ഇ20 ഇന്ധനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് 52.5 ശതമാനം എൻഡിഎ വോട്ടർമാരും; കേന്ദ്രത്തിന് മുന്നറിയിപ്പോ?
ന്യൂഡൽഹി: എൻഡിഎ അനുഭാവികളിൽ പകുതിയിലധികം പേരും ഇ20 പെട്രോൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി സി-വോട്ടർ സർവേ. ഇ20 വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നും മൈലേജ് കുറയ്ക്കുമെന്നും അടുത്തിടെ നടന്ന സി-വോട്ടർ സർവേയിൽ കൂടുതൽ പേരും ആശങ്ക അറിയിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഭരണപക്ഷത്തെ അനുകൂലിക്കുന്നവർ പോലും വാഹനങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കുന്നുവെന്നും കേന്ദ്രത്തിന്റെ എഥനോൾ മിശ്രിത നയത്തിന് ലഭിക്കുന്ന പിന്തുണയെക്കാൾ കൂടുതലാണ് ഇതെന്നും സി-വോട്ടർ സർവേ വെളിപ്പെടുത്തുന്നു. എൻഡിഎ വോട്ടർമാരിൽ 52.5 ശതമാനം പേരും വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കാൻ താൽപ്പര്യമില്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ 18.1 ശതമാനം പേർ ഇതിനെ അനുകൂലിക്കുന്നതെന്ന് സർവേ കണ്ടെത്തി.

29.5 ശതമാനം പേർ ഇതിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷത്തിന് ഇടയിൽ എതിർപ്പ് കൂടുതൽ ശക്തമായിരുന്നു, 57.9 ശതമാനം പേർ ഇ20 പെട്രോൾ തിരഞ്ഞെടുക്കില്ലെന്ന് പറഞ്ഞു. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി യോജിച്ച് നിൽക്കുന്ന വോട്ടർമാരിൽ 55 ശതമാനം പേരും ഇ20 ഇന്ധനം നിരസിച്ചു. മൊത്തത്തിൽ, പ്രതികരിച്ചവരിൽ 55.1 ശതമാനം പേർ ഇ20 പെട്രോൾ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്നാണ് പറഞ്ഞത്.
അതേസമയം 17.1 ശതമാനം പേർ മാത്രമാണ് ഇതിനെ പിന്തുണച്ചത്. ഇ20 പെട്രോൾ വിതരണത്തെ വിമർശിക്കുന്നവരോട് എഥനോൾ കലർന്ന ഇന്ധനം പ്രതികൂലമായി ബാധിക്കുന്ന ഒരാളെയെങ്കിലും രംഗത്ത് കൊണ്ടുവരാൻ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി വെല്ലുവിളിച്ചതിന് തൊട്ടുപിന്നാലെയാണ് സർവേ നടന്നത്.
ഇ20 പെട്രോൾ ഉപയോഗിച്ചതിന് ശേഷം തങ്ങളുടെ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ഒന്നല്ല, ആറ് പേരെ ഹാജരാക്കുമെന്ന് പ്രതിഷേധക്കാർ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് മുമ്പ് നിതിൻ ഗഡ്‌കരി തങ്ങളെ കാണണമെന്ന് അവർ പറഞ്ഞു.
20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ വിൽപന നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനം ഉയർന്നതിനെ തുടർന്നാണ് ഇത്. ഇ20 സുരക്ഷിതമാണെന്നും ആശങ്കകളെ നേരിടാൻ വിദഗ്‌ധരെ ഉദ്ധരിച്ച് സർക്കാർ നിലകൊള്ളുന്നുണ്ടെങ്കിലും, പല വാഹന ഉടമകളും ഇന്ധനം മൈലേജ് കുറയ്ക്കുകയും തേയ്‌മാനം ഉണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് ആരോപിക്കുന്നത്.
അതിനിടെ സർക്കാരിന്റെ എഥനോൾ മിശ്രിത നയത്തിന് പരിമിതമായ പിന്തുണ മാത്രമാണ് സർവേയിൽ പങ്കെടുത്തവരിൽ നിന്ന് ലഭിച്ചത്. ആകെ പ്രതികരിച്ചവരിൽ നിന്നും, 52 ശതമാനം പേർ എഥനോൾ പെട്രോളിൽ കലർത്തുന്ന നയത്തെ പിന്തുണയ്ക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു, 22 ശതമാനം അതിനെ പിന്തുണയ്ക്കുന്നു. എൻഡിഎ വോട്ടർമാരിൽ 48.2 ശതമാനം പേർ പോലും എതിർത്തുവെന്നതാണ് ശ്രദ്ധേയമായ കാര്യം.


Click it and Unblock the Notifications