ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളില്‍ അംഗീകാരം, ബ്രിട്ടനും യുഎസ്സും പട്ടികയില്‍
ദില്ലി: ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് ആഗോള കൂടുതല്‍ അംഗീകാരം. 96 രാജ്യങ്ങള്‍ ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ. ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി വിദേശ യാത്ര എളുപ്പമാകും. നേരത്തെ ബ്രിട്ടന്‍ അടക്കമുള്ളവര്‍ ഇന്ത്യയിലെ വാക്‌സിനേഷനെ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇത് അംഗീകരിക്കുകയായിരുന്നു. കൊവിഷീല്‍ഡിനും കൊവാക്‌സിനും കൂടിയുള്ള അംഗീകാരമാണിത്. വിദേശത്ത് ജോലി തേടിപ്പോകാന്‍ അടക്കം ഇത് ഇന്ത്യക്കാര്‍ക്ക് ഗുണകരമാകും.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനും ഇവര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ കൊവിഷീല്‍ഡിന് ലോകാരോഗ്യ സംഘടന നേരത്തെ അംഗീകാരം നല്‍കിയതാണ്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊവിന്‍ പോര്‍ട്ടലില്‍ നിന്ന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, എന്നിവയാണ് ഇന്ത്യയുടെ വാക്‌സിന്‍ അംഗീകരിച്ച പ്രമുഖ രാജ്യങ്ങള്‍. സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്റ്, തുടങ്ങിയ രാജ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കുമാണ് കൂടുതല്‍ പേര്‍ എത്തുന്നത്.
ഇന്ത്യയില്‍ ഇതുവരെ 109 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. ഹര്‍ ഘര്‍ ദസ്തക് എന്ന ക്യാമ്പയിനിലൂടെ എല്ലാ വിടുകളിലും വാക്‌സിന്‍ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡിസംബറോടെ ആദ്യ ഡോസ് എല്ലാവരിലും എത്തിക്കാനാണ് പ്ലാന്‍. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കുന്ന രാജ്യമായി ഇന്ത്യയെ മാറ്റാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. ആരോഗ്യ പ്രവര്‍ത്തകരെ ഉപയോഗിച്ച് ജനങ്ങളിലേക്ക് വാക്‌സിന്‍ കൂടുതലായി എത്തിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. അതേസമയം ഏതൊക്കെ രാജ്യങ്ങള്‍ ഇന്ത്യയുടെ വാക്‌സിന് അംഗീകാരം നല്‍കിയെന്ന് കൊവിന്‍ വെബ്‌സൈറ്റിലൂടെ അറിയാമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ബ്രിട്ടന്‍ ഇന്ത്യയുടെ കൊവാക്‌സിന് അംഗീകാരം നല്‍കിയത്. ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ എടുത്താല്‍ ഇതോടെ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ സാധിക്കും. ക്വാറന്റീന്‍ അടക്കമുള്ളവ വേണ്ടി വരില്ല. നവംബര്‍ 22 മുതലാണ് ഈ അംഗീകാരം നിലവില്‍ വരിക. കൊവാക്‌സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്‌സിന്‍ പട്ടികയില്‍ ലോകാരോഗ്യ സംഘടന നവംബര്‍ മൂന്നിനാണ് ഉള്‍പ്പെടുത്തിയത്. ഇന്ന് മുതല്‍ വിവിധ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അമേരിക്കയും അനുമതി നല്‍കിയിരുന്നു.കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും യുഎസ്സില്‍ പ്രവേശിക്കാം.












Click it and Unblock the Notifications