എഎപി നേതാവ് രാഘവ് ഛദ്ദയുടെ സസ്‌പെൻഷൻ പിൻവലിച്ചു; അന്ത്യമായത് 115 ദിവസം നീണ്ട നടപടിക്ക്...
ന്യൂഡൽഹി: എഎപി നേതാവ് രാഘവ് ഛദ്ദയുടെ രാജ്യസഭയിൽ നിന്നുള്ള സസ്പെൻഷൻ പിൻവലിച്ചു. സസ്പെൻഡ് ചെയ്‌ത് 115 ദിവസങ്ങൾക്ക് ശേഷമാണ് നടപടി. പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്‌ചയായിരുന്നു സംഭവം. ബിജെപി എംപിയായ ജിവിഎൽ നരസിംഹ റാവുവിന്റെ പ്രമേയത്തിലൂടെയാണ് ഛദ്ദയ്ക്ക് എതിരായ സസ്പെൻഷൻ പിൻവലിച്ചത്.
അവകാശലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു രാഘവ് ഛദ്ദയെ രാജ്യസഭയിൽ നിന്ന് സസ്പെന്റ് ചെയ്‌തത്. രാജ്യസഭയിൽ ഡൽഹി ഭരണ നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തിൽ 5 എംപിമാരുടെ വ്യാജ ഒപ്പ് ഉണ്ടാക്കിയെന്നും സഭാനടപടികളെ തടസപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു ഓഗസ്‌റ്റ് 11ന് പഞ്ചാബിൽ നിന്നുള്ള എഎപി എംപിയായ രാഘവ് ഛദ്ദയെ സസ്പെൻഡ് ചെയ്‌തത്.

നേരത്തെ തനിക്കെതിരായ അനിശ്ചിതകാല സസ്പെൻഷൻ നടപടി ചോദ്യം ചെയ്‌ത് രാഘവ് ഛദ്ദ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രാജ്യസഭ ചെയർമാൻ ജഗ്ദീപ് ദൻകറിനെ കാണാനും നിരുപാധികം മാപ്പെഴുതി നൽകാനുമായിരുന്നു സുപ്രീം കോടതി നിർദേശിച്ചത്. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ ജെബി പർഡിവാല, മനോജ് മിസ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വിഷയത്തിൽ ചെയർമാൻ അനുഭാവപൂർവ്വമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു. സഭയുടെ മഹത്വത്തിന് കോട്ടം വരുത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും രാജ്യസഭാ ചെയർമാനെ നേരിൽകണ്ട് മാപ്പെഴുതി നൽകുമെന്നും ഛദ്ദയുടെ അഭിഭാഷകൻ അറിയിക്കുകയും ചെയ്‌തിരുന്നു.
അതേസമയം, രാജ്യസഭ അംഗത്വം പുനസ്ഥാപിച്ചതിന് ശേഷം സുപ്രീം കോടതിക്കും ജനങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് രാഘവ് ചദ്ദ രംഗത്ത് വന്നിരുന്നു. രാജ്യസഭാ ചെയർമാനും അദ്ദേഹം നന്ദി അറിയിച്ചു. ഈ ദിവസങ്ങളിൽ പാർലമെന്റിൽ എത്താൻ കഴിഞ്ഞില്ലെന്നും സഭയിൽ ജനങ്ങളുടെ ശബ്‌ദം ഉയർത്താൻ പറ്റിയില്ലെന്നും അദ്ദേഹം പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications