'കോക്രോച്ച് ജനതാ പാർട്ടിയുടെ ഫോളോവേഴ്‌സിൽ 94 ശതമാനം പേരും ഇന്ത്യക്കാർ'; ബിജെപിക്കെതിരെ ദിപ്കെ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സാമൂഹിക മാധ്യമങ്ങളിലെ ഫോളോവേഴ്‌സിൽ പകുതിയോളം പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങൾ തങ്ങൾ തള്ളിക്കളയുന്നതായി പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. ഇന്റർനെറ്റ് അധിഷ്‌ഠിതമായ ഈ പ്രസ്ഥാനം അടുത്തിടെ യുവാക്കൾക്കിടയിൽ തരംഗമാവുകയും വ്യാപക ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു. ഇപ്പോൾ ഇതൊരു രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
തൊഴിലില്ലായ്‌മ, വിദ്യാഭ്യാസ നയം, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മീമുകളിലൂടെയും വിമർശനങ്ങളിലൂടെയുമാണ് കോക്രോച്ച് ജനതാ പാർട്ടി രാജ്യത്തെ പുതിയ ഓൺലൈൻ തരംഗമായി ഉയർന്നുവന്നത്. ബിജെപിയുടെ ആരോപണങ്ങൾ നിഷേധിച്ച് സ്ഥാപകൻ ദിപ്കെ 'എക്‌സി'ൽ ഒരു സ്ക്രീൻഷോട്ട് പങ്കുവെച്ചു. വിമർശനം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

"ഞങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളുമായി പങ്കുവെച്ച പ്രേക്ഷക ഡെമോഗ്രാഫിക്‌സിന്റെ സ്ക്രീൻ റെക്കോർഡിംഗാണിത്" എന്ന് അദ്ദേഹം കുറിച്ചു. തങ്ങളുടെ പ്രേക്ഷകരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് ദിപ്കെ അവകാശപ്പെട്ടു. "94 ശതമാനത്തിലധികം പ്രേക്ഷകരും ഇന്ത്യയിൽ നിന്നാണ്" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒരു കേന്ദ്രമന്ത്രിയായ കിരൺ റിജിജു എന്തിനാണ് ഇന്ത്യൻ യുവാക്കളെ പാകിസ്‌ഥാനികളായി ചിത്രീകരിക്കുന്നത്?" എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. ഇതിനുമുമ്പ്, കേന്ദ്രമന്ത്രി കിരൺ റിജിജു, കോക്രോച്ച് ജനതാ പാർട്ടിയെ ലക്ഷ്യമിട്ട് രൂക്ഷമായ ഭാഷയിൽ ഒരു പോസ്‌റ്റ് പങ്കുവെച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പാകിസ്‌ഥാനിലെയും ജോർജ് സോറോസിന്റെ സംഘത്തിലെയും അനുയായികളെ തേടിപ്പോകുന്നവരോട് എനിക്ക് സഹതാപം തോന്നുന്നു" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാറും ഈ പ്ലാറ്റ്ഫോമിന് പാകിസ്ഥാനിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ആരോപിച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിജെപി എന്ന കോക്രോച്ച് ജനതാ പാർട്ടിയ്ക്ക് എതിരെ ബിജെപി നേതാക്കൾ വിമർശനം വ്യാപകമാക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
'കോക്രോച്ച് ജനതാ പാർട്ടിയുടെ സമൂഹമാധ്യമങ്ങളിലെ 49 ശതമാനം ഫോളോവേഴ്‌സ് പാകിസ്ഥാനിൽ നിന്നാണ്, എന്നാൽ 9 ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്നുള്ളവർ' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും ലക്ഷ്യമിടാനുമുള്ള അതിർത്തി കടന്നുള്ള സ്വാധീന നടപടിയുടെ ഭാഗമാണ് സിജെപിയെന്ന് കേരള ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ആരോപിച്ചു.
'സമൂഹമാധ്യമങ്ങളും ബോട്ടുകളും നിർമിത ബുദ്ധിയും (എഐ) അവയുടെ ആയുധവൽക്കരണവും നിറഞ്ഞ ഈ കാലഘട്ടത്തിൽ, വ്യാജവും സ്വാഭാവികമെന്ന് തോന്നിക്കുന്നതുമായ കെട്ടുകഥകൾ സൃഷ്‌ടിച്ച് അസ്ഥിരപ്പെടുത്തുന്നതിനുള്ള അപകടകരവും ഫലപ്രദവുമായ മാർഗ്ഗങ്ങളാണ് ഇത്തരം സ്വാധീന പ്രവർത്തനങ്ങൾ' എന്ന് നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.
പ്രതിപക്ഷത്തിലെ ചില വിഭാഗങ്ങൾ ഈ പ്രചാരണം ഊട്ടിയുറപ്പിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയും ആധുനികവൽക്കരണവും പല രാജ്യങ്ങളിലും അസന്തുഷ്‌ടിയുണ്ടാക്കുമെന്നും നമ്മുടെ തുടർച്ചയായ മുന്നേറ്റത്തിന് നിരവധി തടസ്സങ്ങൾ ഉണ്ടാകുമെന്നും ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു അഭിഭാഷകന് സീനിയർ പദവി നൽകുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കവെ, ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് നടത്തിയതായി ആരോപിക്കപ്പെടുന്ന പരാമർശങ്ങളെത്തുടർന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി' എന്ന കൂട്ടായ്‌മയുടെ ഉത്ഭവം. അതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ പല ഭീഷണികളും വന്നതായും ഒന്നിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നടപടി നേരിട്ടതായും സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു.












Click it and Unblock the Notifications