ജമ്മു കശ്മീരിലെ കത്വയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; 4 ജവാന്‍മാര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കത്വ ജില്ലയിലെ മാച്ചേഡി മേഖലയില്‍ വെച്ച് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.
മാച്ചേഡി-കിന്‍ഡ്‌ലി-മല്‍ഹാര്‍ റോഡില്‍ പട്രോളിംഗ് നടത്തുകയായിരുന്നു സൈനികര്‍. ഈ സമയത്താണ് ആക്രമണമുണ്ടായത്. അതേസമയം പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ആദ്യത്തെ ആക്രമണത്തിന് ശേഷം ഗ്രനേഡ് എറിഞ്ഞ തീവ്രവാദികള്‍ തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സൈനികര്‍ തിരിച്ചടിച്ചെങ്കിലും സമീപത്തുള്ള വനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു തീവ്രവാദികളെന്ന് സൈന്യം അറിയിച്ചു.
അതേസമയം തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ സംഘവും തീവ്രവാദികളും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ജമ്മു മേഖലയില്‍ കഴിഞ്ഞ 48 മണിക്കൂറില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
ഞായറാഴ്ച്ച രജൗരി ജില്ലയിലെ സൈനിക ക്യാമ്പാണ് തീവ്രവാദികള്‍ ആക്രമിച്ചത്. ഒരു സൈനികന് പരുക്കേറ്റിരുന്നു. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ 24 മണിക്കൂറിനിടെ ആറ് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലിലായിരുന്നു ഇവരെ വധിച്ചത്. ശനിയാഴ്ച്ച ആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും വീരമൃത്യു വരിച്ചിരുന്നു. ഒരാള്‍ക്ക് പരുക്കേറ്റതായും പോലീസ് എന്‍ഡിടിവിയോട് പറഞ്ഞു.












Click it and Unblock the Notifications