ബെംഗളൂരുവിൽ പുതിയ മാറ്റം; ടോൾ പ്ലാസകൾ ഒഴിവാക്കും, ഈ രണ്ട് പ്രധാന റോഡുകളിൽ ഇനി ബദൽ സംവിധാനം

ബെംഗളൂരു: നഗരത്തിൽ പ്രധാന രണ്ട് ഹൈവേ പാതകളിൽ വാഹനങ്ങൾ ടോൾ ബൂത്തുകളിൽ നിർത്താതെ കടന്നുപോകാൻ കഴിയുന്ന മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ ടോൾ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നു. ഇലക്ട്രോണിക് സിറ്റി എലിവേറ്റഡ് റോഡിലും ബെംഗളൂരു നെലമംഗള ഹൈവേയിലുമാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഇതോടെ വാഹനങ്ങൾ നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്യാതെ തന്നെ ടോൾ തുക ഇലക്ട്രോണിക് ആയി ഈടാക്കാനാകും.

പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ ക്യാമറകൾ ഉപയോഗിച്ചാണ് വാഹനങ്ങളെ തിരിച്ചറിയുക. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ക്യാമറകൾ വഴി രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ഫാസ്‌റ്റാഗ് അക്കൗണ്ടിൽ നിന്ന് ടോൾ തുക സ്വമേധയാ ഈടാക്കും. നിലവിലെ ടോൾ പ്ലാസകളിലെ നീണ്ട നിരകളും വാഹനങ്ങൾ വേഗം കുറച്ച് കടന്നുപോകേണ്ട സാഹചര്യവും ഇതോടെ ഒഴിവാക്കാനാകും. രാജ്യത്തെ ചില ദേശീയപാതകളിൽ ഇതിനകം നടപ്പാക്കിയിട്ടുള്ള ഈ സംവിധാനം കർണാടകയിൽ ആദ്യമായി ഈ രണ്ട് പ്രധാന പാതകളിൽ കൊണ്ടുവരാനാണ് നീക്കം.

bengaluru

ഇരു പാതകളിലൂടെയും ദിവസവും ഒരു ലക്ഷത്തിലധികം വാഹനങ്ങളാണ് കടന്നുപോകുന്നത്. കാറുകൾ മുതൽ വലിയ ചരക്ക് വാഹനങ്ങൾ വരെയുള്ളവ ഇതിൽ ഉൾപ്പെടുന്നു. നിലവിൽ ഫാസ്‌റ്റാഗ് വഴി ടോൾ തുക ഈടാക്കുന്നതിനായി ടോൾ ഗേറ്റുകൾക്ക് സമീപം വാഹനങ്ങൾ വേഗം കുറയ്ക്കുകയോ നിരയിൽ നിൽക്കുകയോ ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. വാഹനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കാനും തിരക്ക് കുറയ്ക്കാനുമാണ് പുതിയ സംവിധാനം നിർദേശിച്ചിരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കി.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ 10 കിലോമീറ്റർ ദൈർഘ്യമുള്ള ഇലക്ട്രോണിക് സിറ്റി എലിവേറ്റഡ് റോഡിലെയും 14 കിലോമീറ്റർ ദൈർഘ്യമുള്ള അത്തിബെലെ ഭാഗത്തെയും നിലവിലെ ടോൾ ബൂത്തുകൾ നീക്കം ചെയ്യും. ഗൊരഗുണ്ടെപാളയയിൽ നിന്ന് ആരംഭിക്കുന്ന ബെംഗളൂരു നെലമംഗള ഹൈവേയും മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ സംവിധാനത്തിന് കീഴിൽ കൊണ്ടുവരും.

വാഹനങ്ങളെ തിരിച്ചറിഞ്ഞ ശേഷം ഫാസ്‌റ്റാഗ് അക്കൗണ്ടിൽ നിന്ന് ടോൾ തുക സ്വമേധയാ ഈടാക്കുന്നതാണ് സംവിധാനം. എന്നാൽ ഫാസ്‌റ്റാഗ് അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ ടോൾ ഒഴിവാകില്ല. വാഹന ഉടമയ്ക്ക് നോട്ടീസ് നൽകുകയും 72 മണിക്കൂറിനുള്ളിൽ തുക അടയ്ക്കാൻ അവസരം നൽകുകയും ചെയ്യും. സമയപരിധിക്കുള്ളിൽ ടോൾ അടച്ചില്ലെങ്കിൽ ഇരട്ടി തുക ഈടാക്കാൻ സാധ്യതയുണ്ട്.

ടോൾ ബൂത്തുകൾ നീക്കം ചെയ്‌താലും ടോൾ പിരിവ് തുടരും. ഇലക്ട്രോണിക് സിറ്റി എലിവേറ്റഡ് റോഡിന്റെ 20 വർഷത്തെ സ്വകാര്യ പങ്കാളിത്ത കരാർ അവസാനിച്ചതോടെ ഇപ്പോൾ പദ്ധതി ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലാണ്. ഇതിന്റെ ഭാഗമായി ടോൾ നിരക്കുകളിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട്.

അതേസമയം ഇരുചക്രവാഹനങ്ങളിൽ നിന്നുള്ള ടോൾ ഒഴിവാക്കാനും നീക്കമുണ്ട്. സിൽക്ക് ബോർഡ് മുതൽ തമിഴ്‌നാട് അതിർത്തി വരെയുള്ള പാതയിലും നിലവിലെ ടോൾ ചട്ടങ്ങളിൽ മാറ്റം വരുത്തി പുതിയ നിരക്ക് സംവിധാനം നടപ്പാക്കാൻ സാധ്യതയുണ്ട്. വർഷങ്ങളായി ഈ പാതയിൽ ഇരു ചക്ര വാഹനങ്ങൾക്ക് ടോൾ.ഈടാക്കിയിരുന്നു. അത് തുടരാൻ ഇടയില്ലെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma