ഗുജറാത്തിലെ കെമിക്കൽ പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം; അന്വേഷണം പുരോഗമിക്കുന്നു
അഹമ്മദാബാദ്: ഗുജറാത്തിൽ കെമിക്കൽ പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബറൂച്ച് ജില്ലയിലെ ദഹേജിലെ കെമിക്കൽ പ്ലാന്റിൽ വാതക ചോർച്ചയെ തുടർന്നുണ്ടായ പുക ശ്വസിച്ച നാല് തൊഴിലാളികൾക്കാണ് ജീവൻ നഷ്‌ടമായതെന്ന് പോലീസ് അറിയിച്ചു. കമ്പനിയിലെ ഒരു സ്ഥിരം ജീവനക്കാരനും മൂന്ന് കരാർ തൊഴിലാളികളുമാണ് മരണപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അപകടത്തിന് പിന്നാലെ നാല് പേർക്കും അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് കമ്പനി അറിയിച്ചു. അപകടത്തിൽ ജീവൻ നഷ്‌ടമായ തൊഴിലാളികളുടെ ബന്ധുക്കൾക്ക് 30 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്‌ച രാത്രിയോടെയാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് അറിയിച്ചത്.

ശനിയാഴ്‌ച രാത്രിയോടെ ഗുജറാത്ത് ഫ്ലൂറോകെമിക്കൽസ് ലിമിറ്റഡിന്റെ (ജിഎഫ്എൽ) പ്രൊഡക്ഷൻ യൂണിറ്റിലെ പൈപ്പിൽ നിന്ന് വിഷവാതകം ചോർന്നതിനെ തുടർന്ന് നാല് തൊഴിലാളികളും ബോധരഹിതരായി വീഴുകയായിരുന്നു എന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തിന് പിന്നാലെ നാല് പേരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബറൂച്ച് സ്വദേശിയായ രാജേഷ് കുമാർ മഗനാദിയ (48), ജാർഖണ്ഡിലെ അധൗര സ്വദേശി മദ്രിക യാദവ് (29), ഉത്തർപ്രദേശിലെ സോൻഭദ്ര സ്വദേശികളായ സുചിത് പ്രസാദ് (39), മഹേഷ് നന്ദലാൽ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ മൂന്ന് പേർ താൽക്കാലിക കരാർ തൊഴിലാളികൾ മാത്രമാണ്.
അപകടത്തിൽ മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് അവരുടെ നിയമപരമായ കുടിശ്ശിക, ഇൻഷുറൻസ് ആനുകൂല്യങ്ങൾ, തീർപ്പുകൽപ്പിക്കാത്ത ശമ്പളം എന്നിവയ്‌ക്കൊപ്പം കമ്പനി 30 ലക്ഷം രൂപ നഷ്‌ടപരിഹാരവും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. മരിച്ച തൊഴിലാളിയുടെ കുടുംബത്തിലെ ഒരാൾക്ക് കമ്പനി ജോലി വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും പ്രസ്‌താവനയിൽ അറിയിച്ചു.
മരിച്ചവരിൽ മൂന്ന് പേർ ഇതര സംസ്ഥാനക്കാരാണെന്ന് ബറൂച്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മനീഷ മനാനി അറിയിച്ചു. അംബേത ഗ്രാമത്തിന് സമീപമുള്ള ജിഎഫ്എൽ പ്ലാന്റിൽ വാതക ചോർച്ചയെ തുടർന്ന് നാല് പേർ മരിച്ചു. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി ബറൂച്ചിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്, സമഗ്രമായ അന്വേഷണം നടന്നുവരികയാണ്; മനീഷ് മനാനി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications