സന്ദേശ്ഖാലി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ 70 സ്ത്രീകള്‍ക്ക് പണം ലഭിച്ചു; വീഡിയോ പുറത്ത്
കൊല്‍ക്കത്ത: സന്ദേശ്ഖാലി ബിജെപിയുടെ സൃഷ്ടിയാണെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണത്തിന് കരുത്തുപകര്‍ന്ന് പുതിയ വീഡിയോ പുറത്ത്. തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖിനെതിരെയുള്ള പ്രതിഷേധത്തില്‍ അണിനിരക്കാന്‍ എഴുപതില്‍ അധികം സ്ത്രീകള്‍ക്ക് രണ്ടായിരം രൂപ വെച്ച് നല്‍കിയെന്ന് പ്രാദേശിക ബിജെപി നേതാവ് പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ഷാജഹാന്‍ ഷെയ്ഖ് ലൈംഗിക അതിക്രമം, ഭൂമി തട്ടിയെടുക്കല്‍ ആരോപണങ്ങള്‍ നേരിടുന്നുണ്ട്. ബിജെപി ഇത് വലിയ രാഷ്ട്രീയ വിവാദമായി ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. 45 മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍ സന്ദേശ്ഖാലി മണ്ഡല്‍ പ്രസിഡന്റ് ഗംഗാധര്‍ കായലിനോട് രൂപസാദൃശ്യമുള്ള വ്യക്തിയാണ് ഉള്ളത്.

ഗംഗാധര്‍ തന്നെയാണ് മുമ്പ് വന്ന ദൃശ്യങ്ങളില്‍ ബലാത്സംഗ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികത പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പിടിഐ വ്യക്തമാക്കി. പുതിയ വീഡിയോയില്‍ ഗംഗാധര്‍ എഴുപത് സ്ത്രീകള്‍ക്ക് പ്രതിഷേധത്തിനെത്താനായി രണ്ടായിരം രൂപ നല്‍കിയെന്ന് വെളിപ്പെടുത്തുന്നുണ്ട്.
പ്രതിഷേധത്തെ തുടര്‍ന്ന് ഷെയ്ഖിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഞങ്ങള്‍ക്ക് രണ്ടര ലക്ഷമായിരുന്നു ഈ സമരത്തിനായി ചെലവ് വന്നത്. അന്‍പത് ബൂത്തുകളിലെ ആളുകളായിരുന്നു സമരത്തിനെത്തിയത്. അതില്‍ മുപ്പത് ശതമാനം സ്ത്രീകളായിരുന്നു. പട്ടികജാതി-പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങളെ പണം കൊടുത്ത് ഒപ്പം നിര്‍ത്തുകയായിരുന്നു.
അവരെ സംതൃപ്തിപ്പെടുത്താന്‍ പണം ആവശ്യമായിരുന്നു. കടുത്ത സാഹചര്യമുണ്ടായാല്‍ സ്ത്രീകള്‍ മുന്നില്‍ നിന്ന് പോലീസിനെ നേരിടുമായിരുന്നുവെന്നും ഗംഗാധര്‍ പറഞ്ഞു. അതേസമയം വീഡിയോ വ്യാജമാണെന്ന് ബിജെപി പറഞ്ഞു. ആരോപണങ്ങളെ പാര്‍ട്ടി തള്ളി. സന്ദേശ്ഖാലിയില്‍ ബിജെപിയുടെ വ്യാജ സൃഷ്ടിയുടെ സത്യങ്ങള്‍ പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് തൃണമൂല്‍ വക്താവ് റിജു ദത്ത പറഞ്ഞു.
തൃണമൂല്‍ നേരത്തെ സന്ദേശ്ഖാലി സ്ത്രീയുടെ വിവിധ വീഡിയോകള്‍ പുറത്തുവിട്ടിരുന്നു. മെയ് നാലിനാണ് ആദ്യ വീഡിയോ പുറത്തുവന്നത്. ഇതില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം ആസൂത്രണം ചെയ്തതെന്ന് പറയുന്നുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നില്‍ അധികാരിയാണെന്നും ഗംഗാധര്‍ കായല്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
രണ്ടാമത്തെ വീഡിയോയില്‍ ബലാത്സംഗ പരാതി നല്‍കിയ സ്ത്രീയുടെ വെളിപ്പെടുത്തലായിരുന്നു ഉണ്ടായിരുന്നത്. ബിജെപി നേതാക്കള്‍ ഇവരെ വെള്ള പേപ്പറില്‍ നിര്‍ബന്ധിച്ച് ഒപ്പിട്ട് നല്‍കാന്‍ പറഞ്ഞതാണെന്നും, തുടര്‍ന്നാണ് പോലീസ് സ്‌റ്റേഷനില്‍ പോയതെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്.
അതേസമയം ഡല്‍ഹിയിലേക്ക് കൊണ്ടുപോയ ബലാത്സംഗ ഇരകള്‍ രാഷ്ട്രപതിയെ കാണുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സന്ദേശ്ഖാലി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രേഖ പത്ര പറഞ്ഞു. തൃണമൂല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പദവി ദുരുപയോഗം ചെയ്‌തെന്നും, തൃണമൂല്‍ നേതാക്കള്‍ക്കെതിരെ ബലാത്സംഗ പരാതികള്‍ നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും പാര്‍ട്ടി പറഞ്ഞു.












Click it and Unblock the Notifications