രണ്ടാം ദിവസവും കേസുകളിൽ 40 ശതമാനം വർധനവ്, രാജ്യത്ത് പുതിയതായി 7,240 പേർക്ക് കോവിഡ്
ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7,240 പേർക്ക് പുതിയതായി കോവിഡ് ബാധിച്ചു. ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളിലും 40 ശതമാനം വർധനവ് ഇന്ന് രേഖപ്പെടുത്തി. ബുധനാഴ്ച രാജ്യത്ത് 5,233 പേർക്കായിരുന്നു രോ ഗം സ്ഥിരീകരിച്ചിരുന്നത്. ഇന്നലെയും പ്രതിദിന കേസുകളിൽ 40 ശതമാനത്തോളം വർധന് രേഖപ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കുത്തനെ ഉയർന്നിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ പ്രതിദിന കൊറോണ വൈറസ് അണുബാധകൾ 94 ദിവസത്തിന് ശേഷം 5,000 കടന്നു. ഇന്നലെ ആയിരുന്നു കേസുകൾ 5,000 കടന്നത്. നിലവിൽ മൊത്തം സജീവ കേസുകളുടെ എണ്ണം 32,498 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.31 ശതമാനമായപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.13 ആയി രേഖപ്പെടുത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി എട്ട് മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 5,24,723 ആയി ഉയർന്നു. രാജ്യത്ത് ആകെ 4.31 കോടി ആളുകൾക്ക് ഇതുവരെ കോവിഡ് ബാധിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ബുധനാഴ്ച മഹാരാഷ്ട്രയിൽ 2,701 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരി 25 ന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന വർധനവാണ് ഇത്. ഇതിൽ 42 ശതമാനം അണുബാധകളും റിപ്പോർട്ട് ചെയ്തത് മുംബൈയിൽ നിന്നാണ്. ബിഎ5 വേരിയന്റിന്റെ ഒരു കേസും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലാകട്ടെ 2,271 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരാഴ്ചയ്ക്കിടെ 10,805 പുതിയ അണുബാധകൾ ആണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 564 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ 195ഉം തെലങ്കാനയിൽ 116ഉം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വർധിക്കുന്നതോടെ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അതേ സമയം ദേശീയ വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15.4 ലക്ഷം വാക്‌സിൻ ഡോസുകൾ നൽകി. ഇതിൽ 4 ലക്ഷത്തോളം ബൂസ്റ്റർ ഡോസുകളാണ്. 12 നും 14 നും ഇടയിൽ പ്രായമുള്ള 3 ലക്ഷത്തിലധികം കുട്ടികൾക്കും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് നൽകി എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബോൾഡ് ആന്റ് ബ്യൂട്ടി, അതാണ് സ്വാസിക... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications