ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇല്ലാതാക്കുന്നത് 30 കോടി തൊഴിലവസരങ്ങള്‍? ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാക്കും എന്ന് പ്രവചനം. ആഗോള സാമ്പത്തിക സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഏകദേശം 30 കോടി തൊഴിലവസരങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തട്ടിയെടുക്കും എന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.
തൊഴില്‍ മേഖലയില്‍ കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായിരിക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്ന് വരവ്. അമേരിക്കയിലെയും യൂറോപ്പിലെയും ഡാറ്റകള്‍ വിശകലനം ചെയ്യുമ്പോള്‍ നിലവിലെ ജോലിയുടെ നാലിലൊന്ന് വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൈകാര്യം ചെയ്യുന്ന സാഹചര്യം വരും എന്നാണ് സാമ്പത്തിക വളര്‍ച്ചയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രത്യാഘാതങ്ങള്‍ എന്ന ഗവേഷണ പ്രബന്ധത്തില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നത്.

എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നതും പ്രബന്ധം സമ്മതിക്കുന്നുണ്ട്. ആഗോള ജിഡിപിയെ 7 ശതമാനം വരെ ഉയര്‍ത്താനും ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിന് സാധിക്കും. ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എഐ സംവിധാനങ്ങള്‍ക്ക് മനുഷ്യരുടേതിന് സമാനമായ ഉള്ളടക്കം സൃഷ്ടിക്കാന്‍ കഴിയും. ഇത് ഉല്‍പ്പാദനക്ഷമതയെ കാര്യമായി സഹായിച്ചേക്കാം.
1940 ല്‍ പോലും കേട്ടുകേള്‍വി പോലും ഇല്ലാത്ത ജോലിയിലാണ് ഇന്ന് 60 ശതമാനം തൊഴിലാളികളും ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ 1980 കള്‍ക്ക് ശേഷം സാങ്കേതിക വിദ്യ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ പിരിച്ചുവിടുന്നതിലേക്കാണ് നയിച്ചത് എന്നും ഗോള്‍ഡ്മാന്‍ സാക്‌സ് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ സാങ്കേതിക വിദ്യ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് നിലവിലെ തൊഴിലവസരങ്ങളെ ദോഷകരമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓരോ തൊഴില്‍ മേഖലയിലും ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമായിരിക്കും എന്നാണ് പറയുന്നത്. ഗോള്‍ഡ്മാന്‍ സാക്‌സ് പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇവയെ ഏറ്റവും അപകടസാധ്യതയുള്ള ജോലികള്‍ എന്ന തരത്തില്‍ വേര്‍തിരിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യ ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്ന ജോലികള്‍ക്ക് തന്നെയാണ് ഇത്തരത്തില്‍ അപകട സാധ്യത നിലനില്‍ക്കുന്നത്.
Ramadan 2023: നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടത് കഴിക്കാമോ..? അറിയാം നോമ്പ് കാലത്തെ ഭക്ഷണശീലങ്ങള്‍
അഡ്മിനിസ്‌ട്രേറ്റീവ് മേഖലയില്‍ 46 ശതമാനവും നിയമ മേഖലയില്‍ 44 ശതമാനവും ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് സ്വാധീനം ചെലുത്തും. എന്നാല്‍ കായികാധ്വാനം കൂടുതല്‍ വേണ്ടി വരുന്ന ജോലികളെ താരതമ്യേന ഇത് കുറഞ്ഞ രീതിയിലേ ബാധിക്കൂ. ശുചീകരണം, ഇന്‍സ്റ്റലേഷന്‍, അറ്റകുറ്റപ്പണി, നിര്‍മാണ ജോലികള്‍ തുടങ്ങിയ മേഖലകളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നാല് മുതല്‍ ആറ് വരെ ശതമാനമെ ബാധിക്കൂ.












Click it and Unblock the Notifications