിയമത്തിന് വിരുദ്ധമാണ് ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications