'മനീഷ് സിസോദിയയെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിക്കുന്നു', സിബിഐക്കെതിരെ ആം ആദ്മി പാർട്ടി
മനീഷ് സിസോദിയ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഒഴുക്കൻ ഉത്തരങ്ങളാണ് നൽകുന്നത് എന്നുമാണ് സിബിഐ ആരോപിക്കുന്നത്.

ദില്ലി: സിബിഐ കസ്റ്റഡിയില്‍ മനീഷ് സിസോദിയയെ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. വ്യാജമായി തയ്യാറാക്കിയ കുറ്റസമ്മത മൊഴിയില്‍ ഒപ്പിടാന്‍ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയയെ സിബിഐ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
'ഞങ്ങള്‍ ഒരു കാര്യം തുറന്ന് പറയുകയാണ്. കഴിഞ്ഞ ആറ് ദിവസങ്ങളായി മനീഷ് സിസോദിയ സിബിഐ കസ്റ്റഡിയിലാണ്. വ്യാജ കുറ്റസമ്മത മൊഴിയില്‍ ഒപ്പിടുന്നതിന് വേണ്ടി മനീഷ് സിസോദിയയെ മാനസികമായി പീഡിപ്പിക്കുകയാണ് എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്'. ഇക്കാര്യം വക്കീല്‍ മുഖേനെ മനീഷ് സിസോദിയ സൂചിപ്പിച്ചുവെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
'പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ആള്‍, പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലോകം അംഗീകരിച്ച ആള്‍, അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഭാര്യ ഇന്ത്യയിലേക്ക് വരുമ്പോള്‍ അവര്‍ക്ക് കാണേണ്ടത് മനീഷ് സിസോദിയ നിര്‍മ്മിച്ച സ്‌കൂളുകളാണ്- ആ സിസോദിയയെ ആണ് ഇപ്പോള്‍ സിബിഐ മാനസികമായി പീഡിപ്പിച്ച് കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ മാനസികമായി ഉപദ്രവിക്കുകയാണ്. അദ്ദേഹത്തോട് അവര്‍ പറഞ്ഞത് എല്ലാം തങ്ങള്‍ എഴുതി തയ്യാറാക്കിയിട്ടുണ്ട് നിങ്ങള്‍ ഒപ്പിട്ടാല്‍ മാത്രം മതി എന്നാണ്', സഞ്ജയ് സിംഗ് ആരോപിച്ചു.
'ഒരു രൂപയുടെ പോലും തിരിമറിയുടെ തെളിവ് സിബിഐയുടെ പക്കലില്ല. അതുകൊണ്ടാണ് അവര്‍ ചെയ്യാത്ത കുറ്റം ചെയ്തുവെന്ന് സമ്മതിക്കാനായി അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. സിസോദിയയ്ക്ക് എതിരെ ഒരു തെളിവ് പോലും സിബിഐക്ക് ലഭിച്ചിട്ടില്ല. ഏതെങ്കിലും തെളിവ് കാണാനില്ലെന്ന് അവര്‍ ഇതുവരെ പറഞ്ഞിട്ടില്ല. അവര്‍ സിസോദിയയുടെ വീട് റെയ്ഡ് ചെയ്തു, എന്നിട്ട് ഒന്നും കിട്ടിയില്ല', സിംഗ് കൂട്ടിച്ചേര്‍ത്തു.
ആം ആദ്മി പാര്‍ട്ടിയുടെ ആരോപണത്തോട് സിബിഐ പ്രതികരിച്ചിട്ടില്ല. അതേസമയം മൊഴി രേഖകളില്‍ ഇതുവരെ സിസോദിയ ഒപ്പ് വെച്ചിട്ടില്ല എന്നാണ് സൂചന. ദില്ലി മദ്യനയക്കേസിലാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. സിബിഐ എഫ്‌ഐആറില്‍ ഒന്നാം പ്രതിയാണ് സിസോദിയ. അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സിസോദിയ മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു. മാര്‍ച്ച് 6 വരെ അദ്ദേഹം ചോദ്യം ചെയ്യലിന് വേണ്ടി സിബിഐ കസ്റ്റഡിയിലാണ്.
സിബിഐ ചോദിച്ച ചോദ്യങ്ങള്‍ തന്നെ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് തന്നെ മാനസികമായി പീഡിപ്പിക്കുന്ന തരത്തിലേക്ക് ചോദ്യം ചെയ്യല്‍ മാറുകയാണ് എന്നും സിസോദിയ കഴിഞ്ഞ ദിവസം കോടതിയില്‍ ആരോപിച്ചിരുന്നു. ഒരിക്കല്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ക്ക് വീണ്ടും വീണ്ടും ഉത്തരം നല്‍കിക്കൊണ്ട് 8-9 മണിക്കൂറുകള്‍ താനിരിക്കുകയാണ് എന്നും സിസോദിയ പരാതിപ്പെട്ടു. ആരോപണ വിധേയന് മേല്‍ മൂന്നാം മുറ പ്രയോഗിക്കരുത് എന്ന് ജഡ്ജ് സിബിഐയോട് നിര്‍ദേശിച്ചു. ചോദിച്ച ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പുതിയവ ഉണ്ടെങ്കില്‍ ചോദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications