കെജ്രിവാളും കോണ്‍ഗ്രസിന് കൈകൊടുത്തു, ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം; സീറ്റിലും ഒത്തുതീര്‍പ്പ്?
ന്യൂഡല്‍ഹി: യുപിയില്‍ പ്രതിപക്ഷ സഖ്യം നിലവില്‍ വന്നതിന് പിന്നാലെ കോണ്‍ഗ്രസിന് കൈകൊടുത്ത് അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലാണ് ഇരുപാര്‍ട്ടികളും തമ്മലുള്ള സഖ്യത്തില്‍ തീരുമാനമുണ്ടായിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ ഏഴ് സീറ്റുകളാണ് ഉള്ളത്.
സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും ധാരണയിലെത്തിയതെന്ന് ഇരുപാര്‍ട്ടികളുമായി അടുത്ത വൃദ്ധങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി പറയുന്നു. സമാജ് വാദി പാര്‍ട്ടിയുമായി യുപിയില്‍ കഴിഞ്ഞ ദിവസം സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് യുപിയില്‍ പതിനേഴ് സീറ്റിലാണ് മത്സരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു ഇത്.

അതേസമയം ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം വന്നത് കോണ്‍ഗ്രസിനും നേട്ടമാണ്. പഞ്ചാബില്‍ ഇരുപാര്‍ട്ടികളും സഖ്യത്തിനെതിരെ നിലപാടെടുത്തിരുന്നു. അതുകൊണ്ട് പഞ്ചാബിലും ചണ്ഡീഗഡിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയിലും ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
നേരത്തെ ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും ഒരുമിച്ചായിരുന്നു മത്സരിച്ചത്. കഴിഞ്ഞ ദിവസം ഇരുവരും സുപ്രീം കോടതിയെ സമീപിച്ച കേസില്‍ അനുകൂല വിധിയുമുണ്ടായിരുന്നു. മേയര്‍ സ്ഥാനം എഎപി വിജയിച്ചതായും സുപ്രീം കോടതി പറഞ്ഞിരുന്നു. അതേസമയം എഎപി-കോണ്‍ഗ്രസ് ഡല്‍ഹി സഖ്യത്തിന്റെ കാര്യം വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നാല് സീറ്റ് എഎപിക്കും, മൂന്ന് സീറ്റ് കോണ്‍ഗ്രസിനും ലഭിക്കുമെന്നാണ് സൂചന. നേരത്തെ സീറ്റിന്റെ കാര്യത്തിലായിരുന്നു ഇരുവരും ഉടക്കി നിന്നിരുന്നത്. കോണ്‍ഗ്രസിന് നാല് സീറ്റ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അത് നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു എഎപി. നിലവില്‍ ഇരുപാര്‍ട്ടികള്‍ക്കും ഡല്‍ഹിയില്‍ എംപിമാരില്ല.
എന്നാല്‍ ഡല്‍ഹിയിലെ ഭരണവും, മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മികച്ച വിജയവുമെല്ലാം ചൂണ്ടിക്കാണിച്ചാണ് എഎപി കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കിയത്. മമത ബാനര്‍ജി സഖ്യമില്ലെന്ന പ്രഖ്യാപിച്ചത് അടക്കം ഇന്ത്യ സഖ്യത്തിന് വലിയ വെല്ലുവിളി നേരിടേണ്ടി വന്നിട്ടുണ്ട്. അതിനിടയില്‍ ഇങ്ങനൊരു സഖ്യത്തിന് വഴിതുറന്നതിന്റെ നേട്ടം കോണ്‍ഗ്രസിനാണ്.
ഡല്‍ഹിയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി സീറ്റില്ലെന്ന അവസ്ഥ ഇത്തവണ മറികടക്കാനാവുമെന്നാണ് ഇന്ത്യ സഖ്യം കരുതുന്നത്. അതേസമയം പഞ്ചാബില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ അനൗദ്യോഗിക സഖ്യം വരുമോ എന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്. ഇരുപാര്‍ട്ടികളും ശക്തമല്ലാത്ത മണ്ഡലങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും സാധ്യതയുണ്ട്.
പഞ്ചാബില്‍ ധാരണയില്ലാത്തത് പല പ്രതിപക്ഷ കക്ഷികളും കോണ്‍ഗ്രസില്‍ നിന്ന് അകലാന്‍ കാരണമായിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം സഖ്യത്തിന് എതിരായിരുന്നു. എഎപിയുമായി ചേര്‍ന്നാല്‍ ഭരണവിരുദ്ധ വികാരം ബിജെപിയും അകാലിദളും സ്വന്തമാക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്വ പറഞ്ഞത്.












Click it and Unblock the Notifications