അഭിജീത് ദിപ്കെ അടക്കമുള്ളവർ ഇപ്പോഴും കാണാമറയത്ത്; ഞായറാഴ്‌ച ജന്തർ മന്തറിലേക്ക് സിജെപി ആഹ്വാനം
ന്യൂഡൽഹി: സ്ഥാപകൻ അഭിജീത് ദിപ്കെയെയും സഹ കൺവീനർമാരായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെയും ഡൽഹി പോലീസ് കസ്‌റ്റഡിയിലെടുത്തതിന് പിന്നാലെ, ഞായറാഴ്‌ച വീണ്ടും ജന്തർ മന്തറിലേക്ക് മാർച്ച് നടത്താൻ ആഹ്വാനം ചെയ്‌ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ശനിയാഴ്‌ച കസ്‌റ്റഡിയിലെടുത്ത മൂന്ന് നേതാക്കളുമായും ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പാർട്ടി അറിയിച്ചു.
ശനിയാഴ്‌ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് മൂന്ന് നേതാക്കളെയും പോലീസ് കസ്‌റ്റഡിയിലെടുത്തത്. പത്ത് മണിക്കൂറിലേറെയായി ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും സിജെപി വ്യക്തമാക്കി.

മുതിർന്ന നേതാക്കൾ കസ്‌റ്റഡിയിലായതോടെ പ്രതിഷേധത്തിന്റെ ഏകോപനച്ചുമതല സിജെപി നേതാവ് അജിൻക്യ ഷിൻഡെ ഏറ്റെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്‌ച രാവിലെ പത്ത് മണിക്ക് ജന്തർ മന്തറിൽ വീണ്ടും ഒത്തുചേരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ശനിയാഴ്‌ച പ്രതിഷേധം തടയുന്നതിനായി ഡൽഹി പോലീസ് നടത്തിയ നടപടികളിൽ മൂവായിരത്തിലധികം പേരെ കസ്‌റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. പ്രതിഷേധത്തിന് അനുമതി നിഷേധിച്ച പോലീസ്, സുരക്ഷാ പ്രശ്‌നങ്ങളും ക്രമസമാധാന ആശങ്കകളും ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിഷേധം തടയുന്നതിനായി തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
ഡൽഹിയിലുടനീളം ഇരുപതിനായിരത്തിലധികം പോലീസുകാരെയും കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളെയും വിന്യസിച്ചു. ജന്തർ മന്തറിന് സമീപമുള്ള സുരക്ഷാപ്രധാന മേഖലയിൽ മാത്രം ഏകദേശം 6500 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. വിവിധ സ്ഥലങ്ങളിൽ ബാരിക്കേഡുകളും പരിശോധനാ കേന്ദ്രങ്ങളും സ്ഥാപിച്ചു. ആളുകളെ കസ്‌റ്റഡിയിലെടുത്ത് പാർപ്പിക്കാനുള്ള കേന്ദ്രങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിരുന്നു.
കണോട്ട് പ്ലേസിൽ ഒത്തുകൂടിയ ഏകദേശം 150 പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ക്രിമിനൽ പശ്ചാത്തലമുള്ളവരെന്ന് പോലീസ് വിശേഷിപ്പിച്ച 600ലധികം പേരെയും മുൻകരുതൽ നടപടിയുടെ ഭാഗമായി കസ്‌റ്റഡിയിലെടുത്തു. സുരക്ഷാ നിയന്ത്രണങ്ങൾ ഡൽഹിയിലെ പൊതുഗതാഗതത്തെയും യാത്രയെയും ബാധിച്ചു.
നിരവധി മെട്രോ സ്‌റ്റേഷനുകൾ അടയ്ക്കുകയും ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്‌തിരുന്നു. ജൻപഥ്, കർത്തവ്യപഥ് മേഖലകൾക്ക് ചുറ്റുമുള്ള നാല് കിലോമീറ്റർ പരിധിയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. ഡൽഹി നോയിഡ അതിർത്തിയിലും സുരക്ഷ ശക്തമാക്കി. ചില്ല അതിർത്തിയിലുൾപ്പെടെ പരിശോധനകൾ ഏർപ്പെടുത്തിയിരുന്നു. നാളെയും സുരക്ഷ ഇതേപടി തുടരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.


Click it and Unblock the Notifications
