'3049 സിഐഎസ്എഫ് തസ്തികകൾ നിർത്തലാക്കിയത് യുവതയോടുള്ള വെല്ലുവിളി': വി ശിവദാസൻ എംപി
ദില്ലി: 3,049 സിഐഎസ്എഫ് വ്യോമയാന സുരക്ഷാ തസ്തികകൾ നിർത്തലാക്കിയതിന് എതിരെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി സിപിഎം എംപി ഡോ. വി ശിവദാസൻ. സ്വകാര്യവത്ക്കരണത്തിനുളള നീക്കം തൊഴിൽരഹിതരോടുളള വെല്ലുവിളി ആണെന്ന് വി ശിവദാസൻ കുറ്റപ്പെടുത്തി. രാജ്യത്തെ യുവാക്കളുടെ സ്ഥിരം തൊഴിൽ ഒരു വിദൂര സ്വപ്നമാക്കി മാറ്റുകയാണ് സർക്കാർ ചെയ്യുന്നത് എംപി ആരോപിച്ചു.
വി ശിവദാസൻ എംപിയുടെ കുറിപ്പ്: ' 3049 സി.ഐ.എസ്.എഫ് തസ്തികകൾ നിർത്തലാക്കിയ നടപടി യുവതയോടുള്ള വെല്ലുവിളി. ഇന്ത്യൻ വിമാനത്താവളങ്ങളിലെ 3,049 സിഐഎസ്എഫ് വ്യോമയാന സുരക്ഷാ തസ്തികകൾ യൂണിയൻ സർക്കാർ നിർത്തലാക്കി. സി.ഐ.എസ്.എഫ് നിർവഹിച്ചിരുന്ന ഡ്യൂട്ടി സ്വകാര്യവത്കരിക്കാൻ ആണ് നീക്കം. സ്ഥിരം തൊഴിൽ തേടുന്ന രാജ്യത്തെ തൊഴിൽരഹിതരോടുള്ള വെല്ലുവിളിയാണിത്.

ഏറ്റവും ലാഭകരമായ എയർ പോർട്ടുകൾ എല്ലാം കുത്തക കുടുംബത്തിന് കൈമാറിയ ശേഷം, സുരക്ഷ കൂടി സ്വകാര്യവത്കരിക്കാനുള്ള നീക്കം യാതൊരു നീതീകരണവും ഇല്ലാത്തതാണ്. സ്വകാര്യസുരക്ഷാ ഏജൻസികൾ മിനിമം വേതനം പോലും നൽകാതെയാണ് പ്രവർത്തിക്കുന്നത്. തൊഴിൽ നിയമങ്ങളുടെയെല്ലാം നഗ്നമായ ലംഘനം ആണ് മിക്ക ഏജൻസികളും നടത്തുന്നത്. അഗ്നിപഥ് വഴി സായുധ സേനകളുടെ കരാർവൽക്കരണം ഒരു ഭാഗത്തു നടക്കുകയാണ്.
നമ്മുടെ രാജ്യത്തെ യുവാക്കളുടെ സ്ഥിരം തൊഴിൽ ഒരു വിദൂര സ്വപ്നമാക്കി മാറ്റുകയാണ് സർക്കാർ ചെയ്യുന്നത്. നിർത്തലാക്കിയ 3,049 തസ്തികകൾ സിഐഎസ്എഫിന്റെ ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പിന്റെ മൊത്തം തസ്തികകളുടെ 10 ശതമാനത്തിനടുത്താണ്. നമ്മുടെ സായുധ സേനയിൽ ഇതിനകം 1,27000ഓളം ഒഴിവുകൾ ഉണ്ട്. അവ സ്ഥിരമായി നികത്താൻ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനുപകരം, തസ്തികകൾ നിർത്തലാക്കാനുള്ള നീക്കം ഇന്ത്യൻ യുവതയോടുള്ള വെല്ലുവിളിയാണ്.
നീലയിൽ കൂൾ ലുക്കിൽ മീര ജാസ്മിൻ, താരത്തിന്റെ ഗ്ലാമറസ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
വ്യോമഗതാഗതം കൂടുതൽ ജനകീയമാവുകയും പുതിയ വിമാനത്താവളങ്ങൾ വരുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ, വ്യോമയാന സുരക്ഷ കൈകാര്യം ചെയ്യുന്ന അർദ്ധസൈനികരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം നമ്മുടെ വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്ക് ഹാനികരമായ നീക്കമാണ്. ഈ നീക്കം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂണിയൻ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി'.












Click it and Unblock the Notifications