ഇഷ്ടികത്തൊഴിലാളിയുടെ അക്കൗണ്ടിലെത്തിയത് 2700 കോടി രൂപ; സന്തോഷിക്കും മുമ്പ് ബാലന്‍സ് 126 രൂപയിലെത്തി!
ലഖ്‌നൗ: ഒരു ദിവസം അപ്രതീക്ഷിതമായ 2700 കോടി രൂപ നിങ്ങളുടെ അക്കൗണ്ടില്‍ എത്തിയാല്‍ എന്ത് ചെയ്യും...ആദ്യം ഒന്ന് ഞെട്ടുമല്ലേ... അതേ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു തൊഴിലാളിയും അങ്ങനെ ഞെട്ടി. ഒട്ടും പ്രതീക്ഷിച്ചിരിക്കാതെയാണ് ഉത്തര്‍പ്രദേശില്‍ ഒരു ഇഷ്ടിക ചൂള തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് 2,700 കോടി രൂപ എത്തിയത്.
ഒരു നിമിഷംകൊണ്ട് അദ്ദേഹം കോടീശ്വരനായി മാറി. രാജസ്ഥാനിലെ ഒരു ഇഷ്ടിക ചൂളയിലാണ് ഇദ്ദേഹത്തിന്റെ ജോലി. ദിലസം 600-800 രൂപ വരെയാണ് കൂലി കിട്ടുന്നത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടിലാണ് ഒറ്റ നിമിഷംകൊണ്ട് 2,700 കോടി രൂപ എത്തിയത്. പക്ഷേ കണ്ണടച്ചു തുറക്കം മുന്നേ ആ പണം തിരിച്ചുപോവുകയും ചെയ്തു.
അക്കൗണ്ടിലെ തുക തിരികെ 126 രൂപയില്‍ എത്തുകയും ചെയ്തു.

ബിഹാരി ലാല്‍ എന്ന തൊഴിലാളിയുടെ അക്കൗണ്ടിലാണ് ബാങ്ക് അബദ്ധത്തില്‍ ഇത്രയും തുക നിക്ഷേപിച്ചത്. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന ബിഹാരി മഴക്കാലമായതിനാല്‍ ഇഷ്ടിക ചൂള പണി അടഞ്ഞുകിടക്കുന്നത് കൊണ്ട്. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ വീട്ടില്‍ എത്തിയിരിയ്ക്കുകയാണ്.
ബിഹാരി ലാലിന് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജന്‍ധന്‍ അക്കൗണ്ട് ഉണ്ട്. അതില്‍നിന്ന് അദ്ദേഹം 100 രൂപ പിന്‍വലിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ബിഹാരി ലാലിന്റെ ഫോണില്‍ ഒരു മെസേജ് എത്തി. 2700 കോടി രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അതില്‍ എഴുതിയിരുന്നത്. ബിഹാരി ലാല്‍ ഉടന്‍ തന്നെ തന്റെ സുഹൃത്തായ ഒരു ബാങ്ക് ജീവനക്കാരന്റെ അടുത്ത് എത്തി. അക്കൗണ്ടില്‍ 2700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് ബാങ്ക് സുഹൃത്തും ഇയാളോട് പറഞ്ഞു.
വിശ്വാസം വരാതെ വീണ്ടും വീണ്ടും അക്കൗണ്ട് പരിശോധിച്ച് തുക ഉറപ്പാക്കി. കൂടാതെ, ബാങ്ക് സ്റ്റേറ്റ്മെന്റും എടുത്തു, തന്റെ അക്കൗണ്ടില്‍ 2700 കോടി രൂപയുണ്ടെന്ന് കണ്ടതായി ബിഹാരി ലാല്‍ പറഞ്ഞു.
അക്കൗണ്ട് പരിശോധിക്കാന്‍ ബാങ്കിലെത്തിയപ്പോള്‍ അക്കൗണ്ടില്‍ 126 രൂപ മാത്രമാണുള്ളതെന്ന മറുപടിയാണ് ലഭിച്ചത്. ബാങ്കിംഗ് പിശകാണ് എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ബിഹാരി ലാലിന്റെ അക്കൗണ്ട് കുറച്ചു സമയത്തേയ്ക്ക് കണ്ടുകെട്ടുകയും ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പിഴവ് പരിഹരിയ്ക്കുകയും ചെയ്തതായി ബാങ്ക് ചീഫ് ഡിസ്ട്രിക്ട് മാനേജര്‍ അഭിഷേക് സിന്‍ഹ പറഞ്ഞു.












Click it and Unblock the Notifications